ലണ്ടന്‍ : ഗര്‍ഭിണികള്‍ എന്തൊക്കെ ചെയ്യണം ചെയ്യരുത് എന്ന് നാട്ടിലെ പ്രായമായ സ്ത്രീകള്‍ പറയുമ്പോള്‍ ന്യൂജനറേഷന്‍ അമ്മമാര്‍ അവ പുച്ഛത്തോടെ തള്ളുകയാണ് പതിവ്. ഗര്‍ഭിണികളുടെ സൗന്ദര്യസംരക്ഷണം എല്ലാക്കാലത്തും വാദ പ്രതിവാദങ്ങള്‍ക്കു കാരണമായിട്ടുണ്ട്. സൗന്ദര്യത്തിനു മങ്ങലേക്കാതിരിക്കനായി ഗര്‍ഭിണികള്‍ മേക്കപ്പ് ഉപയോഗിച്ച് വരുന്നുണ്ട്. എന്നാല്‍ ഗര്‍ഭകാലത്ത് സൗന്ദര്യവര്‍ധക വസ്തുക്കള്‍ ഉപയോഗിക്കുന്നത് ജനിക്കാനിരിക്കുന്ന കുട്ടിയെ ബാധിക്കുമെന്ന് ശാസ്ത്രീയ പഠനം പറയുന്നു.
സൗന്ദര്യവര്‍ധക വസ്തുക്കള്‍, ക്ലീനിങ് ഏജന്റ്, മരുന്നുകള്‍ എന്നിവ ഉപയോഗിക്കുന്നത് ഗര്‍ഭസ്ഥശിശുവിന്റെ തലച്ചോറിനെ ബാധിക്കുമെന്നാണ് പഠനത്തില്‍ നിന്ന് വ്യക്തമായത്. ഇത് ഓട്ടിസത്തിനു കാരണമാകാമെന്നും കാനഡയിലെ യോര്‍ക്ക് യൂണിവേഴ്‌സിറ്റിയിലെ ആരോഗ്യ ഗവേഷകര്‍ പറയുന്നു.
നമ്മള്‍ മിക്കവാറും സ്ഥിരമായി ഉപയോഗിക്കുന്ന ക്രീമുകളിലും സൗന്ദര്യവര്‍ധക വസ്തുക്കളിലും അടങ്ങിയ കെമിക്കലുകള്‍ ഗര്‍ഭസ്ഥശിശുവിനെ ബാധിക്കാനിടയുണ്ട് എന്ന് ഗവേഷകരിലൊരാളായ പ്രഫസര്‍ ഡൊറോത ക്രോഫോര്‍ഡ് പറയുന്നു.
കോസ്മറ്റിക്‌സുകള്‍ക്കു പുറമേ ക്ലീനിങ് സോള്‍വെന്റ്‌സ്, കീടനാശിനികള്‍, ചില മരുന്നുകള്‍ എന്നിവയും ഗര്‍ഭിണികള്‍ ഉപേക്ഷിക്കണമെന്ന് ഗവേഷകര്‍ മുന്നറിയിപ്പു നല്‍കുന്നു.
കെമിക്കല്‍ ഏതാണെന്നതിനപ്പുറം അത് ബാധിക്കുന്ന കാലയളവും ഇടവേളയും അളവും എല്ലാം ഗര്‍ഭസ്ഥ ശിശുവിന്റെ ആരോഗ്യത്തെ സ്വാധീനിക്കും. യൂറോപ്യന്‍ ജേണലായ ന്യൂറോസയന്‍സില്‍ ഈ പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.