സര്‍ക്കാരിനും ജനങ്ങള്‍ക്കും ആശ്വാസം നല്‍കി യുകെയുടെ പണപ്പെരുപ്പം കുത്തനെ താഴ്ന്നു. പണപ്പെരുപ്പം ജൂണില്‍ പ്രതീക്ഷകള്‍ മറികടന്ന് 2.6 ശതമാനത്തിലേക്ക് താഴ്ന്നു. ജീവിതച്ചെലവ് പ്രതിസന്ധി നേരിടാനുള്ള ആന്‍ഡി ബേണ്‍ഹാമിന്റെ പദ്ധതികള്‍ക്ക് ഊര്‍ജ്ജമേകുന്നതാണ് കണക്കുകള്‍.
കുടുംബങ്ങളുടെ കൈയിലേക്ക് കൂടുതല്‍ വരുമാനം എത്തിക്കാന്‍ നടപടി ഉണ്ടാകുമെന്നും, സമ്പദ് വ്യവസ്ഥ മെച്ചപ്പെടുത്തുമെന്നുമാണ് പുതിയ പ്രധാനമന്ത്രിയുടെ വാഗ്ദാനം. ഇതിന്റെ ഭാഗമായാണ് ഇലക്ട്രിസിറ്റി ബില്ലിലെ വാറ്റ് റദ്ദാക്കുകയും, ഇംഗ്ലണ്ടിലെ ബസ് നിരക്കുകള്‍ക്ക് ക്യാപ്പ് ഏര്‍പ്പെടുത്താനും ബേണ്‍ഹാം തീരുമാനിച്ചത്.
ഇതിനിടെയാണ് പണപ്പെരുപ്പം 2.6 ശതമാനത്തിലേക്ക് താഴ്ന്നത്. മിഡില്‍ ഈസ്റ്റ് സംഘര്‍ഷം അനിശ്ചിതാവസ്ഥ സമ്മാനിക്കുന്നതിനിടെയാണ് ഈ ഇടിവ്. ഭക്ഷ്യവിലയും, വസ്ത്രങ്ങളുടെ വിലയും താഴ്ന്നതാണ് പ്രധാനമായും ഇതിലേക്ക് സംഭാവന ചെയ്തതെന്ന് ഒഎന്‍എസ് പറയുന്നു.
കുടുംബങ്ങള്‍ കേള്‍ക്കാന്‍ ആഗ്രഹിച്ച വാര്‍ത്തയാണ് ഇതെന്ന് പുതിയ ചാന്‍സലര്‍ ജോണ്‍ ഹീലി പ്രതികരിച്ചു. എന്നാല്‍ പണപ്പെരുപ്പം 2 ശതമാനത്തിന് മുകളില്‍ നില്‍ക്കുന്നതിന് പിന്നില്‍ ലേബര്‍ ഗവണ്‍മെന്റിന്റെ വീഴ്ചയാണെന്ന് ഷോഡോ ചാന്‍സലര്‍ മെല്‍ സ്‌ട്രൈഡ് കുറ്റപ്പെടുത്തി.
അടിസ്ഥാന പലിശ നിരക്കുകള്‍ 3.75 ശതമാനത്തില്‍ നിലനിര്‍ത്തിയിരിക്കുകയാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട്. യുകെയുടെ പണപ്പെരുപ്പം 2.8 ശതമാനത്തിലാണ് മെയ് മാസം എത്തയത്. മിഡില്‍ ഈസ്റ്റ് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഉയര്‍ന്ന ചെലവുകളാണ് ഈ വര്‍ഷം ഉപഭോക്താക്കളെ കാത്തിരിക്കുന്നതെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍ ആന്‍ഡ്രൂ ബെയ്‌ലി മുന്നറിയിപ്പ് നല്‍കി.