ആരോഗ്യമേഖലക്ക് പുതിയ വെല്ലുവിളിയായി തൈറോയിഡ് കാന്‍സര്‍ കുട്ടികളിലേയ്ക്കും വ്യാപിക്കുന്നു. മുമ്പ് 60-70 വയസ്സുള്ള സ്ത്രീകള്‍ക്കിടയില്‍ ഒതുങ്ങിനിന്ന രോഗം ഇപ്പോള്‍ കുട്ടികളിലും വര്‍ധിക്കുന്നതായാണ് കണ്ടെത്തല്‍. 15-34 വയസ്സ് പ്രായമുള്ളവരിലും 10 വയസിന് താഴെയുള്ള കുട്ടികളിലുംതൈറോയിഡ് കാന്‍സര്‍ വ്യാപകമാവുകയാണ്. റീജണല്‍ കാന്‍സര്‍ സെന്‍ററില്‍ (ആര്‍.സി.സി ) ചികിത്സക്കെത്തുന്ന 100 തൈറോയിഡ് രോഗികളില്‍ 10 പേരും 10വയസ്സില്‍ താഴെയുള്ള കുട്ടികളാണെന്നാണ് ഞെട്ടിക്കുന്ന കണ്ടെത്തല്‍.
ആറ് വര്‍ഷത്തിനിടെ ആര്‍.സി.സിയില്‍ ചികിത്സക്കെത്തിയ തൈറോയിഡ് കാന്‍സര്‍ രോഗികളില്‍ കൂടുതലും 10വയസ്സിന് താഴെയുള്ള കുട്ടികളാണെന്നും കണ്ടെത്തിയിട്ടുണ്ട്. കേരളത്തില്‍ കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ തൈറോയിഡ് കാന്‍സര്‍ വര്‍ധിക്കുന്നതായാണ് കണക്ക്. ആര്‍.സി.സിയില്‍ ചികിത്സക്കെത്തിയ സ്ത്രീകളില്‍ 37.8 ശതമാനം സ്ത്രീകളിലും തൈറോയിഡ് കാന്‍സറെന്നാണ് കണ്ടെത്തിയിരിക്കുന്നത്. 1982ന് ശേഷം 198 ശതമാനം വര്‍ധനയാണ് തൈറോയിഡ് കാന്‍സറുമായി ബന്ധപ്പെട്ട് ഉണ്ടായിരിക്കുന്നത്. ആര്‍.സി.സിയിലെ കാന്‍സര്‍ റജിസ്ട്രിയാണ് ഈ വിവരങ്ങള്‍ പുറത്തുവിട്ടത്.
വിഷയം പഠനവിധേയമാക്കാനുള്ള തീരുമാനത്തിലാണ് ആര്‍.സി.സി അധികൃതര്‍. ശസ്ത്രക്രിയ മാത്രം ശാശ്വതപരിഹാരമായി ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്ന തൈറോയിഡ് കാന്‍സര്‍ പൂര്‍ണമായും ഭേദമാക്കാവുന്നതാണ്. രോഗിയുടെ സംസാരശേഷിയെ സാരമായി ബാധിക്കാന്‍ സാധ്യതയുള്ള തൈറോയിഡ് കാന്‍സറിന്‍െറ ശസ്ത്രക്രിയ അതിസങ്കീര്‍ണമാണ്.