ഇന്ത്യയെ സമ്പൂര്‍ണ പോളിയോ വിമുക്ത രാജ്യമായി ഔദ്യോഗികമായി ഡബ്ല്യു.എച്ച്.ഒ. പ്രഖ്യാപിച്ചു. വസൂരിക്ക് പിന്നാലെ മറ്റൊരു രോഗത്തെക്കൂടി പൂര്‍ണമായി ഇല്ലാതാക്കാന്‍ ഇതോടെ ഇന്ത്യക്ക് കഴിഞ്ഞു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ രാജ്യത്ത് ഒറ്റ പോളിയോ ബാധ പോലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലാത്ത പശ്ചാത്തലത്തിലായിരുന്നു പ്രഖ്യാപനം. ഇതോടെ, ലോകത്ത് പോളിയോ ബാധയുള്ള രാജ്യങ്ങളുടെ എണ്ണം മൂന്നായി ചുരുങ്ങി. പാകിസ്താന്‍, അഫ്ഗാനിസ്താന്‍, നൈജീരിയ എന്നിവയാണവ.
ലോകത്ത് ഏറ്റവുമധികം പോളിയോ ബാധ(741)യുണ്ടായിരുന്ന രാജ്യം എന്ന നിലയില്‍(2009) നിന്നാണ് പോളിയോമുക്ത രാജ്യമെന്ന നേട്ടം ഇന്ത്യ കൈവരിച്ചത്. 2011 ല്‍ ഒരു പോളിയോ ബാധമാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്.
പോളിയോ വൈറസുണ്ടോ എന്നറിയാന്‍ നടത്തിയ വിവിധ പരിശോധനകള്‍ വിജയിച്ചതിനെതുടര്‍ന്നാണ് ഡബ്ല്യു.എച്ച്.ഒ. ഔദ്യോഗികമായി ഇന്ത്യയെ സമ്പൂര്‍ണ പോളിയോമുക്ത രാജ്യമായി പ്രഖ്യാപിച്ചത്. ഇതോടെ രോഗബാധയുള്ള രാജ്യങ്ങളുടെ പട്ടികയില്‍നിന്ന് ഇന്ത്യയെ ഒഴിവാക്കി.
പൊതുജനാരോഗ്യ രംഗത്ത് ഇന്ത്യയുടെ മഹത്തായ നേട്ടമാണിതെന്ന് ഡബ്ല്യു.എച്ച്.ഒ. പ്രശംസിച്ചു. കേന്ദ്രത്തിലും സംസ്ഥാനങ്ങളിലുമുള്ള ശക്തമായ നേതൃത്വമാണ് ഈ നേട്ടം കൈവരിക്കാന്‍ ഇന്ത്യയെ സഹായിച്ചത്.
അഞ്ചുവയസ്സില്‍ താഴെ പ്രായമുള്ള 17 കോടി കുട്ടികള്‍ക്ക് ദേശീയ തലത്തില്‍ രണ്ടുതവണ നടത്തുന്ന പ്രതിരോധ തുള്ളിമരുന്ന് വിതരണം, കൂടുതല്‍ രോഗ സാധ്യതയുള്ള മേഖലയില്‍ ഏഴ് കോടി കുട്ടികള്‍ക്ക് പലതവണ തുള്ളിമരുന്ന് നല്‍കല്‍ എന്നീ പ്രവര്‍ത്തനങ്ങളാണ് ഇന്ത്യയ്ക്ക് നേട്ടമുണ്ടാക്കാന്‍ ഇടയാക്കിയതെന്ന് ഡബ്ല്യു.എച്ച്.ഒ. അറിയിച്ചു.