ലണ്ടന്‍ : നേത്രരോഗങ്ങള്‍ ചികിത്സിക്കുന്നതില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ സൃഷ്ടിക്കാവുന്ന പുതിയ നേത്രപടല ഭാഗം ബ്രിട്ടനിലെ ഇന്ത്യന്‍ ഡോക്ടര്‍ കണ്ടുപിടിച്ചു. ഏറെക്കാലത്തിനുശേഷമാണ് ചെറുതെങ്കിലും മനുഷ്യശരീരത്തില്‍ ഒരു പുതിയ ഭാഗം കണ്ടുപിടിക്കപ്പെടുന്നത്. നോട്ടിംഗ്ഹാം സര്‍വകലാശാലയിലെ ഓഫ്താര്‍മോളജി പ്രൊഫസറും ജലന്ധര്‍ സ്വദേശിയുമായ ഹര്‍മീന്ദര്‍ ദുവ എന്ന ഡോക്ടറാണ് മനുഷ്യ ശരീര ശാസ്ത്രത്തിലെ സുപ്രധാനമായ ഈ കണ്ടുപിടിത്തത്തിന്റെ ഉടമ. കോര്‍ണിയ
എന്ന പേരിലുള്ള നേത്രപടലത്തില്‍ ഡോ.ദുവ കണ്ടുപിടിച്ച ഭാഗത്തിന് ദുവയുടെ പടലം എന്നര്‍ത്ഥം വരുന്ന ദുവാസ് ലേയര്‍ (Dua's layer) എന്നാണ് പേരിട്ടിരിക്കുന്നത്. കോര്‍ണിയയുടെ ഭാഗങ്ങള്‍ പലപ്പോഴും നേത്രരോഗങ്ങള്‍ക്കിരയാകാറുണ്ട്. നിലവില്‍ അഞ്ച് പടലങ്ങളാണ് കോര്‍ണിയയ്ക്കുള്ളത്. തിമിരം അടക്കമുള്ള രോഗങ്ങള്‍ക്കുള്ള ശസ്ത്രക്രിയയില്‍ കോര്‍ണിയ മൊത്തത്തില്‍ മാറ്റാതെ ഈ ഭാഗങ്ങള്‍ മാറ്റിവയ്ക്കുകയാണ് ചെയ്യുന്നത്. ഇതില്‍ 0.015 മില്ലീമീറ്റര്‍ കനത്തിലുള്ള ദുവാസ്
ലേയര്‍ ഇപ്പോഴുള്ള സ്ട്രോമ, ഡിഎം എന്നീ പടലങ്ങള്‍ക്കിടയിലുള്ളതാണ്. (കോര്‍ണിയയ്ക്ക് മൊത്തത്തില്‍ 0.5 അതായത് അര മില്ലീമീറ്റര്‍ കനമാണുള്ളത്.) നിലവിലുള്ള അഞ്ച് പടലങ്ങള്‍ക്കുമുണ്ടാകുന്ന തകരാറുകള്‍ ആറാമത് പടലമുണ്ടെന്നറിയാതെ ചികിത്സിക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. മറ്റ് പടലങ്ങളെക്കാള്‍ കട്ടി കൂടുതലുള്ള ദുവാസ് ലേയറിന് പ്രത്യേക ചികിത്സ നല്‍കുകയാണെങ്കില്‍ നേത്രരോഗങ്ങളുടെ ചികിത്സ കുറച്ചുകൂടി കൃത്യതയാര്‍ജ്ജിക്കുമെന്ന് ഡോക്ടര്‍മാര്‍ കരുതുന്നു.
വായുകുമിളകള്‍ പടലങ്ങള്‍ക്കിടയിലേക്ക് കടത്തിവിട്ടാണ് അവയെ വേര്‍തിരിക്കുകയും നീക്കം ചെയ്യുകയും ചെയ്യുന്നത്. ഇങ്ങനെ ചെയ്തപ്പോള്‍ കണ്ടെത്തിയ ചില അപാകതകളാണ് ഡോ.ദുവയുടെ ഗവേഷണത്തിന് പാത്രമായത്. ദുവാസ് ലേയറിന് കട്ടി കൂടുതലുള്ളതുകൊണ്ട് ഭാവിയില്‍ നേത്ര ശസ്ത്രക്രിയകള്‍ കൂടുതല്‍എളുപ്പമാകുമെന്നാണ് നോട്ടിംഗ്ഹാം സര്‍വകലാശാല പറയുന്നത്. കോര്‍ണിയല്‍ ഹൈഡ്രോപ്സ് അഥവാ നേത്രപടലത്തിന്റെ വീക്കം പ്രധാനമായും ദുവാസ് ലേയറിലാണ് ഉണ്ടാകുന്നത് എന്നതുകൊണ്ട് ഈ പടലഭാഗം മാത്രം മാറ്റി രോഗം ചികിത്സിച്ചുമാറ്റാന്‍ കഴിയും.
നാഗ്പൂരില്‍ നിന്ന് മെഡിസിന്‍ പഠനം പൂര്‍ത്തിയാക്കിയശേഷമാണ് ഡോ.ദുവ നോട്ടിംഗ്ഹാമിലെത്തിയത്. പിതാവ് വ്യോമസേനയില്‍ ഉദ്യോഗസ്ഥനായിരുന്നു.