നാട്ടുവാര്‍ത്തകള്‍

67 കാരന്റെ കൊലപാതകം: കൗമാര സംഘം പദ്ധതിയിട്ടത് വാട്‌സ്ആപ്പിലൂടെ; സിനിമയില്‍ നിന്ന് ആസൂത്രണം

കരുവാറ്റയിലെ വയോധികന്റെ കൊലപാതക കേസില്‍ കസ്റ്റഡിയിലായ കൗമാര സംഘത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. പ്രതികള്‍ ആദ്യം തയ്യാറാക്കിയ പദ്ധതി വീടിന്റെ ഒടുപൊളിച്ച ശേഷം ശിവന്‍കുട്ടിയുടെ തലയില്‍ വലിയ കല്ലിട്ട് കൊലപ്പെടുത്താന്‍ ആണെന്ന് പ്രതിയായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി മൊഴി നല്‍കി. ഈ ആശയം ഉദിച്ചത് 2017 ല്‍ പുറത്തിറങ്ങിയ 'സ്പൈഡര്‍' എന്ന തമിഴ് ചിത്രത്തില്‍ നിന്നാണെന്നും കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. ഓടിന് താഴെ മച്ചുള്ളതിനാല്‍ ഈ പദ്ധതി ഉപേക്ഷിച്ചു.

വിഷം കൊടുത്തു കൊല്ലാനും വാഹനം ഇടുപ്പിച്ച് കൊല്ലാനും ആലോചിച്ചിരുന്നതായും 13കാരിയും - ആണ്‍ സുഹൃത്തും തമ്മിലുള്ള വാട്ട്സ്ആപ്പ് സന്ദേശത്തില്‍ വ്യക്തമായിട്ടുണ്ട്. പിടിക്കപ്പെടില്ലെന്ന അമിത ആത്മവിശ്വാസത്തില്‍ കൊലപാതകം ആസൂത്രണം ചെയ്ത ചാറ്റുകള്‍ മായ്ക്കാഞ്ഞതാണ് പ്രതികള്‍ക്ക് കുരുക്കായത്. ശിവന്‍കുട്ടിയുടെ വീടിന്റെ ലൊക്കേഷന്‍ 13 കാരി ആണ്‍ സുഹൃത്തിന് അയച്ചു നല്‍കിയതടക്കമുള്ള ഫോണ്‍ രേഖകള്‍ കേസില്‍ നിര്‍ണ്ണായക തെളിവാകും.

സംഭവത്തിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ കുറ്റകൃത്യത്തില്‍ സിനിമയില്‍ നിന്നുള്ള ആശയം ഉണ്ടാകാമെന്നാണ് ആലപ്പുഴ ജില്ലാ പൊലീസ് മേധാവി പറഞ്ഞിരുന്നത്. 2017ല്‍ എ ആര്‍ മുരുകദോസിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ തമിഴ് ചിത്രം സ്പൈഡറില്‍ ഒരു ബാലന്‍ ഓരോരുത്തരേയും തലയില്‍ കല്ലിട്ട് കൊലപ്പെടുത്തുന്നതാണ് പ്രമേയം. ഇത്തരത്തില്‍ ഒരു പ്ലാനിങ്ങായിരുന്നു കരുവാറ്റയിലെ വിദ്യാര്‍ത്ഥികള്‍ നടത്തിയതെന്നാണ് ഇപ്പോള്‍ മൊഴി പുറത്ത് വന്നിരിക്കുന്നത്. ശനിയാഴ്ച രാത്രി വീട്ടില്‍ എത്തിയ പ്രതികള്‍ ശിവന്‍കുട്ടി ഉറങ്ങി എന്ന് മനസിലാക്കി ഏണിവെച്ച് മേല്‍ക്കൂരയുടെ മുകളില്‍ കറിയിരുന്നു. എന്നാല്‍ ഓരോ ഇടത്തും ഓട് ഇളക്കി നോക്കുമ്പോള്‍ മച്ച് തടസമാകുകയായിരുന്നു. മച്ചില്ലാത്ത ഭാഗത്ത് ഇറങ്ങാനും കഴിഞ്ഞില്ല. പിന്നാലെ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. എന്നാല്‍ അവിടെ വെച്ച് തന്നെ വാട്സപ്പില്‍ 13 കാരിയുടെ മെസേജ് വന്നിരുന്നു. വെന്റിലേഷന്റെ ഭാഗത്ത് വലിയ ദ്വാരമുണ്ടെന്നും അതുവഴി ഇറങ്ങാം എന്നുമായിരുന്നു സന്ദേശം. പിന്നാലെ ദ്വാരം വഴി ഒരാള്‍ അകത്ത് കയറുകയും വാതില്‍ തുറന്ന് മറ്റുള്ളവരെ അകത്ത് കയറ്റുകയുമായിരുന്നു.

