യു.കെ.വാര്‍ത്തകള്‍

സോഷ്യല്‍ കെയര്‍ മേഖലയെ രക്ഷിക്കാന്‍ വിവാദ 'ഡെത്ത് ടാക്‌സ്' പരിഗണിക്കുമെന്ന് ബേണ്‍ഹാം

മുതിര്‍ന്നവര്‍ക്കുള്ള സോഷ്യല്‍ കെയര്‍ സംവിധാനം പരിഷ്‌കരിക്കുന്നതിനായി പാരമ്പര്യ സ്വത്തിന്മേല്‍ പുതിയ നികുതി ഏര്‍പ്പെടുത്തുന്ന ആശയം പരിഗണിക്കാമെന്ന സൂചന നല്‍കി പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാം. അധികാരമേറ്റ മണിക്കൂറുകള്‍ക്കുള്ളിലാണ് ബേണ്‍ഹാമിന്റെ ഈ പരാമര്‍ശം രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചത്.

ഡൗണിംഗ് സ്ട്രീറ്റില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ച ബേണ്‍ഹാം, രാജ്യത്തെ സോഷ്യല്‍ കെയര്‍ സംവിധാനം 'തകര്‍ന്ന നിലയിലാണെന്നും' അത് പരിഹരിക്കാന്‍ രാഷ്ട്രീയമായി ഏതു വില കൊടുക്കാനും തയാറാണെന്നും പറഞ്ഞു.

2010-ല്‍ ഗോര്‍ഡന്‍ ബ്രൗണ്‍ സര്‍ക്കാരില്‍ ആരോഗ്യ സെക്രട്ടറിയായിരിക്കെ അവതരിപ്പിച്ച പദ്ധതിയെ അദ്ദേഹം പരാമര്‍ശിച്ചു. അന്ന്, ഏകദേശം 3.6 ബില്യണ്‍ പൗണ്ടിന്റെ ദേശീയ സോഷ്യല്‍ കെയര്‍ സംവിധാനം ആരംഭിക്കാന്‍ പാരമ്പര്യ സ്വത്തിന്മേല്‍ 10 ശതമാനം നികുതി ഏര്‍പ്പെടുത്തുന്ന നിര്‍ദേശമായിരുന്നു മുന്നോട്ടുവച്ചത്. അന്നത്തെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ഈ പദ്ധതിയെ 'ഡെത്ത് ടാക്‌സ്' എന്ന് വിശേഷിപ്പിച്ച് ശക്തമായി എതിര്‍ത്തിരുന്നു.

ഈ വിഷയത്തില്‍ എന്റെ രാഷ്ട്രീയ മൂലധനത്തിന്റെ ഒരു ഭാഗം ചെലവഴിക്കാന്‍ ഞാന്‍ തയ്യാറാണ്. വെസ്റ്റ്മിന്‍സ്റ്റര്‍ വര്‍ഷങ്ങളായി ചെയ്തതുപോലെ ഒന്നും ചെയ്യാതെ പദവി വിടാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എത്രപേര്‍ക്കാണ് വീടുകളും സമ്പാദ്യങ്ങളും നഷ്ടമായത്. ഈ പ്രശ്‌നത്തെ നേരിട്ട് പരിഹരിക്കേണ്ട സമയമാണിത്.'ബേണ്‍ഹാം വ്യക്തമാക്കി.

ബ്രിട്ടനില്‍ എന്‍.എച്ച്.എസ് ചികിത്സ സൗജന്യമായിരുന്നാലും, സാമൂഹിക പരിചരണ സേവനങ്ങള്‍ സൗജന്യമല്ല. 23,250 പൗണ്ടില്‍ കൂടുതല്‍ സമ്പാദ്യമുള്ളവര്‍ക്ക് പ്രാദേശിക കൗണ്‍സിലുകളുടെ സാമ്പത്തിക സഹായത്തിന് സാധാരണയായി അര്‍ഹതയില്ല. അതിനാല്‍ പലര്‍ക്കും പരിചരണച്ചെലവ് വഹിക്കാന്‍ സ്വന്തം വീട് വരെ വില്‍ക്കേണ്ട സാഹചര്യം ഉണ്ടാകാറുണ്ട്.

