കാന്‍സറിനെതിരേയുള്ള യുദ്ധം ജയിക്കുന്നു, സ്‌കിന്‍ കാന്‍സറിന് മരുന്ന് കണ്ടെത്തിയതായി ഗവേഷകര്‍
ലണ്ടന്‍ : കാന്‍സറിനെ ഭയക്കാത്തവരില്ല. വര്‍ഷം തോറും ലക്ഷക്കണക്കിനാളുകള്‍ ഈ രോഗം മൂലം മരിക്കുന്നതാണ് മനുഷ്യന്‍ കാന്‍സര്‍ രോഗത്തെ ഇത്രയേറെ ഭയപ്പെടാന്‍ കാരണം. കാന്‍സറിനെതിരേ പതിറ്റാണ്ടുകളായി മെഡിക്കല്‍ ലോകം യുദ്ധത്തിലാണ്. എന്നാല്‍ ഈ യുദ്ധം വിജയത്തോട് അടുക്കുന്നതിന്റെ സൂചനകള്‍ കണ്ടു തുടങ്ങി. സ്‌കിന്‍ കാന്‍സര്‍ ചികില്‍സിച്ചു സുഖപ്പെടുത്തുന്ന മരുന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി. മറ്റ് കാന്‍സറുകളെയും നേരിടുന്നതിനുള്ള ചുവടുവയ്പ്പായി ഇതിനെ വിശേഷിപ്പിക്കുന്നു.
ത്വക്കിലുണ്ടാകുന്ന ഒരു തരം കാന്‍സറിനെ സുഖപ്പെടുത്തുന്ന മരുന്ന് കണ്ടെത്തിയതായി ഗവേഷകര്‍ അവകാശപ്പെട്ടു. യൂറോപ്യന്‍ കാന്‍സര്‍ കോണ്‍ഗ്രസിലാണ് കാന്‍സറിനെ സുഖപ്പെടുത്തുന്ന മരുന്നിന്റെ കണ്ടുപിടിത്തത്തെക്കുറിച്ച് ശാസ്ത്രജ്ഞര്‍ വെളിപ്പെടുത്തിയത്. സ്‌കിന്‍ കാന്‍സറിനെ കീഴടക്കുന്ന മരുന്നിന്റെ കണ്ടുപിടിത്തം മറ്റു കാന്‍സറിനെതിരേയുള്ള പോരാട്ടം ജയിക്കുന്നതിലേക്കും നയിക്കുമെന്ന് കരുതപ്പെടുന്നു. കാന്‍സര്‍ സുഖപ്പെടുത്തുന്നതിനെക്കുറിച്ച് ആദ്യമായി സംസാരിക്കാന്‍ കഴിയുന്നുവെന്നാണ് ഗവേഷകര്‍ അത്ഭുതത്തോടെ ഇതിനെക്കുറിച്ച് പറയുന്നത്.
കിഡ്‌നി, ശ്വാസകോശ കാന്‍സര്‍ എന്നിവ സുഖപ്പെടുത്തുന്ന മരുന്നുകളുടെ കണ്ടുപടിത്തത്തിലേക്കായിരിക്കും ഇത് ഇനി ആദ്യം നയിക്കുക എന്നു ഗവേഷകര്‍ പറയുന്നു. ആറില്‍ ഒന്നു വീതം സകിന്‍ കാന്‍സര്‍ രോഗികളെ സുഖപ്പെടുത്താന്‍ കഴിയുന്നുണ്ട്. പുതിയ മരുന്നിന്റെ വരവോടെ പകുതി സ്‌കിന്‍ കാന്‍സര്‍ രോഗികളെ സുഖപ്പെടുത്താമെന്നാണ് ശാസ്ത്ര ലോകത്തിന്റെ പ്രതീക്ഷ. അഞ്ചുമുതല്‍ പത്തു വര്‍ഷത്തിനകം ഇത് സാധിക്കുമെന്ന് ഫ്രാന്‍സിലെ ഗുസ്തവ് റൗസി ഇന്‍സ്റ്റിറ്റിയുട്ടിലെ പ്രൊഫസര്‍ അലക്‌സാണ്ടര്‍ എഗര്‍മോണ്ട് പറയുന്നു.
മലൊനോമ ( ഒരു തരം സ്‌കിന്‍ കാന്‍സര്‍ ) രോഗം മപിടിപെട്ടാല്‍ മാസങ്ങള്‍ക്കകം രോഗി മരിക്കും. വര്‍ഷം 48000 പേര്‍ ഈ രോഗം മൂലം മരിക്കുന്നുവെന്നാണ് കണക്ക്. ഇതില്‍ പകുതിയോളം പേരെ രക്ഷിക്കാമെന്നാണ് ഗവേഷകരുടെ കണക്കുകൂട്ടല്‍. നിലവില്‍ ഉപയോഗിക്കുന്ന മരുന്നുകളോടൊപ്പം പുതുതായി കണ്ടുപിടിക്കപ്പെട്ട മരുന്നുകള്‍കൂടി ചേര്‍ത്തുന്ന പുതിയ കോമ്പിനേഷന്‍ മരുന്നുകള്‍ അത്ഭുതകരമായ രീതിയില്‍ സുഖപ്പെടുത്തുമെന്നും ശാസ്ത്രലോകം കരുതുന്നു. മലൊനോമ കാന്‍സര്‍ പിടിപെട്ടാല്‍ അത് പെട്ടെന്ന് ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് കണ്ടുവരുന്നതായാണ് കാണുന്നത്.
കാന്‍സറിനോട് പോരാടുന്ന പ്രതിരോധ മരുന്ന് സംവിധാനം കണ്ടെത്തുന്നതിനുള്ള ശ്രമത്തിലാണ് വര്‍ഷങ്ങളായി മെഡിക്കല്‍ ശാസ്ത്ര ലോകം. എന്നാല്‍ ഇതുവരെ വിജയിച്ചിട്ടില്ല.