സറേയിലെ നഴ്സിങ് വിദ്യാര്ഥിനി നന്ദനയുടെ ആകസ്മിക വേര്പാടില് തകര്ന്നു വീട്ടുകാരും സുഹൃത്തുക്കളും
യുകെയില് നഴ്സിങ് പഠനത്തിനായി എത്തിയ മലയാളി വിദ്യാര്ഥിനി നന്ദന ജിനു (20)വിന്റെ ആകസ്മിക വിയോഗത്തിന്റെ ഞെട്ടലിലാണ് ബന്ധുക്കളും സുഹൃത്തുക്കളും. കഴിഞ്ഞ ദിവസം വൈകിട്ട് ഭക്ഷണം കഴിച്ചശേഷം മുറിയില് വിശ്രമിക്കാനായി പോയ നന്ദന കിടക്കയില് കുഴഞ്ഞുവീഴുകയായിരുന്നു. പിന്നാലെ മരണം സംഭവിച്ചതായാണ് പ്രാഥമിക വിവരം.
നഴ്സിങ് പഠനത്തിനായി കഴിഞ്ഞ മാസം 21നാണ് നന്ദന യുകെയിലെത്തിയത്. ഗില്ഫോര്ഡിലെ യൂണിവേഴ്സിറ്റി ഓഫ് സറേയില് നഴ്സിങ് പഠനത്തിന് പ്രവേശനം ലഭിച്ചിരുന്നു. സര്വകലാശാലയ്ക്ക് സമീപത്തായിരുന്നു താമസം.
എറണാകുളത്തെ സ്വകാര്യ ഏജന്സി വഴിയാണ് നന്ദന പഠനത്തിനായി യുകെയിലെത്തിയത്. കടയ്ക്കല് ഗവണ്മെന്റ് ഹൈസ്കൂളില് പ്ലസ് ടു പഠനം പൂര്ത്തിയാക്കിയ ശേഷമായിരുന്നു വിദേശയാത്ര. പഠനത്തിനായി വലിയ പ്രതീക്ഷകളോടെ യുകെയിലെത്തിയ നന്ദനയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് കുടുംബവും ബന്ധുക്കളും.
നന്ദനയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ക്രമീകരണങ്ങള് സര്വകലാശാല അധികൃതരുടെയും യുക്മ ഉള്പ്പെടെയുള്ള പ്രാദേശിക മലയാളി സംഘടനകളുടെയും സഹകരണത്തോടെ പുരോഗമിക്കുകയാണ്.
കൊല്ലം കടയ്ക്കല് സീഡ്ഫാം നന്ദനത്തില് എസ്ഐ ജിനുവിന്റെയും ധന്യയുടെയും മകള് ആണ് .ഗോപികയാണ് നന്ദനയുടെ ഏക സഹോദരി. അരുണാണ് സഹോദരീഭര്ത്താവ്. നന്ദനയുടെ പിതൃസഹോദരിയുടെ മകളും കുടുംബവും യുകെയിലുണ്ട്.