'ദൃശ്യങ്ങള്‍ ഇപ്പോഴും പ്രചരിപ്പിക്കപ്പെടുന്നു '; സ്വകാര്യ ദൃശ്യങ്ങള്‍ ഭര്‍ത്താവ് വിറ്റതില്‍ ഹൈക്കോടതിയെ സമീപിച്ച് യുവതി
കൊല്ലത്ത് ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങള്‍ ചിത്രീകരിച്ച് ഭര്‍ത്താവ് അശ്ലീല സൈറ്റുകള്‍ക്ക് വിറ്റ സംഭവത്തില്‍ ഹൈക്കോടതിയെ സമീപിച്ച് പരാതിക്കാരിയായ യുവതി. ദൃശ്യങ്ങള്‍ വിദേശ വെബ്സൈറ്റുകളില്‍ നിന്ന് അടക്കം നീക്കം ചെയ്യാന്‍ ഹൈക്കോടതി ഇടപെടണമെന്ന് ആവശ്യപ്പെട്ട് യുവതിക്കായി അഭിഭാഷകന്‍ പ്രശാന്ത് വി കുറുപ്പ് ആണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.
കേസില്‍ പോക്സോ വകുപ്പ് പൊലീസ് ആദ്യമേ ചുമത്തണമായിരുന്നുവെന്ന് യുവതി ഹര്‍ജിയില്‍ പറയുന്നുണ്ട്. പോക്സോ കേസ് ആദ്യമേ ചുമത്തിയിരുന്നെങ്കില്‍ ദൃശ്യങ്ങള്‍ പ്രചരിക്കില്ലായിരുന്നു. പ്രതിയെ അറസ്റ്റ് ചെയ്തത് കൊണ്ട് മാത്രം കുറ്റകൃത്യം അവസാനിക്കുന്നില്ല. കുറ്റകൃത്യത്തിന്റെ ഗൗരവം പൊലീസിന് ആദ്യം മനസ്സിലാക്കാന്‍ കഴിഞ്ഞില്ല. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ദൃശ്യങ്ങള്‍ കണ്ട ശേഷം മാത്രമാണ് പോക്സോ ചുമത്താന്‍ തീരുമാനിച്ചത്. ഓരോ നിമിഷവും ദൃശ്യങ്ങള്‍ പ്രചരിപ്പിക്കപ്പെടുന്നുന്നുണ്ട്. വെബ്സൈറ്റുകളില്‍ ഇപ്പോഴും ദൃശ്യങ്ങള്‍ ലഭ്യമാകുന്ന സാഹചര്യമുണ്ട്. ദൃശ്യങ്ങള്‍ വെബ്സൈറ്റുകളില്‍ നിന്ന് അടിയന്തരമായി നീക്കം ചെയ്യണം. ദൃശ്യം പങ്കുവയ്ക്കുന്നവര്‍ അറിയാതെ കുറ്റകൃത്യത്തില്‍ പങ്കാളികളാകുകയാണെന്നും യുവതി ഹര്‍ജിയില്‍ കൂട്ടിച്ചേര്‍ത്തു.
ഇക്കഴിഞ്ഞ ഓഗസ്റ്റ് പതിനെട്ടാം തീയതിയായിരുന്നു ഭര്‍ത്താവിനെതിരെ പരാതിയുമായി യുവതി രംഗത്തെത്തിയത്. കിടപ്പ് മുറിയില്‍ നിന്നുള്ള സ്വകാര്യ ദൃശ്യങ്ങള്‍ ഭര്‍ത്താവ് അശ്ലീല വെബ്സൈറ്റുകള്‍ക്ക് വിറ്റതായായിരുന്നു യുവതിയുടെ ആരോപണം. യുകെയില്‍ നിന്നും നാട്ടിലെത്തിയ ശേഷം യുവതി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കൗണ്‍സിലിംഗ് നല്‍കുകയെന്ന ഉദ്ദേശത്തിലാണ് ഭര്‍ത്താവിനെ നാട്ടിലേക്ക് കൊണ്ടുവന്നതെന്നും എന്നാല്‍ കൗണ്‍സിലിംഗിന് നിര്‍ബന്ധിച്ചപ്പോള്‍ ക്രൂരമായി മര്‍ദ്ദിച്ചുവെന്നും പരാതിക്കാരി ആരോപിച്ചിരുന്നു. ഭര്‍ത്താവിന് പങ്കാളിയെ പങ്കുവെയ്ക്കല്‍ സംഘങ്ങളുമായും ബന്ധമുണ്ടെന്നും യുവതി പറഞ്ഞിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് യുവതി ഹൈക്കോടതിയെ സമീപിച്ചത്.