ടോക്കിയോ: മുഖസൗന്ദര്യത്തിനായി ആളുകള്‍ ചെലവഴിക്കുന്ന പണത്തിനും സമയത്തിനും കൈയും കണക്കുമില്ല. എന്നാല്‍ കീശകാലിയാകുന്നതല്ലാതെ വേറെ ഫലമൊന്നും ലഭിക്കാറില്ല. ചിലപ്പോഴൊക്കെ വിപരീത ഫലം ഉണ്ടാകാറുമുണ്ട്. എന്നാല്‍ പൂര്‍ണമായും പ്രകൃതിദത്തമായ ഒരു രീതിയുമായി ലോകത്തെ അമ്പരപ്പിക്കുകയാണ് ജപ്പാനിലെ ഒരു ബ്യൂട്ടി പാര്‍ലര്‍ . ഒരു കാര്യം മാത്രം നിര്‍ബന്ധം. ഒച്ചുകളെ മുഖത്ത് സ്വതന്ത്രമായി വിഹരിക്കാന്‍ അനുവദിക്കണം.
ഒച്ചുകള്‍ മുഖത്ത് ഇഴയുന്നതിനെക്കുറിച്ച് അറപ്പും പേടിയുമില്ലാത്തവരുണ്ടാകില്ല. പക്ഷേ , മുഖസൗന്ദര്യം വേണമെങ്കില്‍ അതൊക്കെവേണ്ടിവരും.
മൃതകോശങ്ങള്‍ നീക്കാനും മുഖക്കുരുവിന് കാരണമായ ചെറുസുഷിരങ്ങള്‍ വൃത്തിയാക്കി യൗവനം തിരികെപ്പിടിക്കാനും ഒച്ചുകളെ വെറും അഞ്ചു മിനിറ്റ് സ്വതന്ത്രമായി മുഖത്ത് വിഹരിക്കാന്‍ അനുവദിച്ചാല്‍ മതിയെന്നാണ് ടോക്കിയോയിലെ 'സിസ് ലാബോ' എന്ന ബ്യൂട്ടിപാര്‍ലറിന്റെ വക്താവ് മനാമി തകാമുര പറയുന്നത്.
ഒച്ചുകള്‍ പുറപ്പെടുവിക്കുന്ന പശിമയുള്ള ദ്രവം പഴകിയ കോശങ്ങള്‍ നീക്കംചെയ്യുകയും വെയിലേറ്റുണ്ടാകുന്ന കരിവാളിപ്പ് അകറ്റുകയും ചെയ്യും. മുഖത്ത് ഈര്‍പ്പമുണ്ടാക്കാനും ഈ ദ്രവം സഹായിക്കും. ഒച്ചിന്റെ ദ്രവത്തിന് ത്വക്കിനെ വാര്‍ധക്യബാധയില്‍നിന്ന് സംരക്ഷിക്കാനാകുമെന്നാണ് വിശ്വാസം. വിപണിയില്‍ വില്‍ക്കുന്ന ചില സൗന്ദര്യസൗരക്ഷണ വസ്തുക്കളില്‍ ഒച്ചില്‍നിന്നുള്ള സത്ത് ഉപയോഗിക്കുന്നുമുണ്ട്.
ഒച്ചുകളെ മുഖത്തു വെക്കുമ്പോള്‍ നൂറുശതമാനം ശുദ്ധമായ ദ്രവമാണ് നേരിട്ടു ലഭിക്കുന്നതെന്നും മനാമി പറയുന്നു. സിസ് ലാബോ ബ്യൂട്ടിപാര്‍ലറില്‍ ഒറ്റത്തവണ ഒച്ച് തെറാപ്പി ചെയ്യാന്‍ 10,500 യെന്‍ (ഏതാണ്ട് 6,350 രൂപ) ആണ് ഈടാക്കുന്നത്. എന്തായാലും 'ഒച്ച് തെറാപ്പി' ഇതിനോടകം ശ്രദ്ധനേടിക്കഴിഞ്ഞു.