ലണ്ടന്‍ : സ്‌പേസ് ടൂറിസത്തിന്റെ കാലം പടിവാതില്‍ക്കല്‍ എത്തി നില്‍ക്കെ സ്‌പേസ് യാത്രയ്ക്കൊരുങ്ങുന്നവര്‍ക്ക് മുന്നറിയിപ്പുമായി ഗവേഷകര്‍. യാത്രയിലുണ്ടാകുന്ന ഗലാക്ടിക് കോസ്മിക് റേഡിയേഷന്‍ മറവി രോഗത്തിന് കാരണമാകുന്നതാണെന്ന് റോച്ചസ്റ്റര്‍ യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സെന്ററിലെ പ്രൊഫ. കെറി ഓ ബാനിയന്റെ നേതൃത്വത്തില്‍ ഉള്ള സംഘം വെളിപ്പെടുത്തുന്നു. ഗലാക്ടിക് കോസ്മിക് റേഡിയേഷന്‍ തലച്ചോറിനെ പ്രതികൂലമായി ബാധിക്കുമെന്നാണ് പുതിയ കണ്ടെത്തല്‍.
ഭാവി ബഹിരാകാശ യാത്രികര്‍ക്ക് ഇത് വലിയ ഭീഷണിയാകുമെന്ന് പ്രൊഫ. കെറി ഓ ബാനിയന്‍ വെളിപ്പെടുത്തി. റേഡിയേഷന്‍ വളരെ വൈകിമാത്രം കണ്ടുപിടിക്കാന്‍ സാധ്യതയുള്ള ക്യാന്‍സറിലേക്കും വഴിതെളിക്കാം. ചൊവ്വാ ഗ്രഹത്തിലേക്കുള്ള ദൗത്യത്തിനിടെ ഉണ്ടാകുന്ന റേഡിയേഷന്‍ തലച്ചോറില്‍ അതിവേഗ മാറ്റങ്ങള്‍ ഉണ്ടാക്കുകയും അത് അല്‍ഷെമേഴ്‌സിന് വഴിയൊരുക്കുകയും ചെയ്യും. പഠനത്തില്‍ എലികളെ വിവിധതലത്തിലുള്ള റേഡിയേഷനുകളിലേക്ക് മാറ്റിയപ്പോള്‍ ഉണ്ടാകുന്ന അള്‍ഷിമേഴ്‌സ് സാധ്യതകള്‍ പ്രൊഫ. കെറിയുടെ നേതൃത്വത്തിലുള്ള സംഘം വിലയിരുത്തിയിരുന്നു. അപ്പോള്‍ അള്‍ഷിമേഴ്‌സിന് കാരണമാകുന്ന ന്യൂറോളജിക്കല്‍ തകരാറുകള്‍ എലികളില്‍ ഉണ്ടാകുന്നതായി അവര്‍ കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ ആണ് സ്‌പേസ് യാത്ര മനുഷ്യരുടെ ഓര്‍മ തകരാറില്‍ ആക്കുമെന്ന നിഗമനത്തില്‍ സംഘം എത്തിയത്.
പ്രത്യേക പ്രതിരോധ സംവിധനം ഉറപ്പാക്കിയാല്‍ യാത്രികള്‍ക്ക് ചിലതരം റേഡിയേഷനുകളെ പ്രതിരോധിക്കാന്‍ കഴിയും. എന്നാല്‍ തടയാന്‍ കഴിയാത്ത റേഡിയേഷനുകളുണ്ട്. ബഹിരാകാശ സഞ്ചാരി എത്രകാലം അവിടെ കഴിയുന്നുവോ അത്രയധികം റേഡിയേഷന്‍ സാധ്യതയും അള്‍ഷിമേഴ്‌സ് സാധ്യതയും കൂടുമെന്നാണ് വിലയിരുത്തല്‍
പുതിയ കണ്ടെത്തലുകള്‍ 2021ലും വിദൂരഗ്രഹത്തിലേക്കും 2035ല്‍ ചൊവ്വയിലേക്കും മനുഷനെയും വഹിച്ച് പറക്കാനുള്ള നാസയുടെ പദ്ധതിയെ ആശങ്കപ്പെടുത്തിയിരിക്കുകയാണ്. കാരണം പഠനം നടത്തിയ ഗവേഷകര്‍ എട്ടു വര്‍ഷം നാസയില്‍ സേവനം അനുഷ്ടിച്ചവരാണ്. സ്‌പേസ് ടൂറിസത്തിനായി ആളെ പിടിക്കുന്ന സ്വകാര്യ കമ്പനികള്‍ക്കും ഈ റിപ്പോര്‍ട്ട് തിരിച്ചടിയാവും.