ചെന്നൈ : നവജാത ശിശുവിന്റെ ശരീരത്തില്‍ സ്വയംതീപിടിക്കുന്ന അത്യപൂര്‍വ സംഭവം. തമിഴ്നാട്ടിലെ ദിന്ധിവനം സ്വദേശിയായ രാഹുലെന്ന രണ്ടരമാസം പ്രായമായ കുഞ്ഞിനാണ് ഈ അപൂര്‍വ ആരോഗ്യപ്രശ്നം. രണ്ടരമാസത്തിനിടെ നാലുതവണ രാഹുലിന്റെ ശരീരത്തില്‍ തീപിടിച്ചു. ഇപ്പോള്‍ ചെന്നൈയിലെ കില്‍പാക് മെഡിക്കല്‍ കോളേജ് (കെഎംസി) ഹോസ്പിറ്റലില്‍ ചികിത്സയില്‍ കഴിയുന്ന രാഹുലിന്റെ അസുഖം, കഴിഞ്ഞ 300 വര്‍ഷത്തിനിടെ ലോകത്ത് 200 പേര്‍ക്ക് മാത്രം ബാധിച്ചിട്ടുള്ള 'സ്‌പൊണ്ടേനിയസ് ഹ്യുമണ്‍ കംബസ്റ്റണ്‍' (എസ്എച്ച്സി) എന്ന പ്രശ്‌നം ആണെന്നാണ് വിലയിരുത്തല്‍ .
മറ്റ് ആരോഗ്യപ്രശ്‌നമൊന്നും പ്രകടമായിട്ടില്ലാത്ത കുട്ടിയ്ക്ക് ജനിച്ചു ഒന്‍പത് ദിവസം കഴിഞ്ഞപ്പോള്‍ ആണ് ശരീരത്തില്‍ ആദ്യം തീപിടിച്ചത്. ഇത് കണ്ട് അമ്മ രാജേശ്വരി അന്ധാളിച്ചു. അടുത്തൊന്നും തീയുടെ സാന്നിധ്യമില്ലായിരുന്നു. ഉടന്‍തന്നെ കുഞ്ഞിനെ വില്ലുപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. മൂന്നു ദിവസം കഴിഞ്ഞ് അവിടെനിന്ന് ഡിസ്ചാര്‍ജ് ചെയ്തു. എന്നാല്‍ തുടര്‍ന്നും കുഞ്ഞിന്റെ ശരീരത്തില്‍ തീപിടിച്ചു. ഏറ്റവുമൊടുവില്‍ രണ്ടാഴ്ച മുമ്പാണ് തീപിടത്തമുണ്ടായത്. എന്ന് പാദം മുതല്‍ ശിരസുവരെ തീപിടിച്ചു എന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
തീപിടിക്കുന്ന വാതകം കുട്ടിയുടെ തൊലിയിലെ സൂക്ഷ്മരന്ധ്രങ്ങളില്‍ക്കൂടി പുറത്തു വരുന്നുണ്ട് എന്നാണ് രാഹുലിനെ ചികിത്സിക്കുന്ന ശിശുരോഗവിദഗ്ധന്‍ ഡോ.നാരായണ ബാബു പറയുന്നത്. ഈ വാതകം ആണ് കുട്ടിയുടെ ശരീരത്തില്‍ തീപിടിക്കാന്‍ കാരണമത്രേ. എന്നാല്‍ ആ വാതകം ഏതാണെന്ന് ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. കുട്ടിയെ ബാധിച്ചിട്ടുള്ള പ്രശ്‌നം ഡോക്ടര്‍മാരെ അക്ഷരാര്‍ധത്തില്‍ ഞെട്ടിച്ചിച്ചിരിക്കുകയാണ്. കാരണം സ്‌പൊണ്ടേനിയസ് ഹ്യുമണ്‍ കംബസ്റ്റണ്‍'' എന്ന അവസ്ഥയ്ക്ക് എന്താണ് കാരണമെന്ന് ഇനിയും വ്യക്തമായി ആര്‍ക്കുമറിയില്ല. ചില ഡോക്ടര്‍മാര്‍ പറയുന്നത് രക്തത്തില്‍ ആല്‍ക്കഹോളിന്റെ അളവ് വര്‍ധിക്കുന്നതാണ് കാരണമെന്നാണ്. അത് ശരീരത്തിലെ വാതകങ്ങളുമായി ചേര്‍ന്ന് തീപ്പിടിക്കുകയാണത്രെ.
രണ്ടുപതിറ്റാണ്ട് മുമ്പ് ഏതാണ്ട് സമാനമായ അവസ്ഥയില്‍ ഒരു 23 കാരനെ ചികിത്സിച്ച കാര്യം, കെഎംസിയിലെ പൊള്ളല്‍ ചികിത്സാവിഭാഗം മേധാവി ഡോ.ജയരാമന്‍ ഓര്‍ക്കുന്നു. 'എസ്.എച്ച്.സിയെന്ന അപൂര്‍വ അവസ്ഥയെക്കുറിച്ച് ഒട്ടേറെ സിദ്ധാന്തങ്ങള്‍ നിലവിലുണ്ട്. പക്ഷേ, അവയ്‌ക്കൊന്നും ശാസ്ത്രീയമായ പിന്തുണയില്ല' എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഈ അവസ്ഥയ്ക്ക് പ്രത്യേകം ചികിത്സയില്ല. സാധാരണ പൊള്ളല്‍ പോലെ ഇതുമൂലമുണ്ടാകുന്ന പൊള്ളലും ചികിത്സിക്കാമെന്നു മാത്രം.
എസ്.എച്ച്.സി ബാധിച്ചവരുടെ സമീപ പ്രദേശത്ത് എവിടെയെങ്കിലും ഒരു ചെറിയ തീപ്പൊരിയുണ്ടായാല്‍ മതി ശരീരത്തില്‍ തീപിടിക്കാന്‍. അതിനാല്‍ , കുട്ടിയെ തീയുടെ അടുത്തോ അതിന് സാധ്യതയുള്ള ഇടങ്ങളിലോ കൊണ്ടുപോകരുത്. കഴിയുന്നതും തണുത്ത അന്തരീക്ഷമായിരിക്കും കുട്ടിക്ക് നല്ലതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.