എയ്ഡ്‌സ് രോഗകാരിയായ ഹ്യൂമന്‍ ഇമ്യൂണോഡെഫിഷ്യന്‍സി വൈറസിന് (എച്ച്.ഐ.വി) ശക്തികുറയുന്നതായി പഠനം. മാരക രോഗം തടയാനുള്ള ശ്രമങ്ങള്‍ക്ക് പ്രതീക്ഷ പകരുന്നതാണ് ഓകസ്ഫഡ് സര്‍വകലാശാലാ ഗവേഷകരുടെ കണ്ടെത്തല്‍. ഈ പ്രക്രിയ തുടര്‍ന്നാല്‍ ഭാവിയില്‍ വൈറസ് നിരുപദ്രവകാരിയായി മാറിയേക്കാമെന്നും ചില ഗവേഷണം ചൂണ്ടിക്കാട്ടുന്നു.
മനുഷ്യരില്‍ അതിജീവിക്കുന്നതിനായാണ് എയ്ഡ്‌സ് വൈറസ് ശക്തികുറയ്ക്കുന്നതെന്ന് ഓക്‌സ്ഫഡ് ശാസ്ത്രജ്ഞന്‍ പ്രൊഫ. ഫിലിപ്പ് ഗൗള്‍ഡര്‍ വിലയിരുത്തുന്നു. രോഗപ്രതിരോധശേഷി കൂടിയവരില്‍ വൈറസ്ബാധ രോഗമായി പരിണമിക്കാന്‍ ദീര്‍ഘകാലമെടുക്കുന്നു. മനുഷ്യരുടെ രോഗപ്രതിരോധ വ്യവസ്ഥയില്‍ നിന്ന് രക്ഷപ്പെടാന്‍ മാറ്റത്തിന് വിധേയമാവുകയേ വൈറസിന് മാര്‍ഗമുള്ളൂ. പ്രൊസീഡിങ്‌സ് ഓഫ് ദ നാഷണല്‍ അക്കാദമി ഓഫ് സയന്‍സിലെ പ്രബന്ധത്തില്‍ ഗൗള്‍ഡര്‍ ചൂണ്ടിക്കാട്ടുന്നു. വൈറസ് വിരുദ്ധ മരുന്നുകളും എച്ച്.ഐ.വി.യുടെ കരുത്ത് കുറയ്ക്കാന്‍ കാരണമാവുന്നുണ്ട്.
എയ്ഡ്‌സ് തുടക്കത്തിലെത്തിയ ആഫ്രിക്കയിലെ ബോട്‌സ്വാനയിലാണ് ഗവേഷകര്‍ വൈറസിന്റെ ശക്തികുറയല്‍ പ്രക്രിയ നിരീക്ഷിച്ചത്. ബോട്‌സ്വാനയില്‍ കാണപ്പെടുന്ന വൈറസിന് ദക്ഷിണാഫ്രിക്കയിലുള്ള വൈറസിനെ അപേക്ഷിച്ച് 10 ശതമാനം ശക്തികുറഞ്ഞതായാണ് കണ്ടെത്തല്‍. 1980-കളുടെ തുടക്കത്തില്‍ പ്രത്യക്ഷപ്പെട്ട എയ്ഡ്‌സ് വൈറസ് ലോകത്ത് മൂന്നരക്കോടിയിലേറെപ്പേരെ ബാധിച്ചിട്ടുണ്ട്.