ബ്രിട്ടനില് സ്കൂള് വിദ്യാഭ്യാസ പാഠ്യപദ്ധതിയില് വീണ്ടും മാറ്റങ്ങള് കൊണ്ടുകൊണ്ടുവരാന് ലേബര് സര്ക്കാര്. വിദ്യാഭ്യാസ സെക്രട്ടറി ലൂസി പവല് പ്രഖ്യാപിച്ച പുതിയ പദ്ധതിപ്രകാരം, ജിസിഎസ്ഇ മൂല്യനിര്ണയത്തില് വായനയ്ക്കും എഴുത്തിനും തുല്യപ്രാധാന്യം സ്പീക്കിങ് സ്കില്സിനും നല്കും. കുട്ടികളുടെ പെരുമാറ്റവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില് സ്കൂളുകളില്നിന്ന് പുറത്താക്കുന്ന നടപടികള് കുറയ്ക്കാനും സര്ക്കാര് ലക്ഷ്യമിടുന്നു. കുട്ടികളെ ഒഴിവാക്കുന്നതിനുപകരം എല്ലാവരെയും ഉള്ക്കൊള്ളുന്ന വിദ്യാഭ്യാസരീതിക്കാണ് പ്രാധാന്യം നല്കുന്നതെന്ന് ലൂസി പവല് വ്യക്തമാക്കി.
ബര്മിംഗ്ഹാമില് സ്കൂള് മേധാവികളെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് വിദ്യാഭ്യാസ മേഖലയെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് അവര് വിശദീകരിച്ചത്. കുട്ടിക്കാലത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകള് പുതിയ കാലത്തിനനുസരിച്ച് പുനര്വിചിന്തനം ചെയ്യുകയാണ് ലക്ഷ്യമെന്ന് ഡൗണിങ് സ്ട്രീറ്റും അറിയിച്ചു.
എന്നാല്, പാഠ്യപദ്ധതിയിലും മൂല്യനിര്ണയ രീതികളിലും വീണ്ടും മാറ്റങ്ങള് വരുത്തുന്നത് സ്കൂളുകളില് ആശയക്കുഴപ്പം സൃഷ്ടിക്കുമെന്ന് കണ്സര്വേറ്റീവ് വിദ്യാഭ്യാസ വക്താവ് ലോറ ട്രോട്ട് പറഞ്ഞു. അറിവിന് പ്രാധാന്യം നല്കുന്ന പാഠ്യപദ്ധതിയുടെ ആവശ്യകതയെക്കുറിച്ചുള്ള ചര്ച്ചകള് വീണ്ടും തുറക്കേണ്ട സാഹചര്യം ഇതിലൂടെ ഉണ്ടാകുമെന്നും അവര് മുന്നറിയിപ്പ് നല്കി. പുതിയ പരിഷ്കാരങ്ങള് സ്കൂളുകളിലെ വിദ്യാഭ്യാസ നിലവാരം തകര്ക്കുമെന്ന് കണ്സര്വേറ്റീവ് പാര്ട്ടി കുറ്റപ്പെടുത്തി.