ന്യൂഡല്‍ഹി: രാജ്യത്ത് അനധികൃത മരുന്നു പരീക്ഷണം മൂലം 7 വര്‍ഷത്തിനിടെ 80 പേര്‍ മരിച്ചെന്ന് ആരോഗ്യ മന്ത്രാലയം സുപ്രീംകോടതിയെ അറിയിച്ചു. മരുന്ന് പരീക്ഷണം 2,224 പേരില്‍ ഗൂരുതര പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കി എന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതില്‍ 44 പേര്‍ക്ക് മാത്രമാണ് ശരിയായ നഷ്ടപരിഹാരം നല്‍കിയത്.
മരുന്ന് പരീക്ഷണവുമായി ബന്ധപ്പെട്ട നിയമത്തില്‍ ഉടന്‍ ഭേദഗതികള്‍ കൊണ്ടുവരുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. പരീക്ഷണത്തിനുള്ള മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തി കുറ്റക്കാര്‍ക്ക് കര്‍ശന ശിക്ഷ ഉറപ്പാക്കും. അനധികൃത മരുന്ന് പരീക്ഷണം നിരോധിക്കണമെന്ന പൊതുതാല്പര്യ ഹര്‍ജി പരിഗണിക്കവേയാണ് ആരോഗ്യ മന്ത്രാലയത്തിന്റെ ഈ വിശദീകരണം. കുറ്റവാളികള്‍ക്ക് ശിക്ഷ നല്‍കുന്ന നിലവിലെ നിയമത്തില്‍ പോരായ്മകള്‍ ഉണ്ടെന്നും ഉടന്‍ തന്നെ നിയമത്തില്‍ ഭേദഗതികള്‍ കൊണ്ടുവരുമെന്നും ആരോഗ്യമന്ത്രാലയം കോടതിയെ അറിയിച്ചു.
മനുഷ്യരിലെ മരുന്ന് പരീക്ഷണത്തില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ക്ക് സുപ്രീംകോടതി നോട്ടീസ് അയച്ചിരുന്നു. 2005 മുതല്‍ 2012 വരെ എത്ര പരീക്ഷണമാണ് നടത്തിയതെന്ന് വ്യക്തമാക്കാനായിരുന്നു കോടതി സര്‍ക്കാറുകളോട് ആവശ്യപ്പെട്ടത്. മരുന്ന് പരീക്ഷണത്തില്‍ മരണമടഞ്ഞവരില്‍ എത്ര പേര്‍ക്ക് നഷ്ടപരിഹാരം നല്‍കി, പരീക്ഷണത്തിന് മുന്‍പ് രോഗികളെ ഇക്കാര്യം അറിയിച്ചിരുന്നോ, പരീക്ഷണത്തില്‍ ഉണ്ടായ പാര്‍ശ്വഫലങ്ങള്‍, ഏതൊക്കെ മരുന്നുകളിലാണ് പരീക്ഷണം നടത്തിയത് തുടങ്ങിയ നാല് കാര്യങ്ങള്‍ക്കുള്ള വിശദീകരണമാണ് കോടതി ആവശ്യപ്പെട്ടിരുന്നത്.
മനുഷ്യരിലെ മരുന്ന്പരീക്ഷണം നിര്‍ത്തലാക്കാന്‍ കഴിഞ്ഞ ജൂലൈയില്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ മറുപടി നല്‍കണമെന്നും കോടതി അന്ന് ആവശ്യപ്പെട്ടിരുന്നു.