ലിവര്‍പൂളിന് സമീപം വെള്ളിയാഴ്ച്ച പുലര്‍ച്ചെ കാര്‍ ഇലക്ട്രിക് പോസ്റ്റിലിടിച്ചുണ്ടായ അപകടത്തില്‍ 20 കളില്‍ പ്രായം ഉള്ള നാല് യുവാക്കള്‍ മരണമടഞ്ഞു. മേഴ്‌സിസൈഡിലെ ഹ്യൂടന്‍ പ്രദേശത്ത് രാവിലെ രണ്ട് മണിയോടെയായിരുന്നു റോഡില്‍ നിന്നും തെന്നിമാറിയ കാര്‍ പോസ്റ്റില്‍ ഇടിച്ച് അപകടമുണ്ടായത്. വിവരമറിഞ്ഞ് എമര്‍ജന്‍സി വിഭാഗം ഉടനടി സ്ഥലത്ത് എത്തി. 23 വയസുള്ള രണ്ട് പുരുഷന്മാരും, 24 ഉം 26 ഉം വയസുള്ള മറ്റ് രണ്ട് പുരുഷന്മാരുമാണ് സംഭവസ്ഥലത്ത് വെച്ചു തന്നെ മരണമടഞ്ഞത്.
അതേ കാറില്‍ തന്നെ യാത്ര ചെയ്തിരുന്ന മറ്റൊരു 27 കാരനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാളുടെ നില തൃപ്തികരമായി തുടരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇടിയുടെ ആഘാതത്തില്‍ കാര്‍ രണ്ടായി പിളരുകയും പല സ്‌പെയര്‍പാര്‍ട്ട്‌സുകളും റോഡിലേക്ക് ചിതറിത്തെറിക്കുകയും ചെയ്തിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് സമീപത്തെ ചില റോഡുകളിലും പോലീസ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അപകട കാരണത്തെ കുറിച്ച് അന്വേഷണം നടക്കുകയാണ്‍- ഫൊറെന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി.