യുകെയിലെ പ്രവാസികളെ സന്തോഷിപ്പിച്ചു രൂപക്കെതിരെ പൗണ്ട് മൂന്നക്കത്തിലേയ്ക്ക്. 97.02 ആണ് ചൊവ്വാഴ്ചത്തെ നിരക്ക്. ഏതാനും ആഴ്ചകളായി പൗണ്ട് മുന്നേറുകയാണ്. ഏതാനും ദിവസങ്ങള്‍ക്കകം മൂല്യം വീണ്ടും മൂന്നക്കം കടക്കുമെന്ന പ്രതീക്ഷയിലാണ് സാമ്പത്തിക വിദഗ്ധര്‍ . ബ്രക്‌സിറ്റ്ഫലത്തോടെ ഇടിഞ്ഞു താഴ്ന്ന പൗണ്ട് മൂല്യം ഇത്രയേറെ കയറുമെന്നു ആരും പ്രതീക്ഷിച്ചിരുന്നില്ല. ബ്രിട്ടനിലെ രാഷ്ട്രീയ അനിശ്ചിതത്വവും യൂറോപ്യന്‍ യൂണിയനുമായി കരാറുണ്ടാക്കാനാവാത്തതും പൗണ്ടിനെ ബാധിച്ചില്ല.
പ്രവാസികള്‍ക്ക് അയക്കുന്ന പണത്തിന്റെ മൂല്യത്തിലും വലിയ വ്യത്യാസം ആണ് ഉണ്ടാകുന്നത്. അതിനാല്‍ നാട്ടിലേക്ക് പണം അയക്കുന്നവരുടെ എണ്ണത്തില്‍ 15 മുതല്‍ 20 ശതമാനം വരെ വര്‍ദ്ധനവുണ്ടായിട്ടുണ്ട്. മണി എക്‌സ്‌ചേഞ്ച് സ്ഥാപനങ്ങളില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത് എന്നും റിപ്പോര്‍ട്ടുകളുണ്ട്. പലരും ലോണെടുത്തും നാട്ടിലേക്ക് വലിയതോതില്‍ പൈസ അയക്കുന്നുണ്ട്. യൂറോയ്ക്കെതിരെയും (85) രൂപയ്ക്കു മോശം നിലയാണ്.
ബ്രക്‌സിറ്റ് ഫലം വന്ന 2016 ജൂണ്‍ 23നു ശേഷം ശേഷം പൗണ്ട് 25 ശതമാനത്തോളം ആണ് ഇടിഞ്ഞത്. പൗണ്ടിന്റെ മൂല്യം 79 രൂപ വരെയെത്തിയിരുന്നു. 78 പോലും കിട്ടിയിരുന്നില്ല. ഒരു പൗണ്ടിന് 25 രൂപയിലേറെ നഷ്ടമാണ് യുകെയിലെ ഇന്ത്യന്‍ സമൂഹത്തിനുണ്ടായത്. 104 -105 രൂപ ലഭിച്ചിരുന്ന സ്ഥാനത്തായിരുന്നു അത്. പ്രവാസി നിക്ഷേപത്തെയും നാട്ടിലേക്കുള്ള പണമയക്കലിനെയും ഇത് പ്രതികൂലമായി ബാധിച്ചു. ബ്രിട്ടണ്‍ യൂറോപ്പിന് പുറത്തേയ്ക്കു പോകാനുള്ള നടപടിക്ക് തുടക്കം കുറിച്ചപ്പോഴും പൗണ്ടിന് സമയം മോശമായിരുന്നു.
യു.എസ് ഡോളറുമായുള്ള വിനിമയത്തില്‍ ഡോളര്‍ ഒന്നിന് 74 രൂപ നിരക്കിലെത്തി. ആഗോളവിപണിയിലെ ക്രൂഡ് ഓയില്‍ വില ഉയരുന്നതാണ് രൂപയ്ക്ക് ഭീഷണി.
ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണവില വര്‍ധിച്ചുനില്‍ക്കുന്നതിനാല്‍ പണപ്പെരുപ്പ് നിരക്ക് ഉയരുമെന്ന ആശങ്കയും ആഭ്യന്തര ഓഹരി വിപണിയില്‍ നിന്നും വിദേശ ഫണ്ടുകളുടെ സ്ഥിരമായ പ്രവാഹവുമാണ് ഇന്ത്യന്‍ കറന്‍സിക്ക് തിരിച്ചടിയായത്. ഇറക്കുമതിക്കാര്‍ ഡോളറിനെ കൂടുതലായി ആശ്രയിച്ചതും വിനയായി.എണ്ണക്കമ്പനികള്‍ വലിയതോതില്‍ ആണ് ഡോളര്‍ വാങ്ങിക്കൂട്ടുന്നത്. കൂടാതെ പൊതുമേഖല ബാങ്കുകളും ഡോളര്‍ സംഭരിക്കുകയാണ്.
ഏഷ്യന്‍ രാജ്യങ്ങളില്‍ ഏറ്റവും മോശം നിലയില്‍ എത്തിയ കറന്‍സിയായി രൂപ മാറി. യുഎഇ ദിര്‍ഹവുമായുള്ള വിനിമയ നിരക്കില്‍ ചരിത്രത്തിലാദ്യമായ ഇരുപതിനു മുകളിലെത്തി.