ലണ്ടന്‍: ആത്മഹത്യകള്‍ പെരുകുന്ന കാലമാണിത്. മനശാസ്ത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളിയാണ് ആത്മഹത്യ. അതുകൊണ്ട് തന്നെ നിരാശയുടെയോ പ്രത്യേക സാഹചര്യത്തിന്റെയോ സൃഷ്ടി മാത്രമല്ല ആത്മഹത്യ, അത് മനസിന്റെ ദുര്‍ബലത കൂടിയാണ്. ആത്മഹത്യ പ്രേരണയുള്ളവരെ കണ്ടെത്തിയാല്‍ ഒരു പരിധി വരെ മരണങ്ങള്‍ തടയാന്‍ കഴിയും.
എല്ലാ മേഖലയിലും ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്. തനിക്ക് ആത്മഹത്യ പ്രേരിതമായ ചിന്തകള്‍ ഉണ്ടാകുന്ന കാര്യം ആരും തുറന്ന് പറയില്ല. അതുകൊണ്ട് തന്നെ അവര്‍ മരിച്ച് കഴിഞ്ഞ് നിസ്സഹായരായി നോക്കി നില്‍ക്കാനേ മറ്റുള്ളവര്‍ക്ക് സാധിക്കാറുള്ളു.
ലളിതമായ രക്തപരിശോധനയിലൂടെ ഒരു വ്യക്തിയിലെ ആത്മഹത്യ പ്രേരണ അറിയാമെന്നാണ് ഇന്‍ഡിയാന സര്‍വ്വകലാശാലയിലെ ശാസ്ത്രജ്ഞര്‍ പറയുന്നത്. ആത്മഹത്യ ചെയ്യണമെന്ന പ്രേരണയുള്ള ആളുകളെ രക്തത്തിലെ ആര്‍എന്‍എ ബയോമാര്‍ക്കേഴ്‌സിന്റെ അളവിന്റെ അടിസ്ഥാനത്തില്‍ തിരിച്ചറിയാമെന്നാണ് ഇവര്‍ കണ്ടെത്തിയിരിക്കുന്നത്.
ബൈപ്പോളാര്‍ അവസ്ഥയിലുളളവരിലും ആത്മഹത്യ ചെയ്യുന്നവരിലും നിശ്ചിത ബയോമാര്‍ക്കേഴ്‌സ് കൂടുതലായി കാണുമെന്നാണ് ഗവേഷകര്‍ പറയുന്നത്.
ഒരു വ്യക്തിയിലെ ആത്മഹത്യ പ്രേരണ തിരിച്ചറിഞ്ഞ് തടയാന്‍ ശ്രമിക്കണമെന്ന് ഗവേഷകനായ ഡോക്ടര്‍ അലക്‌സാണ്ടര്‍ ബി നികുലെസ്‌കു പറഞ്ഞു. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി നികുലെസ്‌കുവും സംഘവും ഗവേഷണത്തിലായിരുന്നു. ബൈപ്പോളാര്‍ രോഗാവസ്ഥ സ്ഥിരീകരിച്ച രോഗികളുടെ രക്ത സാമ്പിളുകള്‍ ഓരോ ആറ് മാസം കൂടുമ്പോഴും പരിശോധിച്ചും ഇവരുമായി അഭിമുഖം നടത്തിയുമാണ് സംഘം പുതിയ കണ്ടെത്തലില്‍ എത്തിയത്.
ആത്മഹത്യ പ്രേരണ കൂടുതലായി ഉള്ളവരിലും അല്ലാത്തവരിലും ജീനിന്റെ സ്വഭാവത്തില്‍ വ്യത്യാസങ്ങള്‍ ഉള്ളതായി ഇവര്‍ കണ്ടെത്തി. കണ്‍വെര്‍ജന്റ് ഫങ്ഷണല്‍ ജിനോമിക്‌സ് എന്ന ജനിതക പരിശോധനയിലൂടെ ഇവര്‍ ഈ കണ്ടെത്തല്‍ സാധൂകരിക്കുകയും ചെയ്തു. എസ്എറ്റി1 മാര്‍ക്കറും മറ്റ് അനേകം മാര്‍ക്കറുകളും ഉപയോഗിച്ച് ആത്മഹത്യ പ്രേരണ കണ്ടെത്താന്‍ കഴിയുമെന്ന് ഇവര്‍ സ്ഥിരീകരിച്ചു. പുതിയ കണ്ടെത്തല്‍ മനശാസ്ത്രത്തിലെ ഒരു വലിയ കണ്ടുപിടുത്തമായിരിക്കും.