സിഡ്‌നി : നൂറു ശതമാനം മരണം സംഭവിച്ചവരുടെ ഹൃദയം രോഗികളില്‍ വിജയകരമായി മാറ്റിവച്ചു ഓസ്ട്രേലിയന്‍ ഡോക്ടര്‍മാര്‍ വൈദ്യശാസ്ത്രത്തില്‍ പുതുചരിത്രമെഴുതി. മരിച്ച മൂന്നുപേരുടെ ഹൃദയങ്ങള്‍ ഹൃദ്രോഗികളായ മൂന്നുപേരുടെ ജീവിതത്തിനാണ് വെളിച്ചമെകിയത്. സിഡ്‌നിയിലെ സെന്റ് വിന്‍സന്റ്‌സ് ഹോസ്പിറ്റലിലെ ഡോക്ടര്‍മാരാണ് ലോകത്താദ്യമായിസങ്കീര്‍ണ ശസ്ത്രക്രിയയിലൂടെ ഈ നേട്ടം സ്വന്തമാക്കിയത്. അതുവഴി മൂന്നു ഹൃദ്രോഗരോഗികള്‍ക്ക് പുതുജീവിതം ലഭിക്കുകയും ചെയ്തു. മിഷെലെ ഗ്രിബിലാസ് (57), ജാന്‍ ഡാമെന്‍ (44) എന്നിവരും പേരുവെളിപ്പെടുത്താ മറ്റൊരാളുമാണ് രക്ഷനേടിയത്. മരിച്ച ഹൃദയത്തിനു ജീവനെകിയാണ് ഡോക്ടര്‍മാര്‍ ലോകത്തെ ലക്ഷക്കണക്കിന് ഹൃദയം രോഗികള്‍ക്ക് പ്രതീക്ഷയേകിയത്. നൂറുശതമാനം മസ്തിഷ്‌കമരണം പ്രാപിച്ചവരുടെ ഹൃദയങ്ങളാണ് ഇതിനായി എടുക്കുന്നത്.
വിക്ടര്‍ ചാങ് കാര്‍ഡിയാക് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വികസിപ്പിച്ചെടുത്ത ഒരു പ്രിസര്‍വേഷന്‍ സൊലൂഷന്‍ ഉപയോഗിച്ചതിനുശേഷം ഹൃദയങ്ങളെ മൂന്നുപേരില്‍ ചേര്‍ക്കുകയായിരുന്നു. മരിച്ചവരില്‍ നിന്ന് തുന്നിപ്പിടിപ്പിക്കാനെടുത്ത ഹൃദയങ്ങളിലൊന്ന് 20 മിനിറ്റോളം നിശ്ചലമായിരുന്നു. തുടര്‍ന്ന് ഒരു യന്ത്രത്തിലൂടെ അതിന്റെ പ്രവര്‍ത്തനം പുനരാരംഭിപ്പിച്ചശേഷം പ്രിസര്‍വേഷന്‍ സൊലൂഷന്‍ കുത്തിവെക്കുകയായിരുന്നു.12 വര്‍ഷത്തെ പരീക്ഷണങ്ങള്‍ക്കുശേഷമാണ് സൊലൂഷന്‍ തയ്യാറാക്കിയത്. നിന്നുപോയ ഹൃദയം വീണ്ടും പുനരാരംഭിക്കുമ്പോള്‍ ഉണ്ടാകുന്ന നാശം ഇല്ലാതാക്കാന്‍ ഇതിനുകഴിയും.
സ്തംഭിക്കുമ്പോള്‍ ഹൃദയത്തിനുണ്ടാകുന്ന നാശം കുറയ്ക്കാനും ട്രാന്‍സ്പ്ലാന്റേഷന് കൂടുതല്‍ അനുയോജ്യമാക്കാനും കഴിയുന്ന സൊലൂഷന്‍ കൊണ്ട് മുപ്പതുശതമാനത്തിലേറെ ജീവിതങ്ങള്‍ രക്ഷിക്കാന്‍ കഴിയുമെന്ന് ആശുപത്രി വൃത്തങ്ങള്‍ വെളിപ്പെടുത്തി.