തെരേസ മേ സര്‍ക്കാര്‍ പാര്‍ലമെന്റില്‍ തോറ്റപ്പോള്‍ പൗണ്ട് മൂല്യം മേലേക്ക്, രൂപക്കെതിരെ മൂന്നു പോയിന്റ് കയറി
ലണ്ടന്‍ : സാധാരണ ഭരിക്കുന്ന സര്‍ക്കാരിന് രാഷ്ട്രീയ തിരിച്ചടികള്‍ ഉണ്ടാകുമ്പോള്‍ കറന്‍സിയുടെ മൂല്യവും ഓഹരി വിപണിയും ഇടിയുകയാണ് പതിവ്. എന്നാല്‍ ബ്രിട്ടനില്‍ തെരേസ മേ സര്‍ക്കാര്‍ പാര്‍ലമെന്റില്‍ വമ്പന്‍ തോല്‍വി നേരിട്ടതിനു പിന്നാലെ പൗണ്ട് മൂല്യം കുതിച്ചു കയറുകയായിരുന്നു. ഓഹരി വിപണിയും ബിസിനസ് ലോകവും ഉണര്‍ന്നു. കാരണം ബ്രക്‌സിറ്റ് ഏല്‍പ്പിച്ച ആശങ്ക അത്രയ്ക്കായിരുന്നു. രൂപയ്‌ക്കെതിരെ പൗണ്ട് മൂല്യം 88 ലായിരുന്നത് 91 പിന്നിട്ടു.
വോട്ടെടുപ്പിന് മുമ്പ് ഡോളറിനെതിരെ 1.2 ശതമാനത്തോളം മൂല്യത്തിന്റെ നഷ്ടത്തിലായിരുന്നു പൗണ്ട്. എന്നാല്‍ വോട്ടെടുപ്പ് ഫലം പുറത്തുവന്നതോടെ, അത് 0.10 ശതമാനം കയറി 1.28 ഡോളറിലെത്തി. യൂറോയ്ക്കെതിരേ 0.67 ശതമാനത്തോളമാണ് മൂല്യം കൂടി 1.12 യൂറോയിലെത്തി. എന്നാല്‍ അവിശ്വാസം പാസായാല്‍ പൗണ്ടിന് തിരിച്ചടി നേരിടും.
ബ്രക്‌സിറ്റ് സംഭവിക്കുന്നതോടെ ബിസിനസ് സംരംഭങ്ങള്‍ രാജ്യത്തിന് പുറത്തേയ്ക്കു പോകാനായുള്ള സാഹചര്യം ആയിരുന്നു. കൂടാതെ സാമ്പത്തിക തിരിച്ചടിയും. ബ്രക്‌സിറ്റ് ഫലം വന്ന 2016 ജൂണ്‍ 23നു ശേഷം ശേഷം പൗണ്ട് 25 ശതമാനത്തോളം ആണ് ഇടിഞ്ഞത്. പൗണ്ടിന്റെ മൂല്യം 79 രൂപ വരെയെത്തിയിരുന്നു. 78 പോലും കിട്ടിയിരുന്നില്ല. ഒരു പൗണ്ടിന് 25 രൂപയിലേറെ നഷ്ടമാണ് യുകെയിലെ ഇന്ത്യന്‍ സമൂഹത്തിനുണ്ടായത്. 104 -105 രൂപ ലഭിച്ചിരുന്ന സ്ഥാനത്തായിരുന്നു അത്. പ്രവാസി നിക്ഷേപത്തെയും നാട്ടിലേക്കുള്ള പണമയക്കലിനെയും ഇത് പ്രതികൂലമായി ബാധിച്ചു.
ബ്രിട്ടണ്‍ യൂറോപ്പിന് പുറത്തേയ്ക്കു പോകാനുള്ള നടപടിക്ക് തുടക്കം കുറിച്ചപ്പോഴും പൗണ്ടിന് സമയം മോശമായിരുന്നു.
പ്രധാനമന്ത്രി തെരേസാ മേ മുന്നേട്ടുവച്ച ബ്രക്സിറ്റ് കരാര്‍ 202 ന് എതിരേ 432 വോട്ടിന് പാര്‍ലമെന്റില്‍ പരാജയപ്പെട്ടിരുന്നു. തെരേസാമ മുന്നോട്ടു വച്ച കരാറിനെ പിന്തുണച്ചതിന്റെ ഇരട്ടിയിലധികം എംപിമാരാണ് പാര്‍ലമെന്റില്‍ കരാറിനെ എതിര്‍ത്തത്. സര്‍ക്കാര്‍ ചരിത്രത്തില്‍ നേരിടുന്ന ഏറ്റവും വലിയ പരാജയമായിരുന്നു ഇത്.