എന്എച്ച്എസ് ജീവനക്കാര്ക്ക് എപ്പോഴെങ്കിലും ജോലിയില് ഒരു ആശ്വാസം പ്രതീക്ഷിക്കാമോ? സമ്മറില് പോലും കനത്ത സമ്മര്ദത്തില് ജോലി ചെയ്ത നഴ്സുമാര് ഉള്പ്പെടെ എന്എച്ച്എസ് ജീവനക്കാര്ക്ക് ഇക്കുറി വിന്ററും കടുപ്പമായിരിക്കും . അതുകൊണ്ട് തന്നെ വിന്ററിനെ നേരിടാന് 140 മില്ല്യണ് പൗണ്ട് ഉത്തേജന പാക്കേജാണ് ഹെല്ത്ത് സെക്രട്ടറി വെറ്റ് കൂപ്പര് പ്രഖ്യാപിച്ചിരിക്കുന്നത്.
പതിവിലും കടുപ്പമേറിയ വെല്ലുവിളിയാണ് എന്എച്ച്എസിന് വിന്ററില് അഭിമുഖീകരിക്കേണ്ടി വരുന്നതെന്ന് ഹെല്ത്ത് സെക്രട്ടറി മുന്നറിയിപ്പ് നല്കുന്നു. ഇംഗ്ലണ്ടിലെ അടിയന്തര കെയര് മേഖലയ്ക്കായി 140 മില്ല്യണ് പൗണ്ട് കൂടി അനുവദിച്ചാണ് കൂപ്പര് പ്രഖ്യാപനം നടത്തിയിരിക്കുന്നത്.
കപ്പാസിറ്റി വര്ദ്ധിപ്പിക്കാന് ഈ പണം വിനിയോഗിക്കുമെന്നാണ് വെറ്റ് കൂപ്പര് വ്യക്തമാക്കുന്നത്. അതേസമയം സീസണല് രോഗങ്ങളെ നേരിടാന് എന്എച്ച്എസ് ജൂലൈ മുതല് ഒരുക്കം നടത്തിയതായും അവര് അവകാശപ്പെട്ടു. 'വിന്റര് ഈ വര്ഷം കൂടുതല് വെല്ലുവിളി നിറഞ്ഞതാകും, ഇത്രയും കനത്ത സമ്മറിന് ശേഷമാണ് ഇത് വരുന്നത്. അതുകൊണ്ട് തന്നെ ഒരുക്കവും നേരത്തെ തുടങ്ങി, ശേഷി വര്ദ്ധിപ്പിക്കാന് പണവും ഇറക്കുന്നുണ്ട്', കൂപ്പര് പറഞ്ഞു.
കടുത്ത ചൂട് എന്എച്ച്എസിന് മേല് കനത്ത സമ്മര്ദമാണ് സമ്മാനിച്ചത്. ജൂണ് മുതല് ആഗസ്റ്റ് വരെ എ&ഇകളില് 7.3 മില്ല്യണ് രോഗികളാണ് ചികിത്സ തേടിയത്. സമ്മര് കാലത്തെ ഏറ്റവും ഉയര്ന്ന കണക്കാണിത്.
അതേസമയം, വിന്റര് പടിവാതില്ക്കലെത്തി നില്ക്കെ എന്എച്ച്എസ് ജീവനക്കാര്ക്ക് ആഘാതമായി ഇംഗ്ലണ്ടില് ഫ്ലൂ പടരുകയാണ്. പതിവില്ലാത്ത വിധം ഫ്ലൂ ഇംഗ്ലണ്ടിലേക്ക് നേരത്തെ എത്തിയതായി ആരോഗ്യ വിദഗ്ധര് വ്യക്തമാക്കുന്നു.
ഫ്ലൂ കേസുകളുടെ എണ്ണം കുതിച്ചുയരുന്നില്ലെങ്കിലും പോസിറ്റീവ് ടെസ്റ്റുകളും, ജിപി കണ്സള്ട്ടേഷനില് ഇന്ഫ്ളുവെന്സ പോലുള്ള രോഗങ്ങളുടെയും തോത് വര്ദ്ധിക്കുന്നതായി യുകെ ഹെല്ത്ത് സെക്യൂരിറ്റി ഏജന്സി വ്യക്തമാക്കി. ഇന്ഫ്ളുവെന്സ പോലുള്ള രോഗങ്ങളുമായി എമര്ജന്സി ഡിപ്പാര്ട്ട്മെന്റില് എത്തുന്നവരുടെ എണ്ണം പതിവില് കൂടുതലാണ്.
കഴിഞ്ഞ നാല് വിന്റര് സീസണുകളിലെ ഈ സമയത്തെ കണക്കുമായി താരതമ്യം ചെയ്യുമ്പോള് സെപ്റ്റംബറില് ഫ്ലൂ കേസുകള് ഉയര്ന്ന നിലയിലാണെന്ന് യുകെഎച്ച്എസ്എ റിപ്പോര്ട്ട് ചെയ്യുന്നു. ആഗസ്റ്റ് മുതല് ഫ്ലൂ ട്രെന്ഡില് വര്ദ്ധനവുള്ളതായി റിപ്പോര്ട്ട് കൂട്ടിച്ചേര്ക്കുന്നു.
ഫ്ലൂ കേസുകള് പരമോന്നതിയിലേക്ക് എത്തുന്നതിന് മുന്പ് വാക്സിനേഷന് നേടി സുരക്ഷിതരാകാനാണ് വിദഗ്ധര് ഉപദേശിക്കുന്നത്. കുട്ടികള്ക്കും, ഉയര്ന്ന റിസ്ക് ഗ്രൂപ്പിലുമുള്ളവര്ക്ക് വാക്സിന് സൗജന്യമാണ്. 18 മുതല് 24 വയസ്സ് വരെയുള്ള യുവാക്കളിലാണ് ഫ്ലൂ കേസുകള് വര്ദ്ധിച്ചിരിക്കുന്നതെന്ന് യുകെഎച്ച്എസ്എ പറഞ്ഞു. കഴിഞ്ഞ വിന്ററില് വാക്സിനേഷന് പ്രോഗ്രാം വഴി 1 ലക്ഷം ആശുപത്രി പ്രവേശനങ്ങളും, 7000 മരണങ്ങളും തടയാന് കഴിഞ്ഞെന്നാണ് യുകെഎച്ച്എസ്എ വ്യക്തമാക്കുന്നത്.