സിഡ്‌നി: പ്രമേഹ ചികിത്സയില്‍ വഴിത്തിരിവായി ലോകത്താദ്യമായി നാല് വയസ്സുള്ള കുട്ടിയില്‍ കൃത്രിമ പാന്‍ക്രിയാസ് വെച്ചുപിടിപ്പിച്ചു. തൊലിക്കടിയില്‍ പിടിപ്പിച്ച എംപി3 യുടെ വലിപ്പമുള്ള കൃത്രിമ അവയത്തിന്റെ കുഴലുകള്‍ വഴി ആവശ്യത്തിന് ഇന്‍സുലിന്‍ പമ്പ് ചെയ്യുന്നതിന് സഹായിക്കും. നാലുവയസ്സുള്ള സേവിയര്‍ ഹെയിംസ് എന്ന ആണ്‍കുട്ടിക്കാണ് കൃത്രിമ പാന്‍ക്രിയാസ് പുതുജീവിതം പകര്‍ന്നത്.
മെല്‍ബണിലെ പ്രിന്‍സസ് മാര്‍ഗരറ്റ് ചില്‍ഡ്രണ്‍സ് ഹോസ്പിറ്റല്‍, ജൂവനൈല്‍ ഡയബറ്റിസ് റിസര്‍ച് ഫൗണ്ടേഷന്റെ സഹായത്തോടെയാണ് പാന്‍ക്രിയാസ് പോലെ പ്രവര്‍ത്തിക്കുന്ന ഇന്‍സുലിന്‍ പമ്പ് വികസിപ്പിച്ചെടുത്തത്.
ഗ്ലൂക്കോസ് സെന്‍സര്‍, കംപ്യൂട്ടര്‍ ചിപ്പ്, ഇന്‍സുലിന്‍ പമ്പ് മുതലായവ കോര്‍ത്തിണക്കിയതാണ് ഉപകരണം. രക്തത്തിലെ പഞ്ചസാരയുടെ വ്യതിയാനങ്ങള്‍ സ്വയം മനസിലാക്കി ആവശ്യമുള്ളപ്പോള്‍മാത്രം ഇന്‍സുലിന്‍ രക്തത്തിലെത്തിക്കാന്‍ ഇതിന് കഴിയും. പാന്‍ക്രിയാസിന്റെ പ്രവര്‍ത്തനം അതേപടി അനുകരിക്കുകയാണ് യന്ത്രം ചെയ്യുന്നതെന്ന് വെസ്റ്റേണ്‍ ആസ്‌ത്രേലിയ ആരോഗ്യവിഭാഗം അറിയിച്ചു. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുമ്പോഴുണ്ടാകുന്ന അപകടകരമായ അവസ്ഥ ഇല്ലാതാക്കാന്‍ ഇത് സഹായിക്കും.
നാലുവര്‍ഷം വരെയാണ് ഉപകരണത്തിന്റെ കാലാവധി. ടൈപ്പ് വണ്‍ ഡയബറ്റിസ് രോഗിയായ സേവിയര്‍ ഹെയിംസിന് 22 മാസം പ്രായമുള്ളപ്പോഴാണു അസുഖം കണ്ടെത്തുന്നത്. കുട്ടികള്‍ക്കു മാത്രമല്ല മുതിര്‍ന്നവര്‍ക്കും ഈ പമ്പ് ഉപയോഗിക്കാമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. 10,000 ഡോളറാണ് (അഞ്ചുലക്ഷത്തോളം രൂപ) ഉപകരണത്തിന്റെ വില.