ഇതിന് മുമ്പ് ശിവന്‍കുട്ടിയെ വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്താനുള്ള പദ്ധതിയും ഇവര്‍ ഇട്ടിരുന്നു. ഇതിനായി കരുനാഗപ്പള്ളിയിലെ ഒരു ക്വട്ടേഷന്‍ ടീമുമായും കുട്ടികള്‍ ബന്ധപ്പെട്ടിരുന്നു. പണം നല്‍കാമെന്ന് പറഞ്ഞിട്ടും അവര്‍ ഈ ക്വട്ടേഷന്‍ ഏറ്റെടുക്കാന്‍ തയ്യാറായിരുന്നില്ല. വിഷം കൊടുത്ത് കൊല്ലാനുള്ള ശ്രമവും ഇതിനിടെ പാളിയിരുന്നു. ഇതിനെ തുടര്‍ന്നാണ് സാധാരണ കൊലപാതകങ്ങളില്‍ ഉണ്ടാകുന്ന സങ്കീര്‍ണത ഒഴിവാക്കാന്‍, പൊടുന്നനെ മരണം ഉറപ്പിക്കാന്‍ കഴിയുന്ന നിലയില്‍ മുകളില്‍ നിന്ന് വലിയ പാറക്കല്ല് തലയില്‍ ഇട്ട് കൊലപ്പെടുത്താന്‍ പദ്ധതി ഇടുന്നത്. സംഭവത്തില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ വാട്സാപ്പ് ചാറ്റ് പുറത്ത് വന്നതോടെയാണ് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിരിക്കുന്നത്.

കഴിഞ്ഞ ശനിയാഴ്ചയാണ് പ്രതികള്‍ കരുവാറ്റയില്‍ എത്തിയത്. കൊല്ലത്ത് നിന്ന് ട്രെയിനിലായിരുന്നു ഇവര്‍ എത്തിയത്. ശുചിമുറിയിലെ വെന്റിലേറ്ററിലൂടെയാണ് പ്രതികള്‍ വീടിനകത്ത് പ്രവേശിച്ചത്. ശബ്ദം കേട്ട് ശിവന്‍കുട്ടി എത്തിയപ്പോള്‍ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. കേസില്‍ 13കാരി അടക്കം പ്രായപൂര്‍ത്തിയാകാത്ത നാല് പേരാണ് പൊലീസിന്റെ പിടിയിലായിരിക്കുന്നത്. കൂട്ടുപ്രതികള്‍ പെണ്‍കുട്ടിയുടെ കൂടെ പഠിച്ചവരും പരിചയക്കാരുമാണ്. അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ ഒരു പ്രൊഫഷണല്‍ കൊലപാതകിയല്ല ഇതിന് പിന്നിലെന്ന് പൊലീസ് ഉറപ്പിച്ചിരുന്നു. വീട്ടിനുള്ളില്‍ ഒരാളുടെ സഹായം ലഭിച്ചിട്ടുണ്ടെന്ന സംശയം നിലനില്‍ക്കേയാണ് എട്ടാം ക്ലാസുകാരിയാണ് കൊലയ്ക്ക് പിന്നിലെന്ന് പൊലീസ് മനസിലാക്കിയത്.

67 വയസുള്ള ശിവന്‍കുട്ടിയുടെ മൃതദേഹം വിവസ്ത്രനായ നിലയിലാണ് കണ്ടെത്തിയത്. കൈകളും കാലുകളും ബന്ധിച്ചിരുന്നു. വീട്ടിനുള്ളിലാകെ മുളകുപൊടി വിതറിയിരുന്നു. വീട്ടില്‍ നിന്നും ആറു പവന്‍ സ്വര്‍ണമാണ് മോഷണം പോയത്. ശിവന്‍കുട്ടിയെ കൊലപ്പെടുത്തുന്ന ദൃശ്യങ്ങള്‍ വീഡിയോ കോളില്‍ 13കാരി കണ്ടിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തിയത്. പെണ്‍കുട്ടിക്ക് ഐഫോണ്‍ വാങ്ങാനും കൂട്ടുപ്രതികളായ പരവൂര്‍ സ്വദേശികളായ വിദ്യാര്‍ത്ഥികള്‍ക്ക് ബൈക്ക് വാങ്ങുന്നതിനുമാണ് വീട്ടില്‍ നിന്ന് സ്വര്‍ണം കവര്‍ന്നതെന്നാണ് വിവരം.

