കോവിഡ് കാലത്തിനുശേഷമുള്ള ഏറ്റവും ഉയര്‍ന്ന എ-ലെവല്‍ ഗ്രേഡുകള്‍ ആവും ഇക്കുറിയെന്നു റിപ്പോര്‍ട്ടുകള്‍. ഈ വര്‍ഷത്തെ എ-ലെവല്‍ ഫലങ്ങള്‍ റെക്കോര്‍ഡ് സൃഷ്ടിക്കുമെന്നാണ് പ്രവചനം.
ബക്കിംഗ്ഹാം യൂണിവേഴ്‌സിറ്റിയില്‍ നടത്തിയ നിരീക്ഷണത്തിലാണ് പത്തില്‍ മൂന്ന് എന്‍ട്രികള്‍ക്കും ചുരുങ്ങിയത് ഒരു എ'യെങ്കിലും ലഭിക്കുമെന്നും, പത്തിലൊന്ന് പേര്‍ക്ക് എ* ലഭിക്കുമെന്നും വ്യക്തമായത്. അതേസമയം ടോപ്പ് ഗ്രേഡുകളില്‍ ആണ്‍കുട്ടികള്‍ പെണ്‍കുട്ടികള്‍ക്ക് എതിരായ ലീഡ് ഉയര്‍ത്തുമെന്നും പ്രവചനം കൂട്ടിച്ചേര്‍ക്കുന്നു.
വരുന്ന വ്യാഴാഴ്ചയാണ് ബ്രിട്ടന്റെ എ-ലെവല്‍ ഫലങ്ങള്‍ പുറത്തുവരുന്നത്. ഇതനുസരിച്ചാകും യൂണിവേഴ്‌സിറ്റിയില്‍ സീറ്റ് ലഭിക്കുമോയെന്ന കാര്യത്തില്‍ സ്ഥിരീകരണം വരുക. തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ടോപ്പ് ഗ്രേഡുകളുടെ കാര്യത്തില്‍ വര്‍ദ്ധന വരുമെന്നാണ് ബക്കിംഹ്ഹാമിലെ സെന്റര്‍ ഫോര്‍ എഡ്യുക്കേഷന്‍ & എംപ്ലോയ്‌മെന്റ് റിസേര്‍ച്ചിന്റെ റിപ്പോര്‍ട്ട്.
അതേസമയം, മാര്‍ക്ക് ദാനമല്ല ഇതിന് കാരണമെന്നും ഗവേഷകര്‍ പറയുന്നു. മറിച്ച് മാത്സ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പ്രീതിയാര്‍ജ്ജിക്കുന്നതാണ് ഈ ട്രെന്‍ഡിന് ഇടയാക്കുന്നത്. ഇതാണ് മറ്റ് വിഷയങ്ങളെ അപേക്ഷിച്ച് കൂടുതല്‍ എ, എ* എന്നിവ ലഭിക്കാന്‍ കാരണമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.