അമേഠി: കടുത്ത മത്സരം നടത്തുന്ന അമേഠി മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ പ്രചരണവുമായി സരിതാ നായരും. പച്ചമുളക് ചിഹ്നത്തിലാണ് സരിതാ നായര്‍ അവിടെ മത്സരിക്കുന്നത്. സരിതയുടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിത്വം ബിജെപി പ്രചരണത്തിനായി ഉപയോഗിക്കുന്നുണ്ട്. തിരുവനന്തപുരം മലയിന്‍കീഴ് വിളവൂര്‍ക്കലിലെ വീട്ടുവിലാസത്തിലാണ് പത്രിക സമര്‍പ്പിച്ചിരിക്കുന്നത്. രാഹുല്‍ ഗാന്ധി മത്സരിക്കുന്ന വയനാട്ടിലും സരിത നാമനിര്‍ദ്ദേശ പത്രിക നല്‍കിയിരുന്നു. എന്നാല്‍ ചില കേസുമായി ബന്ധപ്പെട്ട വിശദരേഖകള്‍ ഹാജരാക്കാനാവാതിരുന്നതിനാല്‍ പത്രിക തള്ളി. എറണാകുളം ലോക്‌സഭാ മണ്ഡലത്തില്‍ നല്‍കിയ പത്രികയും തള്ളിപ്പോയി.
നേരത്തെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നിശ്ചയിച്ചിരുന്ന രണ്ട് മണ്ഡലങ്ങളിലും നാമനിര്‍ദ്ദേശ പത്രികകള്‍ തള്ളിയ നടപടിക്കെതിരെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി സരിത എസ് നായര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. താന്‍ മത്സരിക്കാന്‍ തീരുമാനിച്ചത് വമ്പന്മാര്‍ക്കെതിരെയാണ്. പത്രിക തള്ളിയതിന് പിന്നില്‍ രാഷ്ട്രീയക്കളിയുണ്ടെന്നും സരിത എസ് നായര്‍ പരാതിപ്പെട്ടിരുന്നു.
സോളാര്‍ തട്ടിപ്പ് കേസില്‍ സരിതയെ മൂന്ന് വര്‍ഷത്തേക്ക് ശിക്ഷിച്ച് കൊണ്ടുള്ള ഉത്തരവ് നിലവിലുണ്ട്. ജനപ്രാതിനിധ്യനിയമ പ്രകാരം രണ്ട് വര്‍ഷത്തില്‍ കൂടുതല്‍ ശിക്ഷ ലഭിച്ചവര്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിയില്ല. ഇത് ചൂണ്ടിക്കാട്ടിയാണ് സരിതയുടെ പത്രികകള്‍ തള്ളിയത്. സരിത വിധിക്കെതിരെ സ്റ്റേ വാങ്ങിയിരുന്നെങ്കിലും അനുവദിച്ച സമയത്തിനുള്ളില്‍ ഈ ഉത്തരവ് സമര്‍പ്പിക്കാത്തതിനാലാണ് പത്രിക തള്ളുന്നതെന്നാണ് കമ്മീഷന്റെ വിശദീകരണം. എന്നാല്‍, അമേഠിയില്‍ സരിതയുടെ പത്രിക സ്വീകരിക്കുകയും ചെയ്തു.
രാഹുല്‍ ഗാന്ധിയുടെ നിലപാട് സ്ത്രീ വിരുദ്ധതയാണെന്ന് ദേശീയതലത്തില്‍ വരുത്തി തീര്‍ക്കാന്‍ വേണ്ടിയുള്ള ബിജെപിയുടെ അജണ്ടയാണ് സരിതയെ അമേഠിയില്‍ മത്സരിക്കാന്‍ ഇറക്കിയതെന്ന ആക്ഷേപം നിലവിലുണ്ട്. രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തനും കോണ്‍ഗ്രസ്സിന്റെ സംഘടനാ ചുമതലയുള്ള ദേശീയ ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍, ഹൈബി ഈഡന്‍ എന്നിവര്‍ക്കെതിരെ സരിത നല്‍കിയ പരാതിയില്‍ അന്വേഷണം നടത്തി എഫ്‌ഐആര്‍ ഇട്ടിട്ടും രാഹുല്‍ ഗാന്ധി നടപടി എടുത്തില്ല എന്നതാണ് സരിത ഉന്നയിക്കുന്ന ആക്ഷേപം.