ലണ്ടന്‍ : നേരത്തേയെത്തിയ ശൈത്യത്തിനു തൊട്ടുപിന്നാലെ വിന്റര്‍ വൊമിറ്റിംഗ് യു.കെയില്‍ പടര്‍ന്നുപിടിക്കുന്നു. ഒരു മാസത്തിനുള്ളില്‍ വിന്റര്‍വൈറസിന്റെ പിടിയിലായത് ആയിരങ്ങളാണ്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന രീതിയിലാണ് രോഗികളുടെ എണ്ണം. വയറിളക്കത്തിനും ഛര്‍ദിക്കും കാരണമാക്കുന്ന നോറോ വൈറസ് സാന്നിധ്യം ഇത്ര ഉയര്‍ന്ന അളവില്‍ കണ്ടിട്ടില്ല എന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. സാധാരണയായി കുട്ടികളെ ബാധിക്കുന്ന റൊട്ടാവൈറസ് കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് മൂന്നിലൊന്ന് വീതം വര്‍ധിച്ചിരിക്കുകയാണ്.
സൗത്ത് വെസ്റ്റ്, നോര്‍ത്ത് ഈസ്റ്റ്, സൗത്ത് ഈസ്റ്റ് മധ്യമേഖല, സൗത്ത് സെന്‍ട്രല്‍, വെയില്‍സ് എന്നിവിടങ്ങളിലാണ് വൈറസ് ഏറ്റവുമധികം ബാധിച്ചിരിക്കുന്നത്. മുന്‍കരുതല്‍ എടുക്കണമെന്നു ഡോക്ടര്‍മാര്‍ അറിയിച്ചു. കഴിഞ്ഞ ആറാഴ്ച്ചയായി ശാരാശരിക്കു മുകളിലാണ് ഇവയുടെ സാന്നിധ്യമെന്നും ഹെല്‍ത്ത് പ്രൊട്ടക്ഷന്‍ ഏജന്‍സി പറഞ്ഞു.
യു.കെയുടെ ചില ഭാഗങ്ങളില്‍ പതിവിലും നേരത്തേതന്നെ മഞ്ഞുവീഴ്ച്ച ആരംഭിച്ചതാണ് രോഗം പടരാന്‍ കാരണം എന്നാണു വിലയിരുത്തല്‍. എന്നാല്‍ നോറോ വൈറസും ഊഷ്മാവും തമ്മിലുള്ള ബന്ധം ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല. ഇംഗ്ലണ്ടില്‍ നോറോവൈറസുമായി ബന്ധപ്പെട്ട് 1200 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 27 ശതമാനം കൂതല്‍ ആണിത്. വൈദ്യ സഹായം തേടാതിരുന്ന ആളുകള്‍ക്കാണ് ഗുരുതരമായ അവസ്ഥ ഉണ്ടായിരിക്കുന്നത്. നോറോവൈറസുകള്‍ മലിന ജലത്തില്‍ ഇവ വര്‍ഷങ്ങളോളം ജീവിക്കും. ശരീരത്തിന് പുറത്ത് ഏറെക്കാലം നിലനില്‍ക്കാന്‍ കഴിയും എന്നതിനാല്‍ എളുപ്പത്തില്‍ പടര്‍ന്നുപിടിക്കാനും സാധ്യതയുണ്ട്.
പ്രായമേറിയവരിലും പിഞ്ചുകുട്ടികളിലും മരണം വരെയുണ്ടാക്കാന്‍ കഴിയുന്ന വൈറസിന് പക്ഷേ ആരോഗ്യമുള്ള പ്രായപൂര്‍ത്തിയായവരില്‍ ചലനം സൃഷ്ടിക്കാന്‍ കഴിയില്ല. ഇവരില്‍നിന്ന് കുറച്ചുദിവസങ്ങള്‍കൊണ്ട് വൈറസ് ബാധ ഒഴിവാകുന്നതായാണ് കാണപ്പെട്ടിട്ടുള്ളത്. വൈറസ് ബാധിച്ചതായി തോന്നിയാല്‍ കൈകള്‍ കഴുകിക്കൊണ്ടിരിക്കുക. കുറഞ്ഞത് 48 മണിക്കൂറെങ്കിലും വീടിനുള്ളില്‍ത്തന്നെ കഴിയണം.
കൈകള്‍ വൃത്തിയായി സൂക്ഷിക്കുക, ആരോഗ്യമുള്ള ഭക്ഷണക്രമം പിന്തുടരുക എന്നിവ മാത്രമാണ് ഏക പ്രതിരോധമെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ പറഞ്ഞു. ഭക്ഷണമുണ്ടാക്കുന്നതിനും കഴിക്കുന്നതിനും മുമ്പ് കൈകള്‍ സോപ്പിട്ടു വൃത്തിയായി കഴുകണം.