ന്യൂഡല്‍ഹി: ആഞ്ഞുവീശിയ മോദി തരംഗത്തില്‍ കോണ്‍ഗ്രസ് തകര്‍ന്നടിയുമ്പോള്‍ പ്രതിപക്ഷ സ്ഥാനം പോലും നഷ്ടപെടുന്ന സാഹചര്യം. ലോക്സഭയില്‍ പ്രതിപക്ഷ നേതാവാകാന്‍ ചുരുങ്ങിയത് 54 സീറ്റുകളെങ്കിലും വേണം. എന്നാല്‍ നിലവില്‍ 51 സീറ്റുകളില്‍ മാത്രമേ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ ലീഡ് ചെയ്യുന്നുള്ളൂ. ഇതിന് പുറമെ പാര്‍ട്ടി അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഉത്തര്‍പ്രദേശിലെ അമേത്തിയില്‍ നടത്തിയ ദയനീയ പരാജയവും കോണ്‍ഗ്രസിന് തിരിച്ചടിയാണ്.ബാക്കിയിടത്തെല്ലാം ബി.ജെ.പി അടക്കമുള്ള സ്ഥാനാര്‍ത്ഥികള്‍ ഉയര്‍ത്തിയ വെല്ലുവിളി കോണ്‍ഗ്രസിന് നേരിടാനായില്ലെന്ന് വേണം കരുതാന്‍. അതേസമയം, ബി.ജെ.പി തങ്ങളുടെ മുന്നേറ്റം തുടരുകയാണ്. ഇപ്പോള്‍ ഏതാണ്ട് 342 സീറ്റുകളിലും യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളാണ് മുന്നിട്ട് നില്‍ക്കുന്നത്. എന്നാല്‍ തമിഴ്‌നാടില്‍ ഡി.എം.കെ മുന്നേറ്റമാണ് കണ്ടത്.
തൂത്തുക്കുടിയില്‍ കനിമൊഴി വന്‍ മുന്നേറ്റമാണ് നടത്തുന്നത്. തൊട്ടു പിന്നിലുള്ളത് ബി.ജെ.പിയുടെ തമിഴിസൈ സൗന്ദരരാജനാണ്. ചെന്നൈയില്‍ ഡി.എം.കെ കോട്ടയായി മാറിയിരിക്കുകയാണ്. ചെന്നൈ സെന്‍ട്രലില്‍ ദയാനിധിമാരനും ഏറെ മുന്നിലാണ്. ഇതിനിടെ തമിഴ്‌നാട്ടില്‍ പോസ്റ്റല്‍ വോട്ട് എണ്ണുനിടത്തു നിന്നും മാദ്ധ്യമപ്രവര്‍ത്തകരെ വിലക്കിയത് നേരിയ സംഘര്‍ഷത്തിനിയാക്കി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എ.ഐ.എ.ഡി.എം.കെയുടെ തേരോട്ടം കാണാന്‍ കഴിഞ്ഞെങ്കില്‍ ഇത്തവണ ഡി.എം.കെയുടെ ആധിപത്യമാണ് ആദ്യ സൂചനകള്‍ പുറത്തു വരുമ്പോള്‍ മനസിലാകുന്നത്. ജയലളിതയുടെ അഭാവം എ.ഐ.എ.ഡി.എം.കെയ്ക്ക് കനത്ത തിരിച്ചടിയേല്‍പ്പിച്ചിരിക്കുകയാണ്. ബി.ജെ.പിയ്ക്ക് ഒരു സീറ്റില്‍ പോലും മുന്നേറ്റമില്ല.
അതേസമയം കര്‍ണാടകയില്‍ ബി.ജെ.പി മുന്നേറ്റമാണ് പ്രകടമാകുന്നത്. വളരെ പിന്നിലുള്ള ജെ.ഡി.എസും കോണ്‍ഗ്രസും ഞെട്ടലിലാണ്. ജഗന്‍ മോഹന്‍ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള വൈ.എസ്.ആര്‍ കോണ്‍ഗ്രസ് ആന്ധ്രാപ്രദേശില്‍ ശക്തമായ മുന്നേറ്റത്തിലാണ്. എന്നാല്‍ തെലുങ്കു ദേശം പാര്‍ട്ടി 25 സീറ്റില്‍ രണ്ടു സീറ്റുകളില്‍ മാത്രമായി ഒതുങ്ങിയിരിക്കുകയാണ്. ഇത് ആന്ധ്രാപ്രദേശില്‍ ചന്ദ്രബാബു നായിഡുവിന് കനത്ത തിരിച്ചടിയേകിയിരിക്കുകയാണ്. തെലങ്കാനയില്‍ ചന്ദ്രശേഖര്‍ റാവുവിന്റെ നേതൃത്വത്തിലുള്ള ടി.ആര്‍.എസ് തൂത്തുവാരുമെന്നാണ് ആദ്യ സൂചനകള്‍ വ്യക്തമാക്കുന്നത്. 17 സീറ്റില്‍ മൂന്നെണ്ണത്തില്‍ ബി.ജെ.പി ലീഡ് തുടരുകയാണ്.