പൊലീസ് കസ്റ്റഡിയിലെടുത്ത13 കാരി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞു. മാതാപിതാക്കളുടെ സ്‌നേഹം അറിഞ്ഞിട്ടില്ലെന്ന് പൊലീസിനോട് മുഖ്യാസൂത്രകയായ പെണ്‍കുട്ടി പറഞ്ഞു. ചോദ്യം ചെയ്യലില്‍ ഉടനീളം ഒരു ഭാവഭേദവും ഇല്ലാതിരുന്ന പെണ്‍കുട്ടി വീട്ടിലെ സാഹചര്യത്തെക്കുറിച്ച് ചോദിച്ചപ്പോഴാണ് പൊട്ടിക്കരഞ്ഞത്. കൗമാരക്കാരുടെ കുടുംബാന്തരീക്ഷവും സാമൂഹിക സാഹചര്യങ്ങളും ക്രൂരകൃത്യത്തില്‍ സ്വാധീനിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

കുട്ടിയുടെ മാതാപിതാക്കള്‍ നിയമപരമായി വേര്‍പിരിഞ്ഞവരാണ്. വിദേശത്ത് ജോലി ചെയ്യുന്ന അമ്മ ഇടയ്ക്ക് 10 ദിവസത്തേക്ക് നാട്ടില്‍ വന്നുപോകും. നാട്ടില്‍ ബന്ധുക്കളുടെ കൂടെയാണ് 13കാരി താമസിച്ചിരുന്നത്. കൊലപാതകത്തിന്റെ ഭാഗമായ മറ്റുള്ള കൌമാരക്കാരിലും കുടുംബാന്തരീക്ഷത്തില്‍ പ്രശ്‌നങ്ങളുണ്ടെന്ന് പൊലീസ് പറയുന്നു. കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കാളികളായ മൂന്ന് പേരെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കി സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. 13കാരിയെ ഇന്ന് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കും.

  • ഗ്യാനഷ് കുമാറിന്റെ് രാജി ആവശ്യപ്പെട്ട് രാജ്യ തലസ്ഥാനത്ത് തിരംഗ തരംഗം
  • തിരംഗ മാര്‍ച്ചുമായി സിജെപി; സെന്‍ട്രല്‍ പാര്‍ക്ക് അടച്ച് പൊലീസ്
  • ഗുരുഗ്രാമില്‍ മലയാളി ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി; യുവതിയെ കൊലപ്പെടുത്തിയതെന്ന് പോലീസ്
  • 3 പേരുടെ ജീവനെടുത്ത വാഹനാപകടം; കാര്‍ ഓടിച്ച സുഹൈല്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യപിച്ചിരുന്നെന്ന് സ്ഥിരീകരണം
  • മാസപ്പടിക്കേസ്: പിണറായി വിജയനടക്കമുള്ളവരുടെ അപ്പീല്‍ അനുമതി അപേക്ഷ തള്ളി ഹൈക്കോടതി
  • എല്ലാ സമരവും ഒരു ലക്ഷ്യത്തിന് വേണ്ടി; സിജെപിക്ക് പിന്തുണയുമായി രാഹുല്‍ ഗാന്ധി
  • എറണാകുളം സിനഗോഗിന് മുന്നിലെ തീവയ്പ്: അറസ്റ്റിലായ യുവാവിന്റെ വിദേശബന്ധങ്ങള്‍ അന്വേഷിക്കുന്നു
  • ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ സഖ്യത്തിന്റെ സുപ്രീം കോടതി മാര്‍ച്ച്
  • കൊല്ലത്ത് പാര്‍ക്കിന്‍സണ്‍സ് രോഗിയായ ഭര്‍ത്താവിനെ പ്ലാസ്റ്റിക് ചരട് മുറുക്കി കൊലപ്പെടുത്തിയ കേസില്‍ ഭാര്യ ചെന്നൈയില്‍ പിടിയില്‍
  • യുകെയില്‍ മലയാളി യുവതിയെ തടഞ്ഞുവച്ചിരിക്കുന്നതായി ആരോപണം: ഹൈക്കമ്മിഷന്‍ ഇടപെടും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions