ജനീവ: സ്വവര്‍ഗരതിക്കാരായ പുരുഷന്മാര്‍ എച്ച്.ഐ.വി വ്യാപിക്കുന്നത് തടയുവാന്‍ വേണ്ടിയുള്ള മരുന്നുകള്‍ കഴിക്കണമെന്ന് ലോകാരോഗ്യ സംഘടന ശുപാര്‍ശചെയ്തു.സാധാരണക്കാരേക്കാള്‍ സ്വവര്‍ഗരതിക്കാര്‍ക്ക് എച്ച്.ഐ.വി. ബാധിക്കാനുള്ള സാധ്യത 19 മടങ്ങാണെന്ന് ലോകാരോഗ്യസംഘടനയുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഇങ്ങനെ ചെയ്യുന്നത് വഴി വരുന്ന പത്തു വര്‍ഷത്തിനിടയില്‍ പത്തുലക്ഷം പുതിയ എയ്ഡ്‌സ് വൈറസ് ബാധിതരുണ്ടാകുന്നത് തടയാന്‍ കഴിയുമെന്ന് കണക്കാക്കുന്നു.
അതേസമയം പുതിയ നിര്‍ദേശം ഉറകള്‍ ഉപയോഗിക്കുന്ന രീതിയെ നിരുത്സാഹപ്പെടുത്തുന്നതാണെന്ന വിമര്‍ശനവുമുണ്ട്. നിലവില്‍ ഉറ ഉപയോഗം എച്ച്.ഐ.വി. ബാധയ്‌ക്കെതിരായ മികച്ച പ്രതിരോധ മാര്‍ഗമായാണ് കരുതപ്പെടുന്നത്. ഉറയുടെയും മരുന്നിന്റെയും സമ്മിശ്ര ഉപയോഗം എച്ച്.ഐ.വി. ബാധ തടയുമെന്നാണ് കണക്കുകൂട്ടുന്നത്. പ്രതിരോധമരുന്നിന്റെ കൃത്യമായ ഉപയോഗത്തിലൂടെ എച്ച്.ഐ.വി. പകരാനുള്ള സാധ്യത 92 ശതമാനംവരെ കുറയ്ക്കാനാവുമെന്ന് പഠനങ്ങള്‍ പറയുന്നു.