രാജ്യത്തെ പലഭാഗങ്ങളിലും നോട്ടു ക്ഷാമം രൂക്ഷം. 2000 രൂപാ നോട്ടുകള്‍ വ്യാപകമായി പൂഴ്ത്തിവയ്ക്കപ്പെടുന്നതോടെ കള്ളപ്പണക്കാര്‍ കൂടുതല്‍ ശക്തരാവുകയാണോ എന്ന സംശയം ബലപ്പെടുകയാണ്. കേരളത്തിന് പുറത്തു മിക്ക സംസ്ഥാനങ്ങളിലും നോട്ടുക്ഷാമം രൂക്ഷമാണ്. തെരെഞ്ഞെടുപ്പ് നടക്കുന്ന കര്‍ണാടകയടക്കമുള്ള സംസ്ഥാനങ്ങളിലെ എടിഎം കൗണ്ടറുകളില്‍ പണത്തിന് ലഭ്യത കുറവുണ്ടന്നെ വാര്‍ത്തകള്‍ പുറത്തു വന്നു കഴിഞ്ഞു. ഡല്‍ഹി, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളും നോട്ട് പ്രതിസന്ധിയില്‍ നട്ടംതിരിയുകയാണ്. മോദിയുടെ മണ്ഡലമായ വരണാസിയില്‍ നിന്നും നോട്ട് ക്ഷാമം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതിനിടെ രണ്ടായിരത്തതിന്റെ നോട്ട് പിന്‍വലിക്കുമെന്ന അഭ്യൂഹം ശക്തമായി പ്രചരിക്കുന്നുണ്ട്. 2016 ലെ നോട്ട് നിരോധന വേളയിലെ അവസ്ഥയാണ് പല സംസ്ഥാനങ്ങളിലും.
രാജ്യത്തെ വിപണികളില്‍ 2,000 രൂപ നോട്ടുകള്‍ കിട്ടാക്കനിയാകുന്നുവെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ്‌സിംഗ് ചൗഹാന്‍ തന്നെ വ്യക്തമാക്കി. ഇതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് കുറ്റപ്പെടുത്തിയ ചൗഹാന്‍ ഇക്കാര്യം അന്വേഷണ വിധേയമാക്കണമെന്നും ആവശ്യപ്പെട്ടു. ഇക്കാര്യങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതോടെ നിലവില്‍ വിപണിയിലും ബാങ്കുകളിലും ആവശ്യത്തില്‍ അധികം പണമുണ്ടെന്ന് അരുണ്‍ ജെയ്റ്റ്‌ലി ട്വിറ്ററില്‍ കുറിച്ചു. അതേസമയം, അരുണ്‍ ജെയ്റ്റ്‌ലിയുടെ ട്വീറ്റില്‍ അസാധാരണം (unusual) എന്ന വാക്ക് ഉപയോഗിച്ചിട്ടുണ്ട്. അസാധാരണവും പെട്ടെന്ന് ഉണ്ടായതുമായ ഈ സാഹചര്യത്തെ പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നും അരുണ്‍ ജെയ്റ്റ്‌ലി പറയുന്നുണ്ട്.
ആവശ്യത്തിന് നോട്ടുകള്‍ നിലവില്‍ സര്‍കുലേഷനില്‍ ഉണ്ടെന്ന് കേന്ദ്ര ധന വകുപ്പ് സഹമന്ത്രി എസ് .പി ശുക്ല പറഞ്ഞു. എന്നാല്‍ ചില സംസ്ഥാനങ്ങളില്‍ കറന്‍സി കൂടുതലായുണ്ട്. മറ്റു ചില സംസ്ഥാനങ്ങളില്‍ കുറവുണ്ട്. ഇതാണ് പ്രശ്നത്തിന് കാരണമെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം. ഉത്സവ സീസണില്‍ ജനങ്ങള്‍ കൂടുതല്‍ പണം പിന്‍വലിച്ചതാണ് കാരണമെന്ന് റിസര്‍വ് ബാങ്ക് പറയുന്നു. മൂന്നു ദിവസത്തിനുള്ളില്‍ പ്രശ്‌നം പരിഹരിക്കുമെന്നും റിസര്‍വ് ബാങ്ക് വ്യക്തമാക്കി.
രാജ്യത്തുണ്ടായ അസാധാരണ നോട്ടുക്ഷാമത്തിന്റെ കാരണം തേടി ധനമന്ത്രാലയ പ്രതിനിധികള്‍ ആര്‍ബിഐ പ്രതിനിധികളുമായി ചര്‍ച്ച നടത്തുമെന്ന് പറഞ്ഞിട്ടുണ്ട്. നോട്ടുക്ഷാമ പൂര്‍ണ്ണമായി പരിഹരിക്കപ്പെട്ടെന്നു റിസര്‍വ് ബാങ്ക് മാസങ്ങള്‍ക്കു മുമ്പേ വ്യക്തമാക്കിയശേഷമാണ് ഇപ്പോഴത്തെ ക്ഷാമം. കള്ളപ്പണക്കാരുടെ പ്രിയപ്പെട്ട നോട്ടായി 2000 രൂപ മാറിയിരിക്കുന്നു എന്ന ആരോപണവും ശക്തമാണ്.