ബ്രിട്ടന്‍ ഈ സീസണിലെ അഞ്ചാം ഉഷ്ണതരംഗത്തിലേക്ക് നീങ്ങുന്നതായി മുന്നറിയിപ്പ്. ഈയാഴ്ച താപനില 36 സെല്‍ഷ്യസ് കടക്കുമെന്നാണ് കരുതുന്നത്. ഇതുമൂലം റെയില്‍വെ ലൈനുകള്‍ക്കും, പവര്‍ ശൃംഖലകള്‍ക്കും തടസ്സങ്ങള്‍ നേരിടാന്‍ സാധ്യതയുണ്ട്. ഇതോടെ ഉഷ്ണ കാലാവസ്ഥയ്ക്കുള്ള അപൂര്‍വ്വമായി പുറപ്പെടുവിക്കുന്ന ആംബര്‍, റെഡ് എക്‌സ്ട്രീം അലേര്‍ട്ടുകള്‍ നല്‍കാനുള്ള ആലോചനയിലാണ് മെറ്റ് ഓഫീസ്.
അസാധാരണമായ രീതിയില്‍ രാജ്യം ചുട്ടുപഴുക്കുന്ന അവസ്ഥയാണ്. പല ഭാഗത്തും കനത്ത വരള്‍ച്ച അനുഭവപ്പെടുന്നുണ്ട്. ഇതിനിടയിലാണ് രാജ്യത്തിന്റെ പല ഭാഗങ്ങളും അഞ്ചാം ഉഷ്ണതരംഗത്തിലേക്ക് കടക്കുന്നത്.
ചൊവ്വാഴ്ച വീണ്ടും ഉയരാന്‍ തുടങ്ങുമെന്നാണ് മുന്നറിയിപ്പ്. ബുധനാഴ്ചയോടെ 35 സെല്‍ഷ്യസിലേക്ക് താപനില ഉയരാം. ഇംഗ്ലണ്ടിലും, വെയില്‍സിലും കനത്ത ചൂട് അനുഭവപ്പെടുമെന്നാണ് മുന്നറിയിപ്പ്.
വ്യാഴാഴ്ചയാകും ആഴ്ചയിലെ ഏറ്റവും ചൂടേറിയ ദിനമെന്നാണ് നിലവിലെ പ്രതീക്ഷ. വെയില്‍സും, ഇംഗ്ലണ്ടിലെ പകുതിയോളം ഇടങ്ങളും വരള്‍ച്ചയിലാണ്.
1995ല്‍ രേഖപ്പെടുത്തിയ റെക്കോര്‍ഡിനൊപ്പമാണ് ഇതോടെ 2026ലെ വേനല്‍ക്കാലം എത്തിയത്.
ജൂലൈ മാസത്തില്‍ സാധാരണ ലഭിക്കേണ്ട മഴയുടെ വെറും 7 ശതമാനം മാത്രമാണ് ലഭിച്ചത്. ദക്ഷിണ ഇംഗ്ലണ്ടിലെ ചില ഭാഗങ്ങളില്‍ ഇത് 1 ശതമാനമായി ചുരുങ്ങി. ഡെവണിലെ ചില പ്രദേശങ്ങളില്‍ 50 ദിവസത്തിലേറെയായി കാര്യമായ മഴ ലഭിച്ചിട്ടില്ല. രാജ്യത്തെ ജലസംഭരണികളിലെ ജലനിരപ്പ് ഈ സമയത്തെ ശരാശരിയേക്കാള്‍ 7.4 ശതമാനം താഴെയാണെന്നും, ഏകദേശം പകുതിയോളം റിസര്‍വോയറുകള്‍ സാധാരണ നിലയില്‍ താഴെയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
മഴക്കുറവിന്റെ ആഘാതം നദികളിലും പ്രകടമാണ്. ഇംഗ്ലണ്ടിലെ 78 ശതമാനം നദികളിലും ജലനിരപ്പ് സാധാരണയേക്കാള്‍ താഴെയായപ്പോള്‍ 17 ശതമാനം നദികള്‍ അതീവ ഗുരുതര നിലയിലാണ്.
ഈ വര്‍ഷത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ ഹീറ്റ് വേവ് കാലയളവാണിത്. മെയ് അവസാനത്തിലും ജൂണിലും ജൂലൈയിലും യുകെ മൂന്ന് ഹീറ്റ് വേവുകള്‍ ഇതിനകം അനുഭവിച്ചിരുന്നു.
ഈസ്റ്റ് ആംഗ്ലിയ, ലണ്ടന്‍ ഉള്‍പ്പെടെയുള്ള തേംസ് താഴ്വര, ഹാംപ്‍ഷയര്‍, ഡെവണ്‍ - കോണ്‍വാള്‍, വെസ്റ്റ് മിഡ്‌ലാന്‍ഡ്സ്, വെസെക്സ് തുടങ്ങിയ ഏഴ് മേഖലകളെ എന്‍വയോണ്‍മെന്റ് ഏജന്‍സി വരള്‍ച്ച ബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ചിരുന്നു. തുടര്‍ച്ചയായ രണ്ടാം വര്‍ഷവും വേനല്‍ക്കാല വരള്‍ച്ച നേരിടുന്നത് പരിസ്ഥിതിക്കും വന്യജീവികള്‍ക്കും സമ്പദ്‌വ്യവസ്ഥയ്ക്കും ഗുരുതര പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി.