ലണ്ടന്‍ : നിങ്ങള്‍ ഫാസ്റ്റ് ഫുഡ് പ്രിയര്‍ ആണോ? എങ്കില്‍ സൂക്ഷിച്ചു കൊള്ളുക. ഫാസ്റ്റ് ഫുഡ് മനുഷ്യ ശരീരത്തിന് ദോഷകരമാണ് എന്ന് ആരോഗ്യ വിദഗ്ധര്‍ പലപ്പോഴും മുന്നറിയിപ്പ് നല്‍കാറുള്ളതാണ്. എന്നാല്‍ ഫാസ്റ്റ് ഫുഡ് ശീലമാക്കിയാല്‍ അതുണ്ടാക്കുന്ന പ്രത്യാഘാതം ഭയാനകമായിരിക്കുമെന്നു പുതിയ പഠനത്തില്‍ കണ്ടെത്തി. ഫാസ്റ്റ് ഫുഡ് പതിവാക്കിയാല്‍ അത് കരളിനെ ബാധിക്കുന്ന ഹെപ്പറ്റൈറ്റിസിന് തുല്യം പ്രശ്നം ഉണ്ടാക്കും എന്നാണു കണ്ടെത്തിയത്. 'ദി ഡോക്ടേഴ്സ്' എന്ന ചാനല്‍ പരിപാടിയിലാണ് പുതിയ പഠനത്തിന്റെ ഫലം വെളിപ്പെടുത്തിയത്.
ഒരുമാസം ഫാസ്റ്റ് ഫുഡ് ഉപയോഗിച്ചാല്‍ തന്നെ കരളില്‍ അതിന്റെ മാറ്റങ്ങള്‍ കണ്ടു തുടങ്ങും. ഫ്രഞ്ച് ഫ്രൈസ് അതിലെ പ്രത്യേക ഘടകങ്ങള്‍ മൂലം കൂടുതല്‍ അപകടകാരികളാണ് എന്ന് പഠനം പറയുന്നു. പരിപാടിയില്‍ പങ്കെടുത്ത 'ബെറ്റര്‍ ഇന്‍ 7' എന്ന ബുക്കിന്റെ രചയിതാവ് കൂടിയായ ഡോ. ഡ്ര്യൂ ഒര്‍ഡന്‍ പറയുന്നത് ഒപ്പും എരിവും മധുരവും ചേര്‍ത്ത് വറുത്തു പൊരിച്ചുണ്ടാക്കുന്ന കൊഴുത്ത ഇത്തരം ഭക്ഷണം ആരോഗ്യത്തിനു ഭീഷണിയാണ് എന്നാണ്. ഫ്രൈഡ് ചിക്കന്‍, ഒനിയന്‍ റിങ്ങ്സ് എന്നിവ കരളിനു കൂടുതല്‍ പ്രശ്നം ഉണ്ടാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
കൊഴുപ്പു കൂടിയ ഇത്തരം ഭക്ഷണത്തിന്റെ ഉപയോഗം ഫാറ്റി ലിവര്‍ എന്ന അവസ്ഥയ്ക്ക് കാരണമാകുമെന്ന് ഡോ.ഒര്‍ഡന്‍ പറയുന്നു. കെമിക്കലുകള്‍ ഉപയോഗിച്ചുള്ള പാചകം ആണ് ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റുകളില്‍ നടക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഇത്തരം ഭക്ഷണങ്ങള്‍ കഴിക്കുന്നത് മൂലം ലിവര്‍ ഇന്‍ സൈമുകളില്‍ വ്യത്യാസം സംഭവിക്കുകയും അത് ഹെപ്പറ്റൈറ്റിസിന്റെ ഫലം ഉണ്ടാക്കുകയും ചെയ്യും. ഇത് ലിവര്‍ ഫെയിലിയറിന് പ്രധാന കാരണമായി തീരുകയും ചെയ്യും.
അമേരിക്കയില്‍ 160000 ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റുകള്‍ ദിനം പ്രതി 50 മില്യണ്‍ ഉപഭോക്താക്കള്‍ക്ക് ഭക്ഷണം വിളമ്പുന്നു. ഫാസ്റ്റ് ഫുഡ് ഉപയോഗം എന്ന് സാര്‍വത്രികം ആയതില്‍ നമ്മളെല്ലാം കുറ്റക്കാരാണ് എന്നു ഡോ.ഒര്‍ഡന്‍ പറയുന്നു. കുട്ടികള്‍ക്ക് ഫാസ്റ്റ് ഫുഡ് കൂടുതല്‍ പ്രത്യാഘാതം സൃഷ്ടിക്കും. സാലഡുകള്‍ പോലും ആരോഗ്യത്തിനു ഭീഷണിയാണെന്ന് അദ്ദേഹം പറയുന്നു. യാതൊരു നിയന്ത്രണവുമില്ലാതെയാണ് ഇവയില്‍ കെമിക്കലുകള്‍ അടങ്ങിയ ഇവ ചേര്‍ക്കുന്നത്.