ന്യൂഡല്ഹി: ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം തുടരവെ രാജ്യതലസ്ഥാനം സംഘര്ഷ ഭരിതം. ഇന്ന് വൈകുന്നേരം കോണാട്ട് പ്ലേസില് കോക്രോച്ച് ജനതാ പാര്ട്ടി ഒത്തുകൂടും. അഞ്ച് മണിക്ക് ത്രിവര്ണ്ണ പതാകയുമായി എത്താനാണ് സിജെപി സ്ഥാപകന് അഭിജീത് ദീപ്കെ ആഹ്വാനം ചെയ്തിരിക്കുന്നത്.
അതിനിടെ, പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില് സെന്ട്രല് പാര്ക്ക് അടച്ചു. ഇന്നും നാളെയും സെന്ട്രല് പാര്ക്ക് തുറക്കില്ല. പാര്ക്ക് അടച്ചിടുന്നത് ഭരണഘടനപരമായ കാര്യങ്ങള് കൊണ്ടാണെന്നാണ് NDMC വ്യക്തമാക്കിയത്. കോക്രോച്ച് ജനതാ പാര്ട്ടിക്കും അഭിജീത്ത് ദീപ്കെയ്ക്കുമെതിരെ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ഡല്ഹി പൊലീസ് അറിച്ചിട്ടുണ്ട്. എന്നാല് തങ്ങള് നൂറിടങ്ങളില് തിരംഗ യാത്ര നടത്തുമെന്ന് പ്രഖ്യാപിച്ചാല് നരേന്ദ്രമോദി ഇവിടങ്ങളെല്ലാം അടച്ചിടുമോയെന്ന് അഭിജീത് ദീപ്കെ ചോദിച്ചു. ജയിലില് അടച്ചാലും സമരത്തില് നിന്നും പിന്മാറില്ലെന്നും അഭിജീത് വ്യക്തമാക്കി.
പ്രതിഷേധക്കാര്ക്കെതിരായ പൊലീസ് അതിക്രമത്തില് പ്രതിഷേധിച്ച ജെബി മേത്തര് എംപി, എന്എസ്യുഐ പ്രവര്ത്തകരായ ഋതു, ആതിര എന്നിവരെ ഡല്ഹി പൊലീസ് കസ്റ്റഡിയിലെടുത്തു. പുലര്ച്ചെ നാലോടെയായിരുന്നു പൊലീസ് നടപടി. എന്എസ്യുഐ ദേശീയ പ്രസിഡന്റ് വിനോദ് ജാക്കറെ പൊലീസ് വലിച്ചിഴച്ചു. പൊലീസ് അതിക്രമത്തിനെതിരെ ഇതുവരെ കേസ് രജിസ്റ്റര് ചെയ്യാതിരുന്നതിനാലാണ് പ്രവര്ത്തര് പൊലീസ് സ്റ്റേഷന് മുന്നില് കുത്തിയിരിപ്പ് സമരം നടത്തിയത്.
കേരളത്തിലും വിവിധയിടങ്ങളില് പ്രതിഷേധം അരങ്ങേറുന്നുണ്ട്. മാനവീയം വീഥിയിലെ പ്രതിഷേധത്തില് ഇന്ന് പ്രകാശ് രാജ് പങ്കെടുക്കും. ഇന്നലെ രാജ്ഘട്ടില് പുഷ്പാര്ച്ചന നടത്താനെത്തിയ പ്രകാശ് രാജിനെ സുരക്ഷാ ഉദ്യോഗസ്ഥര് തടഞ്ഞിരുന്നു.