ലണ്ടന്‍ : മദ്യം ആരോഗ്യത്തിനു ഹാനികരം, മദ്യപാനികള്‍ വീടിനും സമൂഹത്തിനും വിപത്ത് എന്നീ വസ്തുതകള്‍ നിലനില്‍ക്കെ മദ്യപാനികള്‍ക്ക് സന്തോഷം നല്കുന്ന പുതിയ പഠന റിപ്പോര്‍ട്ട്. സ്ഥിരമായി മ്യപിക്കുന്നവര്‍ മദ്യം ഉപയോഗിക്കാത്തവരെക്കാള്‍ കൂടുതല്‍ കാലം ജീവിക്കുമെന്ന് ആണ് പഠനം പറയുന്നത്. ആല്‍ക്കഹോളിസം: ക്‌ളിനിക്കല്‍ ആന്‍ഡ് എക്‌സ്‌പെരിമെന്റല്‍ റിസര്‍ച്ച് ജേര്‍ണലിലാണ് ഈ പഠനം വന്നിരിക്കുന്നത്. ബ്രിട്ടനിലെ ദി ഇന്‍ഡിപ്പെന്‍ഡന്റ് പത്രമാണ് ഇതു റിപ്പോര്‍ട്ട് ചെയ്തത്.
പതിവായി അമിതമായി മദ്യപിക്കുന്നവര്‍ പോലും മദ്യം കൈകൊണ്ടു തൊടാത്തവരെക്കാള്‍ കൂടുതല്‍ കാലം ജീവിക്കുന്നുവെന്നാണ് കണക്കുകള്‍ നിരത്തി പഠനം പറയുന്നത്. മിതമായ അളവില്‍ മദ്യപിക്കുന്നവര്‍ക്കിടയിലാണ് മരണനിരക്ക് ഏറ്റവും കുറവ്. ടെക്‌സസ് യൂണിവേഴ്‌സിറ്റിയിലെ സൈക്കോളജിസ്റ്റ് ചാള്‍സ് ഹോലാഹാന്റെ നേതൃത്വത്തിലായിരുന്നു റിസര്‍ച്ച്. 55 നും 65 നും ഇടയില്‍ പ്രായമുള്ള 1,824 പേരില്‍ ഇരുപതു വര്‍ഷം നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ കണ്ടെത്തല്‍. പഠനത്തിനു വിധേയരായരില്‍ 63 ശതമാനവും പുരുഷന്‍മാരാണ്.
ഇവരില്‍ മദ്യം കൈകൊണ്ട് തൊടാത്ത 69 ശതമാനം പേരാണ് ഇരുപതു വര്‍ഷത്തിനിടെ മരിച്ചത്. എന്നാല്‍ പതിവായി മദ്യപിക്കുന്നവരില്‍ 41 ശതമാനമേ ഇക്കാലയളവില്‍ മരണപ്പെട്ടുള്ളൂ. എങ്കിലും അമിത മദ്യപാനം മൂലം ഉള്ള സോഷ്യല്‍ , അനാരോഗ്യ സ്വഭാവ ദോഷങ്ങള്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. മദ്യപാനം നിയന്ത്രിച്ചില്ലെങ്കില്‍ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്ന് സംഘം സമ്മതിക്കുന്നു. എങ്കിലും മരണനിരക്ക് മിതമായി മദ്യപിക്കുന്നവരെക്കാള്‍ മദ്യം ഉപയോഗിക്കാത്തവരുടെയാണ് (51 ശതമാനം). അമിതമായി മദ്യപിക്കുന്നവരുടെ നിരക്ക് 45 ശതമാനവും. എങ്കിലും മദ്യലഹരിയിലുണ്ടാക്കുന്ന അക്രമവും അപകടവും ഇതില്പ്പെടുന്നില്ല. മാന്യമായ കുടിയാണ് പരിഗണനാവിഷയമായത്.
കുറഞ്ഞ അളവില്‍ റെഡ് വൈന്‍ കുടിയ്ക്കുന്നത് ആരോഗ്യത്തിനു നല്ലതാണെന്ന് അടുത്തിടെ മറ്റൊരു പഠനം ചൂണ്ടിക്കാട്ടിയിരുന്നു. ഇതൊക്കെയാണെങ്കിലും
പതിവായി അതിരുവിട്ട കുടിയും നിയന്ത്രണമില്ലായ്മയും ഉള്ള മലയാളികള്‍ അടക്കമുള്ളവര്‍ക്ക് ദീര്‍ഘായുസ് ഉണ്ടാവാന്‍ തരമില്ല. മദ്യത്തിനു അടിമയായിക്കഴിഞ്ഞവര്‍ക്ക് ബാധകമാവില്ലെന്ന് സാരം.