ലണ്ടന്‍ : പ്രതിരോധകുത്തിവെപ്പ് ഉപയോഗിച്ച് ടൈപ്പ് വണ്‍ പ്രമേഹത്തെ നിയന്ത്രിക്കാമെന്ന് പഠനഫലം. സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സെന്‍ററിലെ ഗവേഷകരാണ് ആദ്യഘട്ട പരീക്ഷണത്തില്‍ ഇക്കാര്യം സ്ഥിരീകരിച്ചത്.
ഇന്‍സുലിന്‍ ഉത്പാദിക്കുന്ന പാന്‍ക്രിയാസിലെ ബീറ്റാ കോശങ്ങളെ ശരീരത്തിന്റെ പ്രതിരോധ സംവിധാനം തന്നെ നശിപ്പിക്കുന്നതാണ് ടൈപ്പ് ഒന്ന് പ്രമേഹത്തിന്റെ കാരണം. ഇതോടെ ശരീരത്തിനാവശ്യമായ ഇന്‍സുലിന്‍ കുത്തിവെപ്പ് വഴി നല്‍കേണ്ട അവസ്ഥയുണ്ടാകും. നിലവില്‍ ഇതിന് മറ്റ് ചികിത്സകളൊന്നുമില്ല.
പുതിയ വാക്‌സിന്‍ പ്രതിരോധ സംവിധാനത്തെ ഈ നശീകരണപ്രക്രിയയില്‍ നിന്ന് പിന്തിരിപ്പിക്കും. ബീറ്റാ കോശങ്ങളെ ആക്രമിക്കുന്ന പ്രത്യേക വെളുത്ത രക്താണുക്കളെയാണ് വാക്‌സിന്‍ ലക്ഷ്യമിടുക. ദീര്‍ഘകാല പാര്‍ശ്വഫലങ്ങള്‍ പഠിക്കുന്ന രണ്ടാം ഘട്ടത്തിനുശേഷമേ വാക്‌സിന്‍ വിപണിയിലെത്തുകയുള്ളൂ.