യുപിയില്‍ പൊലീസുകാരുടെ ചവിട്ടേറ്റ ഗര്‍ഭിണി പ്രസവത്തിന് പിന്നാലെ മരിച്ച സംഭവത്തില്‍ ആറു പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. ഫിറോസാബാദിലെ ഷികോഹാബാദ് സ്വദേശി അഞ്ജലിയാണ് (28) മരിച്ചത്. മോഷണക്കേസില്‍ പ്രതിയായ അഞ്ജലിയുടെ ഭര്‍ത്താവ് ഗൗരവിനെ അന്വേഷിച്ച് ഞായറാഴ്ച രാത്രി 11.45 ഓടെ വീട്ടിലെത്തിയ പൊലീസ് സംഘമാണ് അതിക്രമം നടത്തിയത്.
ഗൗരവിനെ അറസ്റ്റ് ചെയ്തു കൊണ്ടുപോകരുതെന്ന് അപേക്ഷിച്ച് എത്തിയ അഞ്ജലിയുടെ വയറ്റില്‍ പൊലീസ് സംഘത്തിലുണ്ടായിരുന്ന സബ് ഇന്‍സ്‌പെക്ടര്‍ ധര്‍മപാല്‍ സിങ് ചവിട്ടുകയായിരുന്നുവെന്നാണ് കുടുംബത്തിന്റെ ആരോപണം. അഞ്ജലി ചവിട്ടേറ്റു വീണതിന് ശേഷം പൊലീസ് ഗൗരവിനെ അറസ്റ്റ് ചെയ്തു കൊണ്ടുപോയി.
അഞ്ജലിയുടെ ആരോഗ്യനില മോശമായതോടെ അവരെ ഷിക്കോഹാബാദിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാവിലെ അഞ്ജലി പ്രസവിച്ചെങ്കിലും തുടര്‍ന്ന് നില ഗുരുതരമായിരുന്നു. ഫിറോസാബാദിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും അഞ്ജലിയുടെ ജീവന്‍ രക്ഷിക്കാനായില്ല. ഇവരുടെ നവജാത ശിശുവിന്റെ നിലയും ഗുരുതരമാണ്.
അഞ്ജലിയുടെ മരണത്തിനു പിന്നാലെ സമാജ് വാദി പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി റാംജിലാല്‍ സുമന്‍ ഷിക്കോഹാബാദ് പൊലീസ് സ്റ്റേഷന് മുന്നില്‍ ഉപരോധം ആരംഭിച്ചതോടെയാണ് സംഭവം വിവാദമായത്. പൊലീസിനെതിരെ കൊലപാതകക്കേസ് രജിസ്റ്റര്‍ ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു. ഇതിനു പിന്നാലെയാണ് പൊലീസുകാരെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.