ലണ്ടന്‍ : തടികൂടുന്നവരെന്നു പരക്കെ പ്രചരണം ഉണ്ടെങ്കിലും ബ്രിട്ടനിലെ ഹൃദയങ്ങള്‍ക്ക് ആശ്വസിക്കാം. കാരണം ഹൃദയാഘാതവും, സ്‌ട്രോക്കും രാജ്യത്ത് വന്‍തോതില്‍ കുറയുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. ഇതുവഴി മരണനിരക്കും കുറഞ്ഞു. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ ഹൃദ്രോഗം മൂലമുള്ള മരണങ്ങള്‍ ബ്രിട്ടനില്‍ 40 ശതമാനം കുറഞ്ഞു എന്നാണു കണ്ടെത്തിയിരിക്കുന്നത്. ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയാണ് പഠനം നടത്തിയത്.
ആരോഗ്യപരമായ ജീവിത രീതികളും, മികച്ച ആരോഗ്യപരിപാലനവും, വ്യായാമവും ഒക്കെയാണ് യുകെ ജനതയുടെ ഹൃദയാരോഗ്യം വര്‍ദ്ധിപ്പിച്ചത്. ഹൃദ്രോഗങ്ങള്‍ ചികിത്സിക്കുന്ന കാര്യത്തിലും, പ്രതിരോധിക്കുന്നതിലും ബ്രിട്ടന്‍ കാര്യമായ നേട്ടം കൈവരിച്ചതായാണ് വിദഗ്ധരുടെ പക്ഷം. എന്‍എച്ച്എസിന് ആണ് ഇതിനോട് നന്ദി പറയേണ്ടത്. എന്‍എച്ച്എസിന്റെ കൊളസ്‌ട്രോള്‍ ഇല്ലാതാക്കുന്ന സ്റ്റാറ്റിന്‍ ഗുളികകളും, ആരോഗ്യപരമായ ജീവിതരീതികളും, മികച്ച ചികിത്സകളും മരണനിരക്ക് കുറയ്ക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചു.
2011 വരെയുള്ള പത്ത് വര്‍ഷത്തില്‍ ഹൃദ്രോഗങ്ങള്‍ മൂലമുള്ള പുരുഷന്‍മാരുടെ മരണനിരക്ക് 44.4 ശതമാനം കുറഞ്ഞു. സ്ത്രീകളുടെ മരണനിരക്ക് 43.6 ശതമാനം താഴ്ന്നു. യൂറോപ്പ് ആകമാനമുള്ള മരണനിരക്ക് നോക്കിയാണ് ബ്രിട്ടന്റെ കുറഞ്ഞ നിരക്ക് വിദഗ്ധര്‍ മുന്നോട്ട് വെച്ചത്. യൂറോപ്പില്‍ ഹൃദ്രോഗങ്ങള്‍ മൂലം മരിക്കുന്നവരുടെ എണ്ണം 45 ശതമാനം ആണെന്നിരിക്കെ ബ്രിട്ടനില്‍ ഇത് 27 ശതമാനം മാത്രമായി കുറഞ്ഞു.
യൂറോപ്പിലെ മറ്റു രാജ്യങ്ങളില്‍ ഹൃദ്രോഗം ഇപ്പോഴും ഉയര്‍ന്നനിരക്കില്‍ തുടരുമ്പോള്‍ ബ്രിട്ടന് അതിനെ പ്രതിരോധിക്കാന്‍ ഒരു പരിധിവരെ സാധിച്ചു. എങ്കിലും ഹൃദ്രോഗങ്ങള്‍ തന്നെയാണ് ബ്രിട്ടനില്‍ ആളുകളുടെ മരണകാരണത്തില്‍ മുന്നില്‍ നില്‍ക്കുന്നത്. അത് ഇനിയും കുറയ്ക്കാന്‍ എന്‍എച്ച്എസിന്റെ പ്രവര്‍ത്തനങ്ങകളും ജനങ്ങളുടെ ജീവിതശൈലിയിലുള്ള ഗുണപരമായ മാറ്റവും അനിവാര്യമാണ്. ഫാസ്റ്റ് ഫുഡ് ശീലവും വ്യായാമക്കുറവും ആണ് യുകെയില്‍ പൊണ്ണത്തടിക്കാരെ സൃഷ്ടിക്കുന്നത്. ഇതിന്റെ അനന്തരഫലമാണ് ഹൃദ്രോഗം, കൊളസ്ട്രോള്‍, സ്ട്രോക്ക് എന്നിവയൊക്കെ. അതിനെ ഒഴിവാക്കുകയാണ് ഏറ്റവും ഉത്തമം.