ലണ്ടന്‍: ഹൃദ്രോഗം തടയാന്‍ വ്യായാമം ഏറെ ഗുണംചെയ്യുമെന്ന് പഠനം. 3.4 ലക്ഷം രോഗികളില്‍ നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ട് ബ്രിട്ടീഷ് മെഡിക്കല്‍ ജേര്‍ണലില്‍ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചു. ഹൃദ്രോഗ, പക്ഷാഘാതരോഗികളിലാണ് പഠനം നടത്തിയത്. ഇവരില്‍ വ്യായാമം മരുന്നുകളേക്കാള്‍ ഫലം ചെയ്യുന്നതായി കണ്ടെത്തി. ഇത്തരം രോഗങ്ങളില്‍നിന്നുള്ള മുന്‍കരുതലായി വ്യായാമം നിര്‍ദേശിക്കണമെന്ന് ഗവേഷകര്‍ പറയുന്നു. മരുന്നുകള്‍ക്കു പകരമായി വ്യായാമം ചെയ്താല്‍ മതിയെന്നല്ല, രണ്ടിന്‍േറയും ഫലപ്രദമായ മിശ്രണത്തിലൂടെ രോഗശാന്തി ലഭിക്കുമെന്നാണ് ഉദ്ദേശിക്കുന്നത്.
വ്യായാമംമൂലം ഹൃദ്രോഗം, പക്ഷാഘാതം, പ്രമേഹം, കാന്‍സര്‍ എന്നിവയുടെ സാധ്യത 50 ശതമാനംവരെ കുറയ്ക്കാമെന്ന് പഠനം പറയുന്നു. അകാലമരണം 30 ശതമാനംവരെ കുറയ്ക്കാം. തൂക്കംകുറയ്ക്കല്‍, ഉറക്കം ശരിയാക്കല്‍, ഊര്‍ജവും പ്രസരിപ്പും നിലനിര്‍ത്തല്‍ എന്നിവയ്ക്കും വ്യായാമം സഹായിക്കും. ദിനംപ്രതി വേഗത്തിലുള്ള രണ്ടരമണിക്കൂര്‍ നടത്തം, സൈക്ലിങ് എന്നിവയാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നത്. വ്യായാമത്തിനായി യൂറോപ്യന്‍ രാജ്യങ്ങളിലും അമേരിക്കയിലും പരക്കേ ജിനേഷ്യം കേന്ദ്രങ്ങളുണ്ടെങ്കിലും ഇന്ത്യയില്‍ അതിന് പ്രചാരം ലഭിച്ചുവരുന്നതേയുള്ളു. രക്തസമ്മര്‍ദം കുറക്കുന്നതിന് വേണ്ടി കേരളത്തില്‍ മലയാളികള്‍ പൊതുവേ നടത്തവും അതുപോലുള്ള വ്യായാമങ്ങളും ചെയ്യുന്നുണ്ട്. എന്നാല്‍ വ്യായാമം ജീവിതത്തിന്റെ ഭാഗമാക്കുന്നവരുടെ എണ്ണം വളരെ കുറവാണ്. യു.കെ.യിലും അമേരിക്കയിലും കുടിയേറിയ ലയാളികളും വ്യായാമത്തിന്റെ കാര്യത്തില്‍ ഏറെ പുറകിലാണ്. ജോലിതന്നെ വ്യായാമമായി കാണുന്നതല്ലാതെ വ്യായാമത്തിന് വേണ്ടി പ്രത്യേക സമയം മാറ്റിവെക്കുകയോ അത് സ്ഥിരമാക്കുകയോ ചെയ്യുന്നവരുടെ എണ്ണം കുറവാണ്. ഇതുകൊണ്ട് തന്നെ ഇത്തരം രോഗങ്ങള്‍ മലയാളികളെ പിടികൂടുന്നുണ്ട്.