സ്വന്തം പിതാവ് റോയ് ബേണ്‍ഹാം അല്‍ഷൈമേഴ്സ് രോഗത്തിന്റെ ഗുരുതര ഘട്ടത്തിലാണെന്നും, താന്‍ പ്രധാനമന്ത്രിയായ വിവരം പോലും അദ്ദേഹത്തിന് തിരിച്ചറിയാനാകാത്ത അവസ്ഥയാണെന്നും ബേണ്‍ഹാം വികാരാധീനനായി പറഞ്ഞു. ഈ വ്യക്തിപരമായ അനുഭവവും സാമൂഹിക പരിചരണ മേഖലയില്‍ അടിയന്തര പരിഷ്‌കരണം അനിവാര്യമാണെന്ന തന്റെ നിലപാടിനെ ശക്തിപ്പെടുത്തുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാഷ്ട്രീയത്തോടുള്ള ജനങ്ങളുടെ നിരാശ അവസാനിപ്പിച്ച് യഥാര്‍ഥ മാറ്റം കൊണ്ടുവരേണ്ട സമയമാണിതെന്ന് ബേണ്‍ഹാം പറഞ്ഞു.ദീര്‍ഘകാലമായി സമൂഹങ്ങള്‍ നേരിടുന്ന വെല്ലുവിളികള്‍ക്ക് പരിഹാരം കാണുമെന്നും, പ്രത്യേകിച്ച് താച്ചര്‍ ഭരണകാലം മുതല്‍ നിലനില്‍ക്കുന്ന സാമൂഹിക-സാമ്പത്തിക ആഘാതങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ജീവിതച്ചെലവിന്റെ പ്രതിസന്ധി നേരിടുന്ന ജനങ്ങള്‍ക്ക് ആശ്വാസം നല്‍കുന്ന നടപടികള്‍ ചൊവ്വാഴ്ച പ്രഖ്യാപിക്കുമെന്നും ബേണ്‍ഹാം അറിയിച്ചു. വൈദ്യുതി ബില്ലുകള്‍ കുറയ്ക്കുന്നതിനും ബസ് നിരക്കുകള്‍ ഇളവ് ചെയ്യുന്നതിനുമുള്ള പൂര്‍ണ ധനസഹായത്തോടെയുള്ള പദ്ധതികള്‍ ഇതില്‍ ഉള്‍പ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

സമ്പദ് വ്യവസ്ഥയെക്കുറിച്ച് പ്രതികരിച്ച ബേണ്‍ഹാം, അടിസ്ഥാന സൗകര്യ വികസനത്തിനായി കൂടുതല്‍ നിക്ഷേപം നടത്തുന്നതിന് നിലവിലെ ധനകാര്യ ചട്ടങ്ങളില്‍ അനുവദനീയമായ ഇളവുകള്‍ പരിശോധിക്കുമെന്നും, എന്നാല്‍ സാമ്പത്തിക കാര്യങ്ങളില്‍ 'വളരെ ജാഗ്രതയോടെയുള്ള സമീപനം' സ്വീകരിക്കുമെന്നും പറഞ്ഞു.

  • ലൈംഗിക തൊഴിലാളിയെ കുത്തിക്കൊന്നു; ഇന്ത്യന്‍ സ്റ്റുഡന്റ് വിസക്കാരന് 28 വര്‍ഷം ജയില്‍
  • യുകെയില്‍ വീണ്ടും നിക്ഷേപക വിസ കൊണ്ടുവരാന്‍ ആലോചന
  • ബജറ്റില്‍ ഉയര്‍ന്ന നികുതികള്‍ക്ക് പദ്ധതി; ബാങ്കിംഗ് മേഖല കടുത്ത ആശങ്കയില്‍
  • ഇംഗ്ലണ്ടിലെ ആറ് മേഖലകള്‍ കടുത്ത വരള്‍ച്ചയില്‍; കുടിവെള്ള വിതരണം പ്രതിസന്ധിയില്‍
  • വനിതകളുടെ ആശുപത്രി വാര്‍ഡുകളില്‍ ട്രാന്‍സ് സ്ത്രീകള്‍ക്ക് വിലക്ക് പ്രഖ്യാപിച്ച് എന്‍എച്ച്എസ്
  • അമിത ലഹരിയില്‍ ലണ്ടനിലെ തെരുവില്‍ യുഎഇ രാജകുടുംബാംഗം; ശിക്ഷ വിധിച്ച് കോടതി
  • ഈ മാസം 2000 തടവുകാര്‍ പുറത്തുകടക്കും; ആശങ്കയില്‍ ജനം
  • സ്‌കൂള്‍ പാഠ്യ പദ്ധതിയില്‍ സ്പീക്കിങ് സ്‌കില്‍സും; വീണ്ടും മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍
  • ലണ്ടന് പുറത്ത് വാടക നിരക്കുകള്‍ ആദ്യമായി 1400 പൗണ്ട് കടന്നു; തലസ്ഥാനത്ത് താമസം അസാധ്യം
  • ബെനഫിറ്റ് തട്ടിപ്പ്: ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിക്കാന്‍ സര്‍ക്കാരിന് അനുമതി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions