പിസ, ബര്‍ഗര്‍ തുടങ്ങിയ ഫാസ്റ്റ് ഫുഡ് ശീലമാക്കുന്ന കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും ആസ്തമയും എക്‌സിമയും ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് ഗവേഷകര്‍. ആസ്ത്മ, എക്‌സിമ, കണ്ണില്‍നിന്ന് വെള്ളംവരിക, ചൊറിച്ചില്‍ തുടങ്ങിയവയും ഇതുമൂലം ഉണ്ടാകുന്നുവെന്നാണ് കണ്ടെത്തല്‍.
ആഴ്ചയില്‍ മൂന്നു തവണ ഫാസ്റ്റ് ഫുഡ് കഴിക്കുന്ന കൗമാരക്കാര്‍ക്ക് രോഗം വരാനുള്ള സാധ്യത 39 ശതമാനം കൂടുതലാണെന്നാണ് കണ്ടെത്തല്‍. ആറുമുതല്‍ ഏഴുവയസ്സുവരെയുള്ളവര്‍ക്ക് 27 ശതമാനമാണ് രോഗ സാധ്യത. 50 രാജ്യങ്ങളിലെ അഞ്ച് ലക്ഷം കുട്ടികളെ നിരീക്ഷിച്ചതിനുശേഷമാണ് സംഘം ഈ നിഗമനത്തില്‍ എത്തിയത്. ന്യൂസിലാന്‍ഡിലെ യൂണിവേഴ്‌സിറ്റി ഓഫ് ഓക് ലാന്‍ഡ് പ്രൊഫസറായ ഇന്നസ് ആഷര്‍, ഹെയ് വെല്‍ വില്യംസ് തുടങ്ങിയവരാണ് പഠനം നടത്തിയത്.
ഫാസ്റ്റ് ഫുഡ്ഡുകളില്‍ പൂരിത കൊഴുപ്പുകള്‍, പ്രതിരോധശക്തിയെ ബാധിക്കുന്ന ട്രാന്‍സ് ഫാറ്റി ആസിഡുകള്‍ എന്നിവ അടങ്ങിയിട്ടുണ്ടെന്ന് ഗവേഷകര്‍ പറയുന്നു. ധാരാളം പഴങ്ങള്‍ ഭക്ഷിക്കുകയാണ് ഇതിന് പരിഹാരം. ആന്റി ഓക്‌സിഡന്റുകള്‍ ഉള്‍പ്പടെയുള്ള പോഷകങ്ങള്‍ പഴങ്ങളില്‍ ധാരാളം അടങ്ങിയിട്ടുണ്ട്.