ഇറ്റാലിയന്‍ മന്ത്രിയ്ക്ക് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കിടക്കാന്‍ ആശ
മത്സ്യ തൊഴിലാളികളെ വെടിവച്ചു കൊന്ന കേസില്‍ വിചാരണത്തടവുകാരായി പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന നാവികര്‍ക്കു കൂട്ടുകിടക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട്‌ ഇറ്റാലിയന്‍ പ്രതിരോധമന്ത്രി ജിയാംപോലോ ഡി പാവ്‌ല മുഖ്യമന്ത്രിയെ കണ്ടു. എന്നാല്‍, ഇതുള്‍പ്പെടെ സംഘം ഉന്നയിച്ച മൂന്ന്‌ ആവശ്യങ്ങളും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തള്ളി.

വ്യാഴാഴ്ച രാവിലെ 11-ന്‌ ചാര്‍ട്ടര്‍ ചെയ്‌ത വിമാനത്തിലെത്തിയ ഇറ്റാലിയന്‍ മന്ത്രിയുടെ നേതൃത്വത്തിലുള്ള പതിനഞ്ചംഗസംഘം മാധ്യമപ്രവര്‍ത്തകര്‍ക്കു മുഖംകൊടുത്തില്ല. നാവികര്‍ക്കൊപ്പം ജയിലില്‍ ഭക്ഷണം കഴിക്കാന്‍ അനുവദിക്കുക, അവരെ മോചിപ്പിക്കില്ലെങ്കില്‍ ജയിലില്‍നിന്നു മാറ്റിപ്പാര്‍പ്പിക്കുക, ജയിലില്‍ കൂട്ടുകിടക്കാന്‍ അനുവദിക്കുക തുടങ്ങി ഒട്ടേറെ ആവശ്യങ്ങള്‍ സംഘം നിരത്തിയെങ്കിലും അതെല്ലാം സര്‍ക്കാര്‍ തള്ളി.

തടവിലുള്ള നാവികര്‍ കപ്പലിലെ സുരക്ഷാ ജീവനക്കാരല്ലെന്ന്‌ ജിയാംപോലോ മുഖ്യമന്ത്രിയോടു പറഞ്ഞു. അവര്‍ക്കു സൈനികര്‍ക്കുള്ള പരിഗണന നല്‍കണം. വിദേശസൈനികരെ തടവില്‍ പാര്‍പ്പിക്കുമ്പോള്‍ ജനീവ കരാര്‍ പാലിക്കാന്‍ ഇന്ത്യ ബാധ്യസ്‌ഥമാണെന്നും സംഘം ചൂണ്ടിക്കാട്ടി. കരാര്‍പ്രകാരം നാവികരെ ഇറ്റലിയില്‍ സൈനികവിചാരണയ്‌ക്കു വിട്ടുനല്‍കണം. കോടതി നടപടി ത്വരിതപ്പെടുത്താന്‍ കേരളസര്‍ക്കാര്‍ സഹകരിക്കണമെന്നും ജിയാംപോലോ ആവശ്യപ്പെട്ടു.

സമ്മര്‍ദം ചെലുത്തിയിട്ടു കാര്യമില്ലെന്നും ഇന്ത്യന്‍ നിയമപ്രകാരം നാവികരെ ക്രിമിനല്‍ കേസ്‌ പ്രതികളായേ കാണാന്‍ കഴിയുകയുള്ളൂവെന്നും മുഖ്യമന്ത്രി വ്യക്‌തമാക്കി. സര്‍ക്കാര്‍ നടപടികളിലെ സുതാര്യത ഇറ്റാലിയന്‍ അധികൃതര്‍ക്കു പരിശോധിക്കാമെന്നും അദ്ദേഹം അറിയിച്ചു. ഒരു മണിക്കൂര്‍ കൂടിക്കാഴ്‌ചയ്‌ക്കുശേഷം സംഘം നിരാശയോടെ മടങ്ങി. മുഖ്യമന്ത്രിയെ കാണുന്നതിനുമുമ്പ്‌ പൂജപ്പുര സെന്‍ട്രല്‍ ജയിലിലെത്തിയ സംഘം സൂപ്രണ്ടിന്റെ മുറിയില്‍ നാവികരുമായി ഒരുമണിക്കൂര്‍ ചര്‍ച്ച നടത്തി. ജയിലില്‍ ബുദ്ധിമുട്ടില്ലെന്നും ഭക്ഷണം ശരിയായ രീതിയില്‍ ലഭിക്കുന്നുണ്ടെന്നും നാവികര്‍ സംഘത്തോടു പറഞ്ഞു. ഇവര്‍ക്കൊപ്പം ഉച്ചഭക്ഷണം കഴിക്കാന്‍ അനുവദിക്കണമെന്ന ജിയാംപോലോയുടെ ആവശ്യം ജയില്‍ മേധാവി അലക്‌സാണ്ടര്‍ ജേക്കബും തള്ളി. വൈകിട്ടോടെ ഇവര്‍ ഡല്‍ഹിക്കു മടങ്ങി.
 
Other News in this category

  • റാഗിങ്ങിന് ഒരു രക്തസാക്ഷികൂടി
  • 'ഹാസ്യമേളം' സ്റ്റേജ് ഷോ സ്റ്റിവനേജില്‍
  • ഇറ്റാലിയന്‍ മന്ത്രിയ്ക്ക് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കിടക്കാന്‍ ആശ
  • എട്ടാം ക്ലാസ് വരെ ഇനി തോല്‍വിയില്ല
  • നണീറ്റനില്‍ ഇന്‍ഡസ്സിന്റെ കാര്‍ഷികമേളയും ഹരിതവിപ്ലവവും
  • ബ്രിട്ടീഷ് ജനത ഇന്റര്‍നെറ്റിന് അടിമ
  •     © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions