ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണവുമായി മുന്‍ സുപ്രീം കോടതി ജീവനക്കാരി.
ഇതിന് പിന്നാലെ ഈ വിഷയത്തില്‍ അടിയന്തര സിറ്റിങ് കേള്‍ക്കാന്‍ സുപ്രീംകോടതി തീരുമാനിച്ചു. പൊതുതാല്പര്യമുള്ള വിഷയം പരിഗണിക്കാനാണ് സിറ്റിങ് എന്ന് അറിയിപ്പ് ലഭിച്ചത്. സോളിസിറ്റര്‍ ജനറലിന്റെ ആവശ്യപ്രകാരമാണ് സിറ്റിങ് നടക്കുന്നതെന്നാണ് അറിയുന്നത്. ചീഫ് ജസ്റ്റിസിനെതിരായ ആരോപണം ചര്‍ച്ച ചെയ്യാന്‍ വേണ്ടിയാണ് സിറ്റിങ് എന്നാണ് അറിയുന്നത്.
പൊതുതാത്പര്യപ്രകാരമുള്ള വിഷയം ശ്രദ്ധയില്‍പ്പെടുത്തിയത് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്തയാണെന്ന് നോട്ടീസില്‍ പറയുന്നു. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബഞ്ചാണ് സിറ്റിങ് ചേരുന്നത്. സോളിസിറ്റര്‍ ജനറലിന്റെ ആവശ്യപ്രകാരമാണ് സിറ്റിങ് എന്ന് നോട്ടീസില്‍ പറയുന്നു. സാധാരണ ഒരാള്‍ ഹര്‍ജി നല്‍കുമ്പോഴോ, അല്ലെങ്കില്‍ ഏതെങ്കിലും വിഷയം പരാമര്‍ശിക്കുമ്പോഴോ ആണ് കോടതികള്‍ ഒരു കേസ് പരിഗണിക്കുന്നത്. അല്ലെങ്കില്‍ കത്തുകളോ അല്ലെങ്കില്‍ ഏതെങ്കിലും രേഖകളോ സുപ്രീംകോടതിക്ക് പരിഗണിക്കാം. എന്താണ് സുപ്രീംകോടതിയുടെ അടിയന്തരസിറ്റിംഗിന് വിഷയമാകുന്നതെന്ന് കാര്യം തുടക്കത്തില്‍ പറഞ്ഞിരുന്നില്ല. എന്തായാലും അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാലും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്തയും കോടതിയിലുണ്ട്.
35കാരിയായ മുന്‍ ജൂനിയര്‍ കോര്‍ട്ട് അസിസ്റ്റന്റ് ആണ് പരാതിയുമായി 22 സുപ്രീം കോടതി ജഡ്ജമാര്‍ക്ക് ഇന്നലെ കത്ത് നല്‍കിയത്. 2018 ഒക്ടോബര്‍ 10, 11 തീയതികളില്‍ ന്യൂഡല്‍ഹിയിലെ ചീഫ് ജസ്റ്റിസിന്റെ ഔദ്യോഗിക വസതിയിലെ ഓഫീസില്‍ വച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നാണ് യുവതിയുടെ ആരോപണം. സ്‌ക്രോള്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
എന്റെ അരക്കെട്ടില്‍ കയറിപ്പിടിച്ചു, കെട്ടിപ്പിടിച്ചു, ശരീരഭാഗങ്ങളില്‍ മുഴുവന്‍ തൊട്ടു. ഞാന്‍ കുതറിമാറാന്‍ ശ്രമിച്ചെങ്കിലും പോകാനനുവദിക്കാതെ ബലമായി എന്നെ പിടിച്ചുനിര്‍ത്തി കവറിങ് ലെറ്ററുമായി നല്‍കിയ സത്യവാങ്മൂലത്തില്‍ യുവതി പറയുന്നു. ''എന്നെ ചേര്‍ത്തുപിടിക്കൂ'' എന്ന് അദ്ദേഹം പറഞ്ഞു. അതേസമയം ആരോപണം അടിസ്ഥാനരഹിതവും ദുരുദ്ദേശപരവുമാണ് എന്ന് സുപ്രീം കോടതി സെക്രട്ടറി ജനറല്‍ പ്രതികരിച്ചു.
ഇതിന്റെ പിന്നില്‍ സുപ്രീം കോടതിയെ തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന ശക്തികളുണ്ട് എന്ന് സംശയിക്കുന്നതായി സുപ്രീം കോടതി സെക്രട്ടറി ജനറിലിന്റെ ഇ മെയിലില്‍ പറയുന്നു. ചീഫ് ജസ്റ്റിസിന്റെ ആവശ്യം തള്ളിക്കളഞ്ഞിതിനെ തുടര്‍ന്ന് യുവതിയെ റെസിഡന്‍സ് ഓഫീസില്‍ നിന്ന് പുറത്താക്കി. 2018 ഡിസംബറില്‍ സര്‍വീസില്‍ നിന്ന് തന്നെ പിരിച്ചുവിട്ടതായും പരാതിക്കാരി പറയുന്നു