ശീതള പാനിയങ്ങളുടെ ഉപയോഗം വൃക്കയുടെ പ്രവര്‍ത്തനം തകരാറിലാക്കുമെന്ന് പഠനം. ജപ്പാനിലെ ഒസാക മെഡിക്കല്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. ദിവസം രണ്ടോ അതില്‍ കൂടുതലോ തവണ ശീതള പാനീയം കുടിക്കുന്നത് മൂത്രത്തില്‍ കൊഴുപ്പ് (പ്രോട്ടീന്യൂറിയ) കൂടാനിടയാക്കും. അളവില്‍ കൂടുതല്‍ കൊഴുപ്പ് വൃക്കയിലെത്തുന്നത് വൃക്കയുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുമെന്നും പഠനം വ്യക്തമാക്കുന്നു. ശീതള പാനിയങ്ങള്‍ തിരെ ഉപയോഗിക്കാത്തവര്‍, ദിവസത്തില്‍ ഒരു തവണ ഉപയോഗിക്കുന്നവര്‍, രണ്ടോ അതില്‍ കൂടുതലോ തവണ ഉപയോഗിക്കുന്നവര്‍ എന്നിങ്ങനെ തരം തിരിച്ചാണ് ഗവേഷകര്‍ പഠനം നടത്തിയത്.
മൂന്ന് വര്‍ഷത്തോളം നടത്തിയ പഠനത്തില്‍ ശീതള പാനീയം തീരെ ഉപയോഗിക്കാത്ത 3579 പേരില്‍ 301 പേര്‍ക്കാണ് വൃക്ക സംബന്ധമായ രോഗമുള്ളതെങ്കില്‍ ഇവ അമിതമായി ഉപയോഗിക്കുന്ന 1342 പേരില്‍ 144 പേരും പ്രോട്ടീന്യൂറിയ ഉള്ളവരാണ്. അമേരിക്കയിലെ വെസ്‌റ്റേണ്‍ റിസര്‍വ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ എലികളില്‍ നടത്തിയ മറ്റൊരു പഠനത്തില്‍ ശീതള പാനീയങ്ങളിലടങ്ങിയ ഫ്രക്ടോസിന്റെ അമിത ഉപയോഗം ശരീരത്തില്‍ ഉപ്പിന്റെ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്ന പ്രോട്ടീനായ ആന്‍ജിയോടെന്‍സിന്റെ അളവ് കൂടാനിടയാക്കുമെന്ന് കണ്ടെത്തി. ഇത് ശരീരം പുറന്തള്ളുന്ന ഉപ്പിന്റെ അംശത്തെ വൃക്കയിലെ കോശങ്ങള്‍ തിരികെ ആഗിരണം ചെയ്യാനിടവരുത്തുകയും പ്രമേഹം, പൊണ്ണത്തടി, വൃക്കരോഗം, രക്തസമ്മര്‍ദ്ദം എന്നിവയ്ക്കിടയാക്കുമെന്നും പഠനം പറയുന്നു.