സ്വര്‍ണ്ണ വില റെക്കോഡ് തിരുത്തി മുന്നേറുകയാണ്. മഞ്ഞലോഹം പിടിതരാതെ പായുമ്പോഴും മലയാളികളുടെ പ്രിയം കൂടുകയാണ്. കേരളത്തില്‍ സ്വര്‍ണ്ണ വില പവന് കാല്‍ലക്ഷത്തിലേയ്ക്ക്. തിങ്കളാഴ്ച പവന് 80 രൂപ വര്‍ധിച്ച് 24,880 രൂപയിലെത്തി. കഴിഞ്ഞ ദിവസത്തെ 24,800 രൂപ എന്ന റെക്കോഡാണ് ഇതോടെ തിരുത്തപ്പെട്ടത്.
വില വീണ്ടും റെക്കോഡുകള്‍ ഭേദിച്ച് മുന്നേറാന്‍ തുടങ്ങിയതോടെ വിപണിയില്‍ ആവശ്യക്കാരേറി. കടകളിലെല്ലാം തിരക്കാണ്. വിവാഹ സീസണ്‍ ആയതോടെ ഇനിയും വില കൂടുമോ എന്ന പരിഭ്രാന്തിയില്‍ ഒരു കൂട്ടര്‍ എത്തുമ്പോള്‍ സുരക്ഷിത നിക്ഷേപമായി സ്വര്‍ണ്ണം മാറുന്നത് മറ്റുള്ളവരെയും സന്തോഷിപ്പിക്കുന്നു. ഇതൊക്കെയാണ് ആഭ്യന്തര വിപണിയില്‍ വില തകര്‍ത്തു കയറാന്‍ പ്രധാന കാരണം. വില ഇനിയും ഉയരുമെന്നാണ് സൂചന.
അന്താരാഷ്ട്ര വിപണിയിലെ വിലവര്‍ധനയ്ക്കപ്പുറം ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ വിലയിടിവാണ് ആഭ്യന്തര വിപണിയില്‍ സ്വര്‍ണവില കൂടാന്‍ മറ്റൊരു കാരണം. ലണ്ടന്‍ വിപണിയില്‍ ഒരു ട്രോയ് ഔസ് (31.1 ഗ്രാം) തനിത്തങ്കത്തിന് വില 1315 ഡോളറിലെത്തി. എന്നാലിത്, 2011ല്‍ രേഖപ്പെടുത്തിയ 1895 ഡോളര്‍ എന്ന റെക്കോഡിനെക്കാള്‍ ഏറെ താഴെയാണ്. പക്ഷേ, ഡോളറിന്റെ മൂല്യമാകട്ടെ, 71.80 രൂപയിലേക്ക് ഉയര്‍ന്നുനില്‍ക്കുന്നതിനാല്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി ചെലവ് കൂടും.
ഇതാണ് ആഭ്യന്തര വിപണിയില്‍ വില റെക്കോഡ് ഇടാന്‍ കാരണം. ഗ്രാമിന് 3110 രൂപയായാണ് വില തിങ്കളാഴ്ച ഉയര്‍ന്നത്.
അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര തര്‍ക്കം നിലനില്‍ക്കുന്നതും ഓഹരി വിപണികളിലെ അനിശ്ചിതത്വവുമാണ് സ്വര്‍ണത്തിന് ഡിമാന്‍ഡ് കൂട്ടുന്നത്. പ്രതിസന്ധി ഘട്ടങ്ങളിലെ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിന് ഡിമാന്‍ഡ് ഉണ്ടാകാറുണ്ട്. ഈ വര്‍ഷം ഇതിനോടകം 1440 രൂപയുടെ വര്‍ധനയാണ് പവന്‍ വിലയിലുണ്ടായത്. 2018 ഡിസംബര്‍ 31ന് 23,440 രൂപയായിരുന്നു പവന്‍വില.
വിദേശത്തു നിന്ന് പരിമിത അളവിലെ സ്വര്‍ണ്ണം കൊണ്ടുവരാനാവൂ എന്നതുകൊണ്ട് പ്രവാസികളൊക്കെ നാട്ടിലെത്തി വാങ്ങുകയാണ് പതിവ്.
സ്വര്‍ണ്ണ വില കഴിഞ്ഞ ആറ് ദിവസത്തില്‍
2019 ജനുവരി 25 - 24,000
2019 ജനുവരി 26 - 24,400
2019 ജനുവരി 30 - 24,600
2019 ഫെബ്രുവരി 1 - 24,720
2019 ഫെബ്രുവരി 2 - 24,800
2019 ഫെബ്രുവരി 4 - 24,880