ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിയ്ക്ക് മുന്നിലെ പ്രതിഷേധത്തിനിടെ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ ബലമായി കസ്റ്റഡിയിലെടുത്ത് പൊലീസ്. രാഹുല്‍ ഗാന്ധിയ്ക്ക് നേരെ പൊലീസിന്റെ ബലപ്രയോഗമുണ്ടായി. രാഹുല്‍ ഗാന്ധി പിടിവലിക്കിടെ നിലത്തുവീണു. രാഹുലിനെ വലിച്ചിഴച്ച് വാഹനത്തില്‍ കയറ്റാനാണ് പൊലീസ് ശ്രമിച്ചത്. പിടിവലിക്കിടെ രാഹുല്‍ ഗാന്ധിക്ക് പരിക്കേറ്റു. രാഹുലിന്റെ മൂക്കിനാണ് പരിക്കേറ്റത്. രക്തമൊലിപ്പിച്ച മുഖവുമായി രാഹുല്‍ പൊലീസ് വാഹനത്തിലിരിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. 'ഇതാണ് ഇന്ത്യയിലെ ജനാധിപത്യം' എന്നാണ് ബലം പ്രയോഗിച്ച് തന്നെ നീക്കാന്‍ ശ്രമിക്കുന്നതിനിടെ രാഹുല്‍ ഗാന്ധി പറഞ്ഞത്.
പിന്നാലെ പ്രധാനമന്ത്രിക്കെതിരെ പരിഹാസവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെയായിരുന്നു പരിഹാസം. 'ഭയചകിതനായ പ്രധാനമന്ത്രി' എന്ന തലക്കെട്ടോടെയാണ് കോണ്‍ഗ്രസ് നരേന്ദ്രമോദിയുടെ ചിത്രം പങ്കുവെച്ചത്. നരേന്ദ്രമോദി ഒരു കര്‍ട്ടന് പിന്നില്‍ മറഞ്ഞുനില്‍ക്കുന്ന ചിത്രവും രാഹുല്‍ ഗാന്ധിയുടെ ഇന്നത്തെ ഡല്‍ഹിയിലെ പ്രതിഷേധത്തിനിടെയുളള ചിത്രവും ചേര്‍ത്താണ് കോണ്‍ഗ്രസിന്റെ പോസ്റ്റ്
കെ സി വേണുഗോപാല്‍ ഉള്‍പ്പെടെയുളള എംപിമാരെ വലിച്ചിഴച്ചാണ് കസ്റ്റഡിയിലെടുത്ത് കൊണ്ടുപോയത്. ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവും രാഹുല്‍ ഗാന്ധിക്കൊപ്പം പ്രതിഷേധ സ്ഥലത്തുണ്ടായിരുന്നു. അഖിലേഷിനെയും പൊലീസ് ബലംപ്രയോഗിച്ച് നീക്കാന്‍ ശ്രമിക്കുകയാണ്. പ്രിയങ്കാ ഗാന്ധിയെയും ബലംപ്രയോഗിച്ച് നീക്കം ചെയ്യാന്‍ ശ്രമം നടത്തി.
കേന്ദ്രസര്‍ക്കാരിനോട് പ്രധാനമായും അഞ്ച് ആവശ്യങ്ങളാണ് കോണ്‍ഗ്രസ് ഉന്നയിച്ചത്. നീറ്റ് പരീക്ഷയെഴുതി ജീവനൊടുക്കിയ വിദ്യാര്‍ത്ഥികളുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണം, പാര്‍ലമെന്റില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഈ വിഷയത്തില്‍ പ്രതികരിക്കണം, വിദ്യാഭ്യാസ മന്ത്രി ഉടന്‍ രാജിവയ്ക്കണം, വിദ്യാര്‍ത്ഥികള്‍ക്കെതിരായ പൊലീസ് അതിക്രമത്തില്‍ അന്വേഷണം വേണം, പാര്‍ലമെന്റ് നിര്‍ത്തിവെച്ച് വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യണം എന്നിവയാണ് കോണ്‍ഗ്രസ് ഉന്നയിച്ച ആവശ്യങ്ങള്‍.
ചോദ്യപേപ്പര്‍ ക്രമക്കേടും വിദ്യാര്‍ഥി പ്രതിഷേധത്തിന് എതിരായ പൊലീസ് നടപടിയും പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യണമെന്ന ആവശ്യം, കേന്ദ്രം അംഗീകരിക്കാതെ വന്നതോടെയാണ് അസാധാരണ പ്രതിഷേധത്തിന് കോണ്‍ഗ്രസ് തുനിഞ്ഞിറങ്ങിയത്. കേന്ദ്ര സര്‍ക്കാരിനെതിരെ സിജെപി പ്രതിഷേധം തുടരുന്നതിനിടെയാണ് പ്രതിപക്ഷവും സമരമുഖത്തേക്ക് എത്തിയത്.