അമിത ലഹരി ഉപയോഗത്തെത്തുടര്ന്ന് കുഞ്ഞിനെ അലക്ഷ്യ മായി ഉപേക്ഷിച്ചെന്ന കുറ്റത്തിന് അബുദാബി രാജ കുടുംബാംഗത്തിനെതിരെ ലണ്ടന് കോടതി ഉത്തരവ്. ലണ്ടനിലെ തെരുവില് അബോധാവസ്ഥയില് കാണപ്പെട്ട മഹ്റ അല് നഹ്യാനെതിരെ (32) ആണ് കോടതി വിധി.
പുനരധിവാസ നടപടികള് ഉള്പ്പെടെയുള്ള രണ്ട് വര്ഷത്തെ സാമൂഹിക സേവനം ആണ് സൗത്ത്വാര്ക്ക് ക്രൗണ് കോടതി മഹ്റക്കെതിരെ വിധിച്ചത്. പിഴയും കോടതിച്ചെലവുകളുമായി ആകെ 6114 പൗണ്ട് (ഏഴ് ലക്ഷം രൂപയിലധികം) അടയ്ക്കാനും കോടതി ഉത്തരവിട്ടു. നിലവില് മഹ്റയെ സറെയിലുള്ള ലഹരിവിമുക്ത കേന്ദ്രത്തിലേയ്ക്ക് മാറ്റിയിരിക്കുകയാണ്. മൂന്ന് മാസം ഇവിടെ ചികിത്സയില് കഴിയേണ്ടി വരുമെന്നാണ് വിവരം.
ജൂണ് 13നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ലണ്ടനിലെ തെരുവില് മഹ്റയെ ബോധമറ്റ നിലയില് ആളുകള് കണ്ടെത്തുകയായിരുന്നു. സമീപത്തായി മറ്റൊരു പുരുഷനും ബോധരഹിതനായി കിടക്കുന്നുണ്ടായിരുന്നു. ഇവര്ക്ക് സമീപത്തായി തിരക്കേറിയ റോഡില് മൂന്നുവയസുള്ള കുഞ്ഞ് നഗ്നപാദയായി കളിക്കുന്നുണ്ടായിരുന്നു. പ്രദേശവാസികളാണ് പൊലീസ് സ്ഥലത്തെത്തുന്നതുവരെ കുഞ്ഞിനെ സംരക്ഷിച്ചത്. അരമണിക്കൂറോളം യുവതി ബോധരഹിതയായി റോഡില് ഇരുന്നു.