യുകെയില്‍ ബസുകളില്‍ മൊബൈല്‍ ഫോണിലൂടെ ഉച്ചത്തില്‍ പാട്ടോ വീഡിയോകളോ വയ്ക്കുന്ന യാത്രക്കാര്‍ക്ക് 100 പൗണ്ട് വരെ പിഴ ചുമത്താന്‍ സര്‍ക്കാര്‍ നീക്കം. പൊതുഗതാഗത സംവിധാനങ്ങളിലെ സാമൂഹികവിരുദ്ധ പെരുമാറ്റങ്ങള്‍ തടയുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി. ബസുകളിലെ ഇത്തരം നിയമലംഘനങ്ങള്‍ക്ക് പിഴ ചുമത്താന്‍ പ്രാദേശിക ഭരണകൂടങ്ങള്‍ക്ക് അധികാരം നല്‍കാനാണ് നിര്‍ദേശം.
മൊബൈല്‍ ഫോണില്‍നിന്ന് ഉച്ചത്തില്‍ പാട്ടും വീഡിയോകളും കേള്‍പ്പിക്കുന്നത് യാത്രക്കാരുടെ അനുഭവം മോശമാക്കുന്നുവെന്ന് പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാം പറഞ്ഞു. ചെറിയ പെരുമാറ്റമാറ്റങ്ങള്‍ പോലും പൊതുഗതാഗതത്തിലെ യാത്രാനുഭവത്തില്‍ വലിയ വ്യത്യാസമുണ്ടാക്കുമെന്ന് ഗതാഗത സെക്രട്ടറി ഹെയ്ഡി അലക്‌സാണ്ടറും വ്യക്തമാക്കി.
ബസുകളിലും ട്രെയിനുകളിലും മാലിന്യം വലിച്ചെറിയല്‍, ഇ-സിഗരറ്റ് ഉപയോഗം, ഭീഷണിപ്പെടുത്തുന്ന പെരുമാറ്റം തുടങ്ങിയവ തടയുന്നതും പദ്ധതിയുടെ ലക്ഷ്യമാണ്. ട്രെയിന്‍ യാത്രക്കാര്‍ക്കിടയില്‍ ബോധവത്കരണം നടത്തുന്നതിനായി 'ശബ്ദമല്ല, യാത്രയാണ് പങ്കുവെക്കേണ്ടത്' എന്ന സന്ദേശത്തോടെയുള്ള ദേശീയ പ്രചാരണവും ആരംഭിക്കും.
നിലവിലുള്ള നിയമപ്രകാരം, ശബ്ദം കുറയ്ക്കണമെന്ന നിര്‍ദേശം നിരസിക്കുന്ന ട്രെയിന്‍ യാത്രക്കാരെ പുറത്താക്കാനോ 1,000 പൗണ്ട് വരെ പിഴ ചുമത്താനോ വ്യവസ്ഥയുണ്ട്.