യുകെ മലയാളി സമൂഹത്തിനു നൊമ്പരമായി റാന്നി സ്വദേശിയായ യുവാവിന്റെ വേര്പാട്
യുകെ മലയാളി സമൂഹത്തിനു വേദന സമ്മാനിച്ചു റാന്നി സ്വദേശിയായ യുവാവിന്റെ മരണം. പത്തനംതിട്ട റാന്നിക്കാരനായ ചെറിയാന് മാത്യു എന്ന തരുണ് (37) ആണ് കുടുംബത്തെ ദുഃഖത്തിലാഴ്ത്തി കടന്ന്പോയത്.
അടുത്തിടെ പനിയും പല്ലുവേദനയും ഒക്കെയായി തരുണിനെ ആശുപത്രിയില് അഡ്മിറ്റ് ചെയ്തിരുന്നു. അതിനിടെ നടത്തിയ രക്ത പരിശോധനയിലാണ് ലുക്കീമിയ എന്ന രക്താര്ബുദം കണ്ടെത്തുന്നത്. തുടര്ന്ന് ശ്വാസകോശത്തില് രക്തസ്രാവം കണ്ടെത്തുകയും അതിനൊപ്പം കാര്ഡിയാക് അറസ്റ്റും സംഭവിച്ചതോടെയാണ് അതിവേഗം മരണം സംഭവിച്ചത്.
നാലു വര്ഷം മുമ്പായിരുന്നു തരുണും ഭാര്യയും ഏക മകനും യുകെയിലേക്ക് വിമാനം കയറുന്നത്. ഭാര്യ ജെല്ബി ഒരു കെയര് ഹോമിലും തരുണ് ഒരു ഫാക്ടറിയിലുമായിരുന്നു ജോലി ചെയ്തിരുന്നത്. എട്ടുമാസങ്ങള്ക്കു മുമ്പ് ഒരു പെണ്കുഞ്ഞ് കൂടി ഇവരുടെ ജീവിതത്തിലേക്ക് കടന്നുവരുന്നത്. അതിനു പിന്നാലെയാണ് വിധിയുടെ ക്രൂരത കാന്സറിന്റെ രൂപത്തിലെത്തിയത്.
ബോസ്റ്റണ് സോഷ്യല് ക്ലബ്ബിലെ സജീവ അംഗം കൂടിയായിരുന്നു തരുണ്. മകളുടെ മാമോദീസയ്ക്കായി നാട്ടിലേക്ക് പോകാന് ഒരുങ്ങിയിരുന്ന ഈ കുടുംബത്തെ കണ്ണീരിലാഴ്ത്തിയാണ് മരണമെത്തിയത്.