ദേശീയം

ചീഫ് ജസ്റ്റിനെതിരായ ലൈംഗിക പീഡന പരാതിയിലെ ഗൂഢാലോചന അന്വേഷിക്കാന്‍ ഉത്തരവ്

ന്യൂഡല്‍ഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്കെതിരെയുള്ള ലൈംഗിക പീഡനാരോപണത്തിലെ ഗൂഢാലോചനയില്‍ സുപ്രീംകോടതി അന്വേഷണം പ്രഖ്യാപിച്ചു. റിട്ട.ജസ്റ്റിസ് എ.കെ.പട്നായിക്കിന്റെ നേതൃത്വത്തിലുള്ള സമിതി അന്വേഷിക്കണമെന്നാണ് സുപ്രീം കോടതി ഉത്തരവ്. അന്വേഷണ റിപ്പോര്‍ട്ട് സീല്‍വച്ച കവറില്‍ സമര്‍പ്പിക്കണം. അന്വേഷണത്തില്‍ പട്നായിക്കിന് വേണ്ട സഹായങ്ങള്‍ നല്‍കണമെന്ന് സിബിഐ ഡയറക്ടറോട് കോടതി നിര്‍ദ്ദേശിച്ചു. സിബിഐ, ഐബി, ഡല്‍ഹി പൊലീസ് സംയുക്ത അന്വേഷണമാണ് നടക്കുക. ഗൂഢാലോചനക്കാരുടെ പേരുകള്‍ വെളിപ്പെടുത്താത്തതിന് നിയമപരിരക്ഷയില്ലെന്ന് കോടതി വ്യക്തമാക്കി. പേരുകള്‍ പറയാന്‍ ആരോപണം ഉന്നയിച്ച അഭിഭാഷകന്‍ വിസമ്മതിച്ചിരുന്നു.

ഗൂഢാലോചന നടത്തിയത് അസംതൃപ്തരായ ജീവനക്കാരാണോ കോര്‍പറേറ്റുകളാണോ ഇടനിലക്കാരാണോ എന്ന് കണ്ടെത്തും വരെ അന്വേഷിക്കുമെന്ന് കഴിഞ്ഞ ദിവസം കോടതി പറഞ്ഞിരുന്നു. അതേസമയം, ആരോപണമുന്നയിച്ച മുന്‍ ജൂനിയര്‍ കോര്‍ട്ട് അസിസ്റ്റന്റായ യുവതിയോട് ഇന്ന് ഹാജരാകാന്‍ അവരുടെ പരാതിയെക്കുറിച്ച് അന്വേഷിക്കുന്ന ജസ്റ്റിസുമാരായ എസ്.എ. ബോബ്ഡെ, എന്‍.വി. രമണ, ഇന്ദിര ബാനര്‍ജി എന്നിവരുള്‍പ്പെട്ട സമിതി ആവശ്യപ്പെട്ടിട്ടുണ്ട്. പരാതിക്കാരിയില്‍ നിന്ന് ജഡ്ജിമാര്‍ നേരിട്ട് ചേംബറില്‍ വിശദീകരണം തേടും.
ചീഫ് ജസ്റ്റിസിനെ കുരുക്കാന്‍ വന്‍ശക്തികള്‍ കളിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തിയ അഭിഭാഷകന്‍ ഉത്സവ് സിങ് ബെയിന്‍സില്‍ നിന്ന് സത്യവാങ്മൂലവും തെളിവുകളും മുദ്രവച്ച കവറില്‍ ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, ആര്‍.എഫ്. നരിമാന്‍, ദീപക് ഗുപ്ത എന്നിവരുടെ ബെഞ്ച് ഇന്നലെ സ്വീകരിച്ചിരുന്നു.അതേസമയം, ഇന്ന് കോടതിയില്‍ ഹാജരായ ബെയിന്‍സ് ഗൂഢാലോചനയില്‍ ഉള്‍പ്പെട്ടവരുടെ പേര് വെളിപ്പെടുത്താന്‍ ആകില്ലെന്ന് വ്യക്തമാക്കി. ഇത് സംബന്ധിച്ച പുതിയ സത്യവാങ്മൂലവും അദ്ദേഹം സമര്‍പ്പിച്ചു. ഇതിനെ അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ എതിര്‍ത്തു. പീഡന ആരോപണവും ഗൂഢാലോചന വിഷയവും ഒരുമിച്ച് അന്വേഷിക്കണമെന്ന മുതിര്‍ന്ന അഭിഭാഷക ഇന്ദിരാ ജയ്‌സിങിന്റെ ആവശ്യം കോടതി തള്ളി.
എന്നാല്‍ ഇക്കാര്യത്തില്‍ സത്യമറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്നും അതില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ അഭിഭാഷകന് കഴിയില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ് ഗൂഢാലോചന സംബന്ധിച്ച് അന്വേഷണം പ്രഖ്യാപിച്ചത്. ഇതിനോടൊപ്പം സ്ത്രീ നല്‍കിയ പരാതി കൂടി പരിശോധിക്കണമെന്ന് അഭിഭാഷകര്‍ ആവശ്യപ്പെട്ടെങ്കിലും പട്നായിക്കിന്റെ റിപ്പോര്‍ട്ട് കിട്ടിയ ശേഷം പരിഗണിക്കാമെന്നാണ് കോടതി പറഞ്ഞത്. അതിനിടെ ചീഫ് ജസ്റ്റിസിനെതിരായ ഗൂഢാലോചന ആരോപണം അന്വേഷിക്കാനുള്ള ഉത്തരവിനെതിരെ സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജെയ്സിങ് രംഗത്തെത്തി. പരാതിയെപ്പറ്റിയല്ല, പരാതിയാണ് അന്വേഷിക്കേണ്ടത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് പദവിയില്‍ നിന്ന് മാറിനിന്ന് അന്വേഷണം നേരിടണമെന്നും അഡ്വ. ഇന്ദിര ആവശ്യപ്പെട്ടു.
  • എല്ലാ പ്രിയ വായനക്കാര്‍ക്കും ഈസ്റ്റര്‍ ആശംസകള്‍
  • എല്ലാ വായനക്കാര്‍ക്കും ക്രിസ്മസ് ആശംസകള്‍
  • എല്ലാ പ്രിയ വായനക്കാര്‍ക്കും പുതുവത്സര ദിനാശംസകള്‍
  • എല്ലാ പ്രിയ വായനക്കാര്‍ക്കും ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകള്‍
  • എല്ലാ പ്രിയ വായനക്കാര്‍ക്കും തിരുവോണാശംസകൾ
  • എല്ലാ പ്രിയ വായനക്കാര്‍ക്കും ക്രിസ്മസ് ആശംസകള്‍
  • എല്ലാ വായനക്കാര്‍ക്കും ഓണാശംസകള്‍
  • എല്ലാ പ്രിയ വായനക്കാര്‍ക്കും ഈസ്റ്റര്‍ ആശംസകള്‍
  • പ്രതിദിനം 136 അക്രമസംഭവങ്ങള്‍; ഇംഗ്ലണ്ടില്‍ കുറ്റകൃത്യങ്ങള്‍ കുതിയ്ക്കുന്നു
  • എല്ലാ പ്രിയ വായനക്കാര്‍ക്കും ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകള്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions