ഡല്‍ഹിയിലെ സര്‍ ഗംഗ രാം ആശുപത്രിയില്‍ റോബോട്ട് ഉപയോഗിച്ച് അര്‍ബുദ ശസ്ത്രക്രിയ. മലാശയത്തില്‍ രൂപപ്പെട്ട അര്‍ബുദത്തെ നീക്കം ചെയ്യാന്‍ മൂന്ന് ദിവസങ്ങള്‍ക്ക് മുന്‍പാണ് ശസ്ത്രക്രിയ നടത്തിയത്. ഡോ സൗമിത്ര റാവത്ത്, കെ.കെ വാസു എന്നിവരാണ് ക്ലേശകരമായ ഈ ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയത്. 'ഡാവിഞ്ചി റോബോട്ടിന്റെ' സഹായത്തോടെയാണ് മെഡിക്കല്‍ സംഘം ശസ്ത്രക്രിയ നടത്തിയത്. ബുധനാഴ്ച ആശുപത്രി പുറത്തിറക്കിയ ബുള്ളറ്റിനിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
2000 മുതല്‍ ഡാവിഞ്ചി റോബോട്ട് വിപണിയിലെത്തിയിരുന്നു. നാലു കൈകളുള്ള റോബോട്ടിനെ കമ്പ്യൂട്ടറുമായി ബന്ധിപ്പിച്ചാണ് ശസ്ത്രക്രിയ നടത്തുന്നത്. കമ്പ്യൂട്ടര്‍ വഴിയാണ് ഇതിന്റെ നിയന്ത്രണം. റോബോട്ടിന്റെ നീളം കൂടിയ കൈയ്യില്‍ ഘടിപ്പിച്ചിരിക്കുന്ന രണ്ട് ക്യാമറകളിലൂടെ രോഗിയുടെ ആന്തരീക ഭാഗങ്ങള്‍ കാണാന്‍ കഴിയും. ശസ്ത്രക്രിയക്ക് വിധേയനായ രോഗി സുഖം പ്രാപിച്ചുവരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു.