യു.കെ.വാര്‍ത്തകള്‍

ഇംഗ്ലണ്ടിലെ ആറ് മേഖലകള്‍ കടുത്ത വരള്‍ച്ചയില്‍; കുടിവെള്ള വിതരണം പ്രതിസന്ധിയില്‍



റെക്കോര്‍ഡ് ചൂട് അനുഭവപ്പെട്ട വേനല്‍ക്കാലത്തിനു പിന്നാലെ ഇംഗ്ലണ്ടിലെ ആറ് മേഖലകളില്‍ കടുത്ത വരള്‍ച്ച പ്രഖ്യാപിച്ചു. ഡെവണ്‍, കോണ്‍വാള്‍, ഡോര്‍സെറ്റ്, സോമര്‍സെറ്റ്, ഈസ്റ്റ് സസെക്സ്, വെസ്റ്റ് സസെക്സ് എന്നിവിടങ്ങളിലാണ് വരള്‍ച്ച രൂക്ഷമായത്. തെക്കുകിഴക്കന്‍, തെക്കുപടിഞ്ഞാറന്‍ ഇംഗ്ലണ്ടിലെ ജലസംഭരണികളില്‍ വെള്ളത്തിന്റെ അളവ് നിര്‍ണായകമായി കുറഞ്ഞതോടെ പൊതുജലവിതരണം പ്രതിസന്ധിയിലായി. പ്രതിസന്ധി നേരിടാന്‍ അടിയന്തര നടപടികള്‍ സ്വീകരിച്ചുവരികയാണ്. ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ ഒരു നൂറ്റാണ്ടിലേറെയായി രേഖപ്പെടുത്തിയ ഏറ്റവും വരണ്ട കാലാവസ്ഥയാണ് ഇത്തവണ അനുഭവപ്പെട്ടത്. കാലാവസ്ഥാ വ്യതിയാനമാണ് വരള്‍ച്ച രൂക്ഷമാകാന്‍ പ്രധാന കാരണങ്ങളിലൊന്ന്.

ഹേവാര്‍ഡ്സ് ഹീത്ത്, ഉക്ഫീല്‍ഡ് എന്നിവിടങ്ങളിലായി ഏകദേശം 95,000 കെട്ടിടങ്ങളിലേക്ക് വെള്ളമെത്തിക്കുന്ന ആര്‍ഡിംഗ്ലി ജലസംഭരണിയില്‍ ശേഷിയുടെ 19 ശതമാനം വെള്ളം മാത്രമാണുള്ളത്. ഈസ്റ്റ് ഡെവണ്‍, നോര്‍ത്ത് ഡെവണ്‍, സോമര്‍സെറ്റ്, വെസ്റ്റ് ഡോര്‍സെറ്റ് മേഖലകളിലേക്ക് വെള്ളമെത്തിക്കുന്ന വിംബിള്‍ബോള്‍ സംഭരണിയിലെ ജലനിരപ്പ് 16 ശതമാനമായി കുറഞ്ഞു. വര്‍ഷത്തിലെ ഈ സമയത്ത് ജലസംഭരണികളില്‍ ശരാശരി 75 ശതമാനം വെള്ളമുണ്ടാകണമെന്നാണ് പരിസ്ഥിതി ഏജന്‍സിയുടെ കണക്കുകൂട്ടല്‍. കോണ്‍വാളിലെ ഡ്രിഫ്റ്റ്, സ്റ്റിത്തിയന്‍സ് സംഭരണികള്‍ ഉള്‍പ്പെടെ തെക്കുപടിഞ്ഞാറന്‍ ഇംഗ്ലണ്ടിലെ ചെറുകിട സംഭരണികളിലും ജലക്ഷാമം ആശങ്കയുയര്‍ത്തുന്നുണ്ട്. ഇവയെ ആശ്രയിക്കുന്ന പതിനായിരക്കണക്കിന് കുടുംബങ്ങളുടെ ജലവിതരണവും ഭീഷണിയിലാണ്.

ജലക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ ഗോള്‍ഫ് ക്ലബുകള്‍, സ്വകാര്യ സ്കൂളുകള്‍, വാണിജ്യ കാര്‍വാഷുകള്‍ തുടങ്ങിയ സ്ഥാപനങ്ങളുടെ അനിവാര്യമല്ലാത്ത ജലോപയോഗത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് സൗത്ത് ഈസ്റ്റ് വാട്ടര്‍, സൗത്ത് വെസ്റ്റ് വാട്ടര്‍, സതേണ്‍ വാട്ടര്‍ കമ്പനികള്‍ ആവശ്യപ്പെട്ടു. എന്നാല്‍ പരിസ്ഥിതി സെക്രട്ടറി ആഞ്ചല ഈഗിള്‍ ഇതിന് അനുമതി നല്‍കിയിട്ടില്ല. ജലസംഭരണികളിലെയും നദികളിലെയും ജലനിരപ്പ് ദിവസേന നിരീക്ഷിക്കാനും ജലത്തിന്റെ ഗുണനിലവാരം പരിശോധിക്കുന്നത് ശക്തമാക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. മലിനജലം കൂടുതല്‍ സാന്ദ്രമാകുന്നതുമൂലം പരിസ്ഥിതി മലിനീകരണസാധ്യത ഉയരുമെന്ന ആശങ്കയും നിലനില്‍ക്കുന്നു. ജലോപയോഗം കുറയ്ക്കാന്‍ പൊതുജനങ്ങളോടും സ്ഥാപനങ്ങളോടും അധികൃതര്‍ അഭ്യര്‍ഥിച്ചു.

  • ലൈംഗിക തൊഴിലാളിയെ കുത്തിക്കൊന്നു; ഇന്ത്യന്‍ സ്റ്റുഡന്റ് വിസക്കാരന് 28 വര്‍ഷം ജയില്‍
  • യുകെയില്‍ വീണ്ടും നിക്ഷേപക വിസ കൊണ്ടുവരാന്‍ ആലോചന
  • ബജറ്റില്‍ ഉയര്‍ന്ന നികുതികള്‍ക്ക് പദ്ധതി; ബാങ്കിംഗ് മേഖല കടുത്ത ആശങ്കയില്‍
  • വനിതകളുടെ ആശുപത്രി വാര്‍ഡുകളില്‍ ട്രാന്‍സ് സ്ത്രീകള്‍ക്ക് വിലക്ക് പ്രഖ്യാപിച്ച് എന്‍എച്ച്എസ്
  • അമിത ലഹരിയില്‍ ലണ്ടനിലെ തെരുവില്‍ യുഎഇ രാജകുടുംബാംഗം; ശിക്ഷ വിധിച്ച് കോടതി
  • ഈ മാസം 2000 തടവുകാര്‍ പുറത്തുകടക്കും; ആശങ്കയില്‍ ജനം
  • സ്‌കൂള്‍ പാഠ്യ പദ്ധതിയില്‍ സ്പീക്കിങ് സ്‌കില്‍സും; വീണ്ടും മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍
  • ലണ്ടന് പുറത്ത് വാടക നിരക്കുകള്‍ ആദ്യമായി 1400 പൗണ്ട് കടന്നു; തലസ്ഥാനത്ത് താമസം അസാധ്യം
  • ബെനഫിറ്റ് തട്ടിപ്പ്: ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിക്കാന്‍ സര്‍ക്കാരിന് അനുമതി
  • ഗ്യാസാണെന്ന് പറഞ്ഞ് തിരിച്ചയച്ച എന്‍എച്ച്എസ് നഴ്‌സ് ഹൃദയസ്തംഭനം മൂലം മരിച്ചു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions