ലണ്ടന്‍ : ബ്രക്‌സിറ്റ് ഫലത്തിന് ശേഷം കൂപ്പുകുത്തിയ പൗണ്ട് ശക്തമായ തിരിച്ചുവരവിന്റെ പാതയില്‍ . നീണ്ട പതിനഞ്ചുമാസത്തെ ഇടവേളയ്ക്കു ശേഷം പൗണ്ടിന് വന്‍ മുന്നേറ്റം ഉണ്ടാകുന്നു. രൂപയ്‌ക്കെതിരെ 88 പിന്നിട്ടു. വരും ദിവസങ്ങളില്‍ 90 കടക്കുമെന്നാണ് വിലയിരുത്തല്‍. ബ്രക്‌സിറ്റ് ചര്‍ച്ച ഒരു വശത്തു നടക്കവെയാണ് പൗണ്ടിന് നേട്ടമുണ്ടാകുന്നത് എന്നതാണ് ശ്രദ്ധേയമായ കാര്യം. ഹാര്‍ഡ് ബ്രക്‌സിറ്റ് ഉണ്ടാവില്ലെന്ന സൂചനയും യൂറോപ്യന്‍ പൗരന്മാരുടെ കാര്യത്തില്‍ കടുത്ത നിലപാട് ഉണ്ടാവില്ലെന്നതും പൗണ്ടിന്റെ മുന്നേറ്റത്തിന് കാരണമായി.
ഡോളറിനെതിരെയും പൗണ്ട് മൂല്യം ശക്തമായ നിലയിലാണ്. ഡോളറിനെതിരെ 1.34 എന്ന നിലയിലെത്തി. എന്നാല്‍ യൂറോയുമായുള്ള വിനിമയ നിരക്ക് 1.13 ആണ്. ഒരു വര്‍ഷത്തിനിടെ ആദ്യമായാണ് പൗണ്ട് വില ഡോളറിനെതിരെയും രൂപക്കെതിരെയും ഇത്രയധികം വര്‍ധിക്കുന്നത്. ഇതോടെ നാട്ടിലേക്കുള്ള പണമയക്കല്‍ കൂടും.
അടിസ്ഥാനപലിശനിരക്ക് വൈകാതെ വര്‍ധിപ്പിച്ചേക്കുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് സൂചന നല്‍കിയതും പൗണ്ട് വില കുതിക്കാന്‍ കാരണമായിട്ടുണ്ട്. തുടര്‍ച്ചയായുള്ള വിലയിടിവിന് ശേഷം പൗണ്ട് വില കയറിയത് പ്രവാസികളെ സംബന്ധിച്ചിടത്തോളം ആശ്വാസകരമാണെങ്കിലും അടിസ്ഥാനപലിശനിരക്ക് വര്‍ധിപ്പിച്ചാല്‍ മോര്‍ട്ട്‌ഗേജ് എടുത്തിരിക്കുന്ന മലയാളികളടക്കമുള്ള നിരവധി പേരുടെ തിരിച്ചടവ് വര്‍ധിക്കും.
ഉയര്‍ന്ന പണപ്പെരുപ്പ നിരക്കും സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയും മൂലം വൈകാതെ അടിസ്ഥാന പലിശനിരക്ക് വര്‍ധിപ്പിക്കാമെന്നാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് സൂചന നല്‍കിയിരിക്കുന്നത്.
ബ്രക്‌സിറ്റ് ഫലത്തിന് ശേഷം പൗണ്ടിന്റെ മൂല്യം 79 രൂപ വരെയെത്തിയിരുന്നു. 78 പോലും കിട്ടിയിരുന്നില്ല. ഒരു പൗണ്ടിന് 25 രൂപയിലേറെ നഷ്ടമാണ് യുകെയിലെ ഇന്ത്യന്‍ സമൂഹത്തിനുണ്ടായത്. 104 -105 രൂപ ലഭിച്ചിരുന്ന സ്ഥാനത്തായിരുന്നു അത്. പ്രവാസി നിക്ഷേപത്തെയും നാട്ടിലേക്കുള്ള പണമയക്കലിനെയും ഇത് പ്രതികൂലമായി ബാധിച്ചു. ബ്രിട്ടണ്‍ യൂറോപ്പിന് പുറത്തേയ്ക്കു പോകാനുള്ള നടപടിക്ക് തുടക്കം കുറിച്ചപ്പോഴും പൗണ്ടിന് സമയം മോശമായിരുന്നു. ഡോളറിനെതിരെ 1.20 വരെ മൂല്യം താഴ്ന്നിരുന്